പേട്ടതുള്ളൽ സാമഗ്രികൾ : കൊള്ളവില ആവശ്യപ്പെട്ട് എരുമേലിയിലെ കച്ചവടക്കാർ ; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ
എരുമേലി ∙ തീർഥാടന കാലത്ത് പേട്ടതുള്ളൽ സാമഗ്രികൾ വിൽക്കുന്നതിന് എരുമേലിയിലെ താൽക്കാലിക കച്ചവടക്കാർ ആവശ്യപ്പെടുന്നത് ശബരിമലയിൽ നിശ്ചയിച്ചതിനെക്കാൾ അഞ്ചിരട്ടി തുക. ശബരിമലയിലെ ലേല വ്യവസ്ഥയിലാണ് ശരംകുത്തിയിൽ ഒരു ശരക്കോലിനു പരമാവധി 10 രൂപ ദേവസ്വം ബോർഡ് വില നിശ്ചയിച്ചത്. അതേസമയം എരുമേലിയിൽ ഒരു ശരക്കോലിന് 50 രൂപ വേണമെന്നാണ് താൽക്കാലിക കച്ചവടക്കാർ സബ് കലക്ടർ ഡി.രഞ്ജിത്ത് വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടത്. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വില സംബന്ധിച്ച് കലക്ടർ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എരുമേലിയിൽ ശരക്കോലിന് അന്യായ വില നിശ്ചയിക്കാൻ പാടില്ലെന്നാണ് ശബരിമല അയ്യപ്പ സേവാസമാജവും ഹിന്ദു സംഘടനകളും ആവശ്യപ്പെടുന്നത്. തീർഥാടകർ എരുമേലിയിൽ വലിയ ചൂഷണമാണു നേരിടുന്നതെന്ന് ജില്ലാ ഭരണകൂടത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണു ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം പേട്ടതുള്ളലിന് ഉപയോഗിക്കുന്ന ശരക്കോൽ, പേട്ടക്കമ്പ്, അരക്കച്ച, കിരീടം, ഗദ എന്നിവയ്ക്ക് ആദ്യമായി വില നിർണയിക്കുന്നത്. പേട്ടതുള്ളൽ സാധനങ്ങൾക്കു വില നിശ്ചയിക്കാത്തതിനാൽ തീർഥാടകരിൽ നിന്ന് അമിത വില ഈടാക്കിയാലും ലീഗൽ മെട്രോളജി വിഭാഗത്തിനു കേസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ വില നിശ്ചയിക്കുന്നത്. വളരെ തുച്ഛമായ തുകയാണ് പേട്ടതുള്ളൽ സാധനങ്ങൾ നിർമിക്കുന്ന മറ്റന്നൂർക്കര ലക്ഷംവീട് കോളനി നിവാസികൾക്കു ലഭിക്കുന്നത്. കച്ചവടക്കാരും ഇടനിലക്കാരും പണം തട്ടുകയാണെന്ന് ഇവർക്കു പരാതിയുണ്ട്.