ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള നവംബർ 14, 15 തീയതികളിൽ..

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) യുടെയും പങ്കാളിത്തത്തോടെ നവംബർ 14, 15 തീയതികളിൽ മരിയൻ കോളേജിൽ വച്ച് നടത്തുന്ന ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള പ്രശസ്ത മലയാള സിനിമാ താരവും മികച്ച അഭിനേത്രിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വിൻസി അലോഷ്യസ് ഉൽഘാടനം ചെയ്യും. സ്ത്രീപക്ഷ സിനിമകൾ ആസ്പദമാക്കി ‘SHE’ (Stories of Her Empowerment) എന്നാണ് കിഫിൻ്റെ ഇത്തവണത്തെ പതിപ്പിന് പേര് നൽകിയിരിക്കുന്നത്. പീരുമേട് എംഎൽഎ വാഴൂർ സോമൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ അജിമോൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് തുടങ്ങിയവർ മേളയിൽ സംസാരിക്കും.

സ്ത്രീ, സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് ഈ വർഷം മേളയിൽ പ്രദർശിപ്പിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ചിത്രങ്ങൾ മേളയുടെ ഭാഗമാകും. മേളയോടനുബന്ധിച്ച് പതിവായി നടത്തിവരുന്ന ഹ്രസ്വചിത്ര മത്സരവും ഡോക്യുമെന്ററി മത്സരവും ഇത്തവണയും ഉണ്ടായിരിക്കും. മികച്ച ഹ്രസ്വ ചിത്രത്തിന് പതിനായിരം രൂപയും മികച്ച ഡോക്യൂമെന്ററി ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരവും നൽകുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മാസ്റ്റർ ക്ലാസ്, കലാസന്ധ്യ എന്നീ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വർഷങ്ങളായി നടന്നു വരുന്ന കിഫ് കേരളത്തിലെ ക്യാമ്പസുകളിൽ നടത്തപെടുന്ന ചലച്ചിത്രമേളകളിൽ പ്രധാനപെട്ടതാണ്. കാലാകാലങ്ങളിൽ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതിൽ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്. 2018ൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത  വിളിച്ചോതുന്ന ചിത്രങ്ങളുമായി  ‘മൽഹാർ’, 2019ൽ അധികാരത്തിന്റെ സെൻസർ കത്രികകൾക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘കത്രിക’, 2020ൽ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങൾ അവതരിപ്പിച്ച ‘ചാപ്പ’,  2021ൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന ‘തീരം’, 2022ൽ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച ‘സിര’, 2023ൽ യുദ്ധാന്തര ജീവിതങ്ങളുടെ നേർകാഴ്ച്ചയായി മാറിയ ‘കലിംഗ’ എന്നിവയായിരുന്ന കിഫിന്റെ മുൻപതിപ്പുകൾ. സംവിധായകരായ ജിയോ ബേബി, ജോണി ആൻ്റണി, ഷാഹി കബീർ, ഡോ.  ബിജു, അരുൺ ബോസ്, പി. വിജയകൃഷ്ണൻ, എഡിറ്റർ രഞ്ജൻ എബ്രാഹം, കവി വയലാർ ശരത്ചന്ദ്രവർമ്മ, ഛായാഗ്രഹകൻ സണ്ണി ജോസഫ്, ചലച്ചിത്ര നിരൂപകൻ മധു ഇറവങ്കര തുടങ്ങിയവർ മുൻകാലങ്ങളിൽ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി  സംവദിക്കുകയും ചെയ്തിട്ടുണ്ട്.

മേളയുടെ രക്ഷാധികാരി പ്രൊഫ. എം. വിജയകുമാർ, ഡയറക്ടർ ഫാ. സോബി തോമസ് കന്നാലിൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റുഡന്റ് കോ- ഓർഡിനേറ്റേഴ്സ് ഐശ്വര്യ ലക്ഷ്മി എം എസ്, അജിൻ ജിജി, അഞ്ചൽ, അധ്യാപകരായ കാർമൽ മരിയ ജോസ്, ഗിൽബെർട്ട് എ ആർ, ജോബി എൻ ജെ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകും. മേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ തന്നിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/VC2umzLcVmMnCCuDA .കൂടുതൽ വിവരങ്ങൾക്ക് 9061396337, 9562779455 എന്നീ നമ്പറുകൾ ബന്ധപ്പെടുക.

error: Content is protected !!