ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റെത്തി.
എരുമേലി ∙ മലിനീകരണം തടയുന്നത് ശുചിമുറി മാലിന്യങ്ങൾ അതത് സ്ഥലങ്ങളിൽ വച്ചു തന്നെ സംസ്കരിക്കുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ശുചിമുറി മാലിന്യങ്ങൾ അവിടെ വച്ചു തന്നെ സംസ്കരിച്ച് ജലവും ഖര മാലിന്യവുമായി മാറ്റുന്നതാണ് മൊബൈൽ സെപ്റ്റേജ് യൂണിറ്റിന്റെ പ്രവർത്തനം. ഒരു മണിക്കൂറിൽ 6000 ലീറ്റർ മാലിന്യം വരെ സംസ്കരിക്കാനുള്ള ശേഷി മൊബൈൽ യൂണിറ്റിന് ഉണ്ട്. തീർഥാടന മേഖലയിലെ എല്ലാ ശുചിമുറി സെപ്റ്റിക് ടാങ്കുകളിൽ നിന്നുമുള്ള മാലിന്യം സംസ്കരിക്കുന്നതിന് ഈ യൂണിറ്റ് ഉപയോഗിക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, തങ്കമ്മ ജോർജുകുട്ടി, കെ.ആർ. അജേഷ്, സുനിൽ ചെറിയാൻ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു..
ശബരിമല സീസണിൽ ഏത് സമയത്തും പാന്റിന്റെ സേവനം ലഭ്യമാണെന്ന് എംഎൽഎ പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കോട്ടയം ജില്ലാ ശുചിത്വ മിഷന്റെയും നേരിട്ടുള്ള ഏകോപനത്തിലാണ് പ്ലാന്റിന്റെ സേവനം എരുമേലിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി നഗരസഭയിലെ മൊബൈൽ പ്ലാന്റ് ആണ് എരുമേലിയിൽ എത്തിച്ചിരിക്കുന്നത്. ഒരു തവണ ആറായിരം ലിറ്റർ ശൗചാലയ മാലിന്യം ഈ പ്ലാന്റിൽ സംസ്‌ക്കരിക്കാം. 24 മണിക്കൂർ പ്രവർത്തനം ആണ് പ്ലാന്റിൽ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞയിടെ തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജില്ലാ മേധാവി ബിനു ജോൺ എരുമേലിയിൽ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് സഞ്ചരിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എരുമേലിയിൽ ഈ സീസണിൽ ലഭ്യമാക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് പ്രദേശത്തെ ശൗചാലയ കോംപ്ലക്സ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കുകയും എരുമേലി ടൗണിലും കണമല, കാളകെട്ടി, കൊരട്ടി ഉൾപ്പടെ എരുമേലിയിലെ തീർത്ഥാടന ഇടത്താവളങ്ങളിലെ മുഴുവൻ ശൗചാലയങ്ങളുടെയും തൽസ്ഥിതിവിവരങ്ങൾ സർവേ നടത്തി ലൊക്കേഷൻ മാപ്പിങ് സഹിതം ശേഖരിച്ച് വിലയിരുത്തിയിരുന്നു. സർക്കാർ ആശുപത്രി, പോലിസ് സ്റ്റേഷൻ, പോലിസ് ക്യാമ്പ്, ബസ് സ്റ്റാന്റുകൾ, ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉൾപ്പടെ മുഴുവൻ ശുചിമുറികളുടെയും സ്ഥിതിവിവരകണക്ക് ആണ് ഇതിലൂടെ സമാഹരിച്ചത്. തുടർന്നാണ് മൊബൈൽ പ്ലാന്റ് എത്തിച്ച് ഇന്നലെ ഉദ്ഘാടനത്തോടെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.