ഗൂഗിൾ മാപ്പ് പണികൊടുത്തു… : വട്ടം ചുറ്റി വലഞ്ഞത് അയ്യപ്പ ഭക്തർ.

എരുമേലി : പമ്പാവാലി വഴിയല്ലാതെ എരുമേലിയിൽ നിന്ന് പമ്പയ്ക്ക് പോകാൻ എരുമേലി ടൗണിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശ പ്രകാരം സഞ്ചരിച്ച അയ്യപ്പ ഭക്തർ ടൗണിലെ  ബൈപാസ് റോഡുകൾ ചുറ്റിക്കറങ്ങി വലഞ്ഞു. ഏത് ബൈപാസ് റോഡിൽ കയറിയാലും വീണ്ടും ടൗണിൽ എത്തുന്ന വിധമായിരുന്നു ഗൂഗിൾ നിർദേശം. ഇതാണ് അയ്യപ്പ ഭക്തർക്ക് വിനയായത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എരുമേലിയിൽ നിന്ന് യാത്ര പുറപ്പെട്ട പോണ്ടിച്ചേരി സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് ആണ് എരുമേലി – പൊരിയന്മല റൂട്ടിലും എരുമേലി – ഒഴക്കനാട് റൂട്ടിലുമായി പമ്പയ്ക്കുള്ള വഴി തെറ്റി ചുറ്റിക്കറങ്ങി വലഞ്ഞത്.

കണമല ഇറക്കത്തിലെ അപകട സാധ്യത മുൻനിർത്തി വലിയ വാഹനങ്ങളെ കണമല റോഡിൽ സഞ്ചരിക്കാൻ അനുവദിക്കുന്നത് പോലിസ്  നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. ഇത് പ്രകാരം വാഹനങ്ങൾ പോലിസ് തടഞ്ഞു വഴി തിരിച്ചു വിടുന്നത് എരുമേലിയിൽ കണമല റോഡിന്റെ പ്രവേശന ഭാഗമായ കരിങ്കല്ലുമ്മുഴിയിലാണ്. ഇവിടെ നിന്നും നേരെ റാന്നി റോഡ് വഴി വടശേരിക്കര ചുറ്റി പമ്പയ്ക്ക് പോകാം. എന്നാൽ കരിങ്കല്ലുമ്മുഴി പിന്നിട്ട ശേഷം ഇടയ്ക്കുള്ള ബൈപാസ് റോഡുകളും പമ്പയിലേക്കുള്ള ദിശയായി ഗൂഗിൾ മാപ്പിൽ കാട്ടുന്നുണ്ട്. ഇതനുസരിച്ച് സഞ്ചരിക്കുന്ന സംഘങ്ങൾ ഈ റോഡുകളിൽ വഴി തെറ്റി വീണ്ടും ടൗണിൽ എത്തുകയാണ്. ഇന്നലെ പല തവണ ബൈപാസ് റോഡുകളിൽ ചുറ്റി വലഞ്ഞ പോണ്ടിച്ചേരി സംഘത്തിന് നാട്ടുകാർ ഇടപെട്ട് ശരിയായ വഴി നിർദേശിച്ചു നൽകിയതോടെ ആണ് പമ്പയ്ക്ക് പോകാൻ റാന്നി റോഡ് വഴിയിലേക്ക് സംഘം എത്തിയത്.

error: Content is protected !!