കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയുടെ 1.86 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിനിയായ 68 വയസ്സുള്ള വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച്, ഓൺലൈനായി , പലപ്പോഴായി ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് ചന്ദ്രശേരി വീട്ടിൽ സലീഷ് കുമാർ (47) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് സലീഷ് കുമാർ.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐ.യിൽ നിന്നുമാണെന്ന് പറഞ്ഞു വിളിക്കുകയും, മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ (Money laundering) നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം (1,86,62,000) രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

സെപ്റ്റംബർ ഒന്നിന് അവരുടെ ഫോണിലേക്കു സിബിഐ ഓഫിസിൽ നിന്നെന്നു പറഞ്ഞു വിളിയെത്തി. ഇവരുടെ പേരും കുടുംബവിവരങ്ങളും പറഞ്ഞശേഷം അതു ശരിയല്ലേയെന്നു ചോദിച്ചു. തുടർന്നു വിഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു. വിഡിയോ കോളിൽ സിബിഐ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി യൂണിഫോമിലുള്ള ഒരാളെത്തി. തുടർന്ന് ഇവരോടു ബാങ്ക് വിവരങ്ങൾ പറഞ്ഞു.

മുംബൈയിലെ ബാങ്കിലുള്ള ഇവരുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയെന്നും കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വ്യാജമായി നിർമിച്ച അറസ്റ്റ് വാറന്റ് വിഡിയോ കോളിൽ കാണിച്ചു.

ഇവർ പരിഭ്രാന്തയായെന്നു കണ്ടതോടെ കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ പണം തരണമെന്നാവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നു കാഞ്ഞിരപ്പള്ളി സ്വദേശിനി പല തവണകളായി 1.86 കോടി തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. പണം കൈമാറിയ വിവരം ബന്ധുക്കളുമായി പങ്കുവച്ചപ്പോഴാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടത്.തുടർന്നു കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം സലീഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ശ്യാംകുമാർ കെ.ജി, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ശ്രീരാജ്, ശ്രീജിത്ത്, ശ്യാം.എസ്. നായർ, വിമൽ ബി.നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സലീഷ് കുമാറിന് തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

error: Content is protected !!