മലയോര മേഖലയിൽ കടന്നൽ ആക്രമണം പതിവ് : കടന്നൽ കുത്താൻ വന്നാൽ എന്തു ചെയ്യണം ? എങ്ങനെ രക്ഷപെടാം ?
കഴിഞ്ഞ ദിവസം പുഞ്ചവയൽ പാക്കാനത്ത് അമ്മയും മകളും കടന്നൽ കുത്തേറ്റ് മരിച്ചതോടെ കടന്നലുകളുടെ ആക്രമണത്തെപ്പറ്റി കൂടുതൽ ചർച്ചകൾ നടക്കുന്നു. പുഞ്ചവയൽ പാക്കാനം കാവനാൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (110), മകൾ തങ്കമ്മ (82) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടു 4നു വീട്ടുമുറ്റത്തു നിന്ന ഇവരെ കടന്നലുകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
മുൻപ് സമാന രീതിയിൽ മലയോര മേഖലയിൽ പലപ്പോഴും കടന്നൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടകടത്തി കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി മുണ്ടക്കയം സ്വദേശി ബിജു ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിനു സമീപത്തെ പനയിൽ കയറിയപ്പോൾ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. തേനീച്ചകളിൽ നിന്ന് രക്ഷ തേടി ബിജു പനയിൽ നിന്നു വെപ്രാളത്തിൽ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ തേനീച്ചക്കൂട്ടം ബിജുവിന്റെ പിന്നാലെ ഏറെ ദൂരം പിന്തുടർന്നു. സമീപത്തെ ജലാശയത്തിൽ മുങ്ങിക്കിടന്നു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും തേനീച്ചക്കൂട്ടം ചുറ്റും വട്ടമിട്ടു പറന്നു. അവിടെ നിന്ന് തൊട്ടടുത്തുള്ള ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ ബിജു അവശ നിലയിലെത്തി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം കാറിൽ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചാണ് ബിജുവിന്റെ ജീവൻ രക്ഷിച്ചത്.
സമാന വിധത്തിൽ കടന്നലുകളുടെ ആക്രമണത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലെ തൊഴിലാളിയായ മേത്തനത്ത് ജോയിക്കുട്ടിക്ക് (52) ഗുരുതര നിലയിൽ പരുക്കേറ്റിരുന്നു. മുഖത്തും തലയിലുമായി 20 കുത്തുകളാണ് ഏറ്റത്. ജോയിക്കുട്ടി റബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കടന്നൽ കൂട്ടമായി ആക്രമിച്ചത്. കടന്നലുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി എരുമേലി – പേരൂർത്തോട് റോഡിലേക്ക് ഓടിക്കയറി. എന്നാൽ കടന്നൽക്കൂട്ടം ജോയിക്കുട്ടിയെ വിടാതെ പിന്തുടർന്നു. ഇതുകണ്ട് അവിടെനിന്ന നാട്ടുകാർ ഓടി രക്ഷപ്പെട്ടു. കടന്നലുകൾ പിന്നാലെ കൂടി വീണ്ടും കുത്തിയതോടെ ജോയിക്കുട്ടി പ്രാണരക്ഷാർഥം എസ്റ്റേറ്റിലേക്ക് തന്നെ ഓടി. റോഡിലൂടെ കടന്നുപോയ വാഹനയാത്രക്കാർ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസിൽ എസ്റ്റേറ്റിലെത്തി ജോയിക്കുട്ടിയെ എരുമേലി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു.
കടന്നൽ, കുളവി എന്നിവയുടെ ആക്രമണം ഉണ്ടായാൽ ആദ്യം സ്വയം സുരക്ഷിതസ്ഥാനത്തേക്കു മാറുകയാണു വേണ്ടത്. കുത്തേൽക്കുന്ന ആളെ കടന്നലുകൾ കൂട്ടമായി പിന്നാലെ വന്ന് ആക്രമിക്കും. ഇവ ആദ്യം തലയിലും മുഖത്തുമാണു കുത്തുന്നത്. ആദ്യം തന്നെ തലയും മുഖവും സുരക്ഷിതമാക്കണം. ഹെൽമറ്റ് ഉപയോഗിക്കാം. ചാക്ക്, കട്ടിയുള്ള തുണി എന്നിവയുണ്ടെങ്കിൽ അതുകൊണ്ടു തലയും മുഖവും ദേഹവും മൂടണം. കാറുപോലെയുള്ള വാഹനങ്ങൾ ഉണ്ടെങ്കിൽ ഉള്ളിൽക്കയറി ഗ്ലാസിട്ട് ഇരിക്കാം. വെള്ളത്തിൽ മുങ്ങി കിടന്നാൽ രക്ഷപെടാം ..
അലർജി മൂലമുള്ള റിയാക്‌ഷനാണു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമാകുന്നത്. കടന്നലുകൾ കുത്തിയാൽ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കാനും കഴിയും.
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ഒന്നോ രണ്ടോ കുത്തു കിട്ടിയാലും അതു ഗുരുതരമാകാറില്ല. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമായേക്കാം. കൂടുതൽ അളവിൽ കുത്തേൽക്കുന്നതും സ്ഥിതി ഗുരുതരമാക്കും.
കടന്നലിന്റെ കുത്തേറ്റാൽ ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലരിൽ കടന്നലിന്റെ കുത്തേറ്റു 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.