സി. എച്ച്. ആര്‍. -കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി.

കാഞ്ഞിരപ്പള്ളി: ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി-സി. എച്ച്. ആര്‍. പട്ടയം നല്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാര്‍ഷികവിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകരെയും ഉള്‍പ്പെടുത്തി ചിന്തിക്കേണ്ടതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി.

സുപ്രീംകോടതി വിധി തീര്‍പ്പിനെ ആദരിക്കുന്നു. എന്നാല്‍ പ്രസ്തുത വിധിയെ കര്‍ഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനിടയാകരുത്. കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദ്ദേശിച്ചുള്ള നിയമങ്ങളെ യഥാര്‍ത്ഥ കര്‍ഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം.

സാധാരണക്കാരുടെ മനസ്സറിഞ്ഞ് കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കപട പരിസ്ഥിതിവാദികളുടെ അവസരവാദ രാഷ്ട്രീയത്തിന് അടിയറവ് പറയുന്നതിന് ഇടയാവാത്ത വിധത്തില്‍ കര്‍ഷക അവകാശങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ചു മുന്നേറുവാന്‍ എല്ലാ തലങ്ങളിലുമുള്ള ജനങ്ങള്‍ തയ്യാറാകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി അഭ്യര്‍ത്ഥിച്ചു.

error: Content is protected !!