മലഅരയ സമുദായത്തിന്റെ കാനനപാത പൂജ
എരുമേലി ∙ മല അരയ സമുദായം നടത്തിവരുന്ന കാനനപാത പൂജ നാളെ 10നു കാളകെട്ടി അഴുതക്കടവിൽ നടക്കും. കാനനപൂജയ്ക്കു മുന്നോടിയായി ആനക്കല്ല് ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് അഴുതക്കടവിലേക്ക് 9നു ശരണമന്ത്ര പ്രയാണം നടത്തും. ഭജനയും പ്രാർഥനയും ശരണമന്ത്രഘോഷങ്ങളും പരമ്പരാഗത ഐവർകളിയും ശരണമന്ത്രയാത്രയിൽ ഉണ്ടാകും.
അഴുതക്കടവിൽ പാരമ്പര്യവിധി പ്രകാരം നടക്കുന്ന പൂജയ്ക്ക് രാജൻ മേനോത്ത് നേതൃത്വം നൽകും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.കെ.സജി അധ്യക്ഷത വഹിക്കും.
പരമ്പരാഗത പൈതൃക കാനനപാതയിൽ ശബരിമല തീർഥാടന കാലത്തു കൊണ്ടുവരുന്ന സമയ നിയന്ത്രണം ഘട്ടംഘട്ടമായി കാനനപാത അടയ്ക്കാനുള്ള നീക്കമാണെന്ന് ഐക്യ മലഅരയ മഹാസഭ ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മാത്രം നേരിട്ടു വരുമാനം ലഭിക്കുന്നതിനു വേണ്ടിയാണ് കാനനപാതയിലെ പരമ്പരാഗത ക്ഷേത്രങ്ങൾ ഒഴിവാക്കുന്നതിനു സർക്കാരും ദേവസ്വം ബോർഡും ജില്ലാ ഭരണകൂടങ്ങളും കാനനപാതയിൽ തീർഥാടകർക്കു സമയനിയന്ത്രണം കൊണ്ടുവരുന്നത്.
തീർഥാടന കാലങ്ങളിൽ 24 മണിക്കൂറും തീർഥാടകർ കാൽനടയായി പോയിരുന്ന കാനനപാതയിൽ കോവിഡ് കാലം മുതലാണ് സമയനിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ തീർഥാടന സമയത്ത് കാനനപാതയിലൂടെ നടന്നുപോകാൻ കഴിയാതെ പതിനായിരക്കണക്കിനു തീർഥാടകർ ഓരോ വർഷവും തിരികെപ്പോകുന്നുണ്ട്.
സർക്കാരിന്റെ ഈ നടപടിക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ സമര പരിപാടികൾ ആരംഭിക്കുമെന്ന് മലഅരയ ആത്മീയ പ്രസ്ഥാനമായ അയ്യപ്പ ധർമസംഘം സംസ്ഥാന പ്രസിഡന്റ് കെ.എൻ.പത്മനാഭൻ, ജനറൽ സെക്രട്ടറി സി.എൻ.മധുസൂദനൻ, മല അരയ മഹാസഭ ജില്ലാ പ്രസിഡന്റ് കെ.ഡി.രാധാകൃഷ്ണൻ, സെക്രട്ടറി കെ.കെ.രാജൻ എന്നിവർ അറിയിച്ചു.