ശബരിമല തീർഥാടനം കുറ്റമറ്റതാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും തുടങ്ങി : ദേവസ്വം മന്ത്രി വി.എൻ. വാസവൻ
എരുമേലി : ഈ സീസണിലെ ശബരിമല തീർഥാടനം കുറ്റമറ്റതാക്കാൻ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും നേരത്തേതന്നെ തുടങ്ങിയതായി ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
മുമ്പൊരിക്കലും നടത്തിയിട്ടില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലുണ്ടായ ചെറിയ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഒക്‌ടോബർ 29ന് പമ്പയിൽ ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗം നടക്കും. അതിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അന്തിമയോഗം നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ കവാടമായി മാത്രമല്ല മതസൗഹാർദത്തിന്റെ മകുടോദാഹരണമായുമാണ് എരുമേലിയെ സംസ്ഥാന സർക്കാർ കാണുന്നതെന്നും കാണുന്നതെന്നും മന്ത്രി പറഞ്ഞു. ശബരിമലതീർഥാടകർക്ക് എരുമേലിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി പാർക്കിങ് സൗകര്യം വിപുലീകരിക്കും. ഇതിനായി എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള ആറരയേക്കർ സ്ഥലം ശുചിമുറി സൗകര്യങ്ങൾ അടക്കമുള്ളവ സജ്ജമാക്കി നൽകാമെന്ന് റവന്യൂവകുപ്പ് അറിയിച്ചിട്ടുണ്ടെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ശബരിമല ഡ്യൂട്ടിക്ക് പരിചയസമ്പന്നരായ പോലീസുകാരെ നിയോഗിക്കും. മടങ്ങിപ്പോകുന്ന തീർഥാടകർ അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ജില്ലയിൽ പലയിടങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ വിശ്രമകേന്ദ്രങ്ങളും കാപ്പിയും ചെറുപലഹാരങ്ങളും നൽകാൻ സംവിധാനം ഒരുക്കും.
കാനനപാതയിലൂടെ തീർഥാടകർക്ക് പാമ്പുകടിയേൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ആതുരാലയങ്ങളിലും മതിയായ ആന്റി വെനം കരുതാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഈ സീസണിൽ 100 ഡോക്ടർമാരുടെ സേവനം ശബരിമല സേവനത്തിന് നൽകാമെന്ന് ഡോക്ടർമാരുടെ സന്നദ്ധ സംഘടന അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡുമായി ആലോചിച്ച് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
തീർഥാടകരുടെയും മോട്ടോർ വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങൾ അടക്കമുള്ള ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് എരുമേലിയിൽ കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ ഏർപ്പാടാക്കും.
എരുമേലിയിലെ മാലിന്യസംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും പദ്ധതികൾ നടപ്പാക്കും. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌കരണത്തിനായി സജ്ജമാക്കിയിട്ടുള്ള ചങ്ങനാശേരി നഗരസഭയിലെ മൊബൈൽ സെപ്റ്റിക് മാലിന്യസംസ്‌കരണ യൂണിറ്റ് തീർഥാടനകാലത്ത് എരുമേലിക്കു ലഭ്യമാക്കും. ലഹരിപദാർഥങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായി കടകൾ, ബസ് സ്റ്റാൻഡുകൾ, കാനനപാതകൾ എന്ന കേന്ദ്രീകരിച്ചു എക്‌സൈസ് -പോലീസ് വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കും.
ആചാരങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളിൽ ഭക്തരെ കച്ചവടക്കാർ ചൂഷണം ചെയ്യുന്നത് തടയാൻ കർശന നടപടിയെടുക്കും. ഇത്തരം വസ്തുക്കൾക്കു തോന്നിയതുപോലെ വില ഈടാക്കാൻ അനുവദിക്കില്ല. കോട്ടയം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വകുപ്പുകളുടെയും ബന്ധപ്പെട്ടവരുടേയും യോഗം വിളിച്ചു ചേർത്തു വില ഏകീകരിക്കും. പാർക്കിങ് ഫീസും ശുചിമുറി ഉപയോഗത്തിനുള്ള ഫീസും ഏകീകരിക്കാൻ നടപടിയുണ്ടാകും. തീർഥാടകർക്ക് 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കും.
ഏറ്റുമാനൂർ, തിരുനക്കര, കടപ്പാട്ടൂർ, എരുമേലി തുടങ്ങി ജില്ലയിലെ ശബരിമല ഇടത്താവളങ്ങളിൽ എത്തുന്ന തീർഥാടകരുടെ വാഹനങ്ങളുടെ എണ്ണവും തോതും കണക്കിലെടുത്ത് ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുംമുമ്പ് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. അപകടമേഖലയായ കണമലയിൽ റിക്കവറി വാഹനങ്ങളെയും റെസ്‌ക്യൂ ടീമിനെയും സ്ഥിരമായി നിയോഗിക്കുന്നത് പരിഗണിക്കും. വസ്ത്രങ്ങൾ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പാക്കും. അതിഥി സൽക്കാരത്തിന്റെ മാതൃകയായി ഏരുമേലിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, റവന്യൂ ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്്ണകുമാർ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ദേവസ്വം ബോർഡ്് അംഗം ജി. സുന്ദരേശൻ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ശ്രീധരശർമ, ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ, തദ്ദേശ സ്വയം ഭരണസ്ഥാപന പ്രതിനികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അയ്യപ്പ സേവാ സംഘം പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.