എരുമേലി പഞ്ചായത്ത് : വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം 14 ന്
എരുമേലി : എരുമേലി പഞ്ചയായത്ത് പ്രസിഡന്റ് സ്ഥാനം അട്ടിമറി വിജയത്തോടെ കൈയടക്കിയ എൽഡിഎഫ് , ഇനി വൈസ് പ്രസിഡന്റ് സ്ഥാനവും കൈയടക്കുവാനുള്ള ശ്രമം ആരംഭിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കലിന് എതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി. 14 ന് ചർച്ചയ്ക്കെടുക്കും.
കോൺഗ്രസിന്റെ പിന്തുണയോടെയാണ് ബിനോയ് ഇലവുങ്കൽ വൈസ് പ്രസിഡന്റ് ആയത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മറിയാമ്മ സണ്ണി കാലുമാറി എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയി. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റിന് എതിരെ അവിശ്വാസം കൊണ്ടുവരാൻ എൽഡിഎഫ് നോട്ടിസ് നൽകിയത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറുടെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തുക. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് 11, സിപിഎം 10, സിപിഐ ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോൺഗ്രസ് ഭൂരിപക്ഷം നേടി ഭരിച്ചത്. എന്നാൽ എന്നാൽ കോൺഗ്രസ് അംഗം മറിയാമ്മ സണ്ണി കൂറ് മാറി എൽഡിഎഫിനൊപ്പം ചേർന്നതോടെ കോൺഗ്രസിന്റെ അംഗബലം 10 ആയി ചുരുങ്ങി .
കോൺഗ്രസ് അംഗമായിരിക്കെ ഇടതുപക്ഷ പിന്തുണയിൽ പ്രസിഡന്റ് ആയ മറിയാമ്മ സണ്ണിയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം അയോഗ്യത പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹർജി സ്വീകരിച്ച കമ്മീഷൻ പ്രാഥമിക നടപടി ആരംഭിച്ചിട്ടില്ല.
കോൺഗ്രസ് വിമതയുടെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ച ഇടതുപക്ഷത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം അവിശ്വാസ പ്രമേയം പാസാക്കി നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. അവിശ്വാസ പ്രമേയം പാസായാൽ വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് വേണമെന്നാണ് ഇടതുമുന്നണിയിൽ സിപിഎം ആവശ്യം അറിയിച്ചിരിക്കുന്നത്.