തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ 40 ലക്ഷം..
എരുമേലി ∙ മണ്ഡല-മകരരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് മുഖേന വിവിധ ജോലികൾക്കായി 40 ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ബണ്ട് നിർമാണം, ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, സംരക്ഷണഭിത്തി നിർമാണം, ബാരിക്കേഡുകൾ സ്ഥാപിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ വിവിധ ക്രമീകരണങ്ങൾ ആണ് ഒരുക്കുന്നതാണ് പദ്ധതി.
എരുമേലി ധർമശാസ്താക്ഷേത്രം വളപ്പിൽ വലിയ തോട്ടിലെയും ചെക്ക് ഡാമിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് 2.70 ലക്ഷം രൂപയും, അഴുതക്കടവിൽ തീർഥാടകരുടെ സ്നാനത്തിന് ജലസംഭരണത്തിനായി താൽക്കാലിക ബണ്ട് നിർമാണത്തിന് 4.10 ലക്ഷം രൂപയും, എരുമേലി തോട്ടിൽ താൽക്കാലിക ബണ്ട് നിർമാണത്തിന് 3.80 ലക്ഷം രൂപയും, കണമല ഭാഗത്ത് പമ്പാനദിയിൽ താൽക്കാലിക ബണ്ട് നിർമാണത്തിന് 8.70.ലക്ഷം രൂപയും, കൊരട്ടി പാലത്തിനു സമീപം താൽക്കാലിക ബണ്ട് നിർമാണത്തിന് 5.30 ലക്ഷം രൂപയും , ഓരുങ്കൽ കടവിൽ താൽക്കാലിക ബണ്ട് നിർമാണത്തിന് 6.50 ലക്ഷം രൂപയും, എരുമേലി വലിയ തോട്ടിൽ ദേവസ്വം പാർക്കിങ് മൈതാനം ഭാഗത്ത് വലിയ തോടിന് സംരക്ഷണഭിത്തി നിർമാണത്തിന് 9 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 40 ലക്ഷം രൂപയുടെ പ്രവർത്തികൾക്കു ഭരണാനുമതി ലഭ്യമായതായും പരമാവധി വേഗത്തിൽ എല്ലാ നിർമാണപ്രവർത്തികളും പൂർത്തിയാക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.