കിണർ വൃത്തിയാക്കി കയറുന്നതിനിടെ തൂണൊടിഞ്ഞ് കിണറ്റിലേക്ക് വീണു ; ഒരാൾ മരണപെട്ടു , ഒരാൾക്ക് ഗുരുതര പരിക്ക്
പൊൻകുന്നം: കിണർ വൃത്തിയാക്കിയ ശേഷം കയറിലൂടെ മുകളിലേക്ക് കയറുന്നതിനിടെ കയർ കെട്ടിയിരുന്ന തൂണൊടിഞ്ഞ് കിണറ്റിലേക്ക് പതിച്ച മധ്യവയസ്‌കൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ തലയിലേക്ക് ഒടിഞ്ഞ തൂണിന്റെ ഭാഗം പതിച്ച് സാരമായി പരിക്കേറ്റു. പൊൻകുന്നം ഒന്നാംമൈൽ കുഴികോടിൽ ജിനോ ജോസഫ് (47) ആണ് ദാരുണമായ അപകടത്തിൽ മരണപ്പെട്ടത് .
പ്ലംബിങ് ജോലികൾ ചെയ്യുന്നയാളായിരുന്നു. തിങ്കളാഴ്ച പകൽ രണ്ടിന് കെ.വി.എം.എസ്.റോഡിൽ ലോഡ്ജ് വളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കോൺക്രീറ്റ് കട്ടകൾ കൊണ്ട് കെട്ടിയ തൂണ് മഴയിൽ കുതിർന്നിരുന്നതാണ് ഒടിയുവാൻ ഇടയാക്കിയത്. ജിനോയുടെ കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷിനാ(40)ണ് തലയ്ക്ക് പരിക്കേറ്റത്. ജിനോയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് സനീഷ്.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്ന് കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ജിനോയുടെ ഭാര്യ: ലിജി ജിനോ(അധ്യാപിക, പടിയറ പബ്ലിക് സ്‌കൂൾ, മണിമല), കട്ടപ്പന 10-ാംമൈൽ ആറുപറയിൽ കുടുംബാംഗമാണ്. മക്കൾ: അന്ന റോസ്(വിദ്യാർഥി, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ , കാഞ്ഞിരപ്പള്ളി), മറിയം സെറ(വിദ്യാർഥി, പടിയറ പബ്ലിക് സ്‌കൂൾ, മണിമല).