എരുമേലി നൈനാർ ജുമാ മസ്ജിദിന്റെ മിന്നാരത്തിൽ കൂടുകൂട്ടിയ അപകടകാരികളായ പേരുംതേനീച്ചകൂട്ടങ്ങളെ തുരത്തി..

എരുമേലി : എത്ര അപകടകാരികളായ തേനീച്ചകളെയും അപകടമില്ലാതെ തുരത്തുന്നതിൽ വിദഗ്ധനായ ജോഷി മൂഴിയാങ്കൽ എരുമേലി നൈനാർ ജുമാ മസ്ജിദിലെ ഉയരമേറിയ മിനാരത്തിൽ കൂടുകൂട്ടിയ പേരുംതേനീച്ചകളെ നിഷ്പ്രയാസം തുരത്തി. ശബരിമല തീർത്ഥാടനവും പേട്ടതുള്ളലും ഒക്കെയായി ജനക്കൂട്ടം നിറഞ്ഞ എരുമേലി പേട്ടക്കവലയിൽ മസ്ജിദിലെ തേനീച്ചക്കൂട്ടം അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ളത് മുൻനിർത്തിയാണ് തിങ്കളാഴ്ച വൈകുന്നേരം ജോഷി മൂഴിയാങ്കലിനെ ജമാഅത്ത് ഭാരവാഹികൾ വിളിച്ചു വരുത്തി തേനീച്ചകളെ പുകച്ച് തുരത്തിയത്.

പ്രത്യേക പച്ചമരുന്ന് കൂട്ട് ചേർത്ത ഓലകൾ ചൂട്ടുകറ്റയാക്കി പുക ഇട്ടായിരുന്നു ജോഷിയുടെ പുകയ്ക്കൽ. സുഹൃത്തായി ജോർജി മണ്ഡപവും ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീടും ജോഷിയെ സഹായിക്കാനുണ്ടായിരുന്നു. മിനാരത്തിൽ കൂടു കൂട്ടിയത് പേരുംതേനീച്ചകളായിരുന്നു. ഇവ ഏറെ അപകടകാരികളാണെന്നും മരണം വരെ സംഭവിക്കാവുന്ന കുത്ത് ആണ് പേരുംതേനീച്ചകൾ നടത്തുകയെന്നും ജോഷി പറഞ്ഞു. പ്രത്യേക പച്ചമരുന്ന് ഉപയോഗിച്ചുള്ള പുകയ്ക്കലിൽ തേനീച്ചകൾ പറന്നു ദൂരേക്ക് പോകും. അതേസമയം സാധാരണ രീതിയിൽ ഉള്ള പുകയിടീൽ നടത്തിയാൽ തേനീച്ചക്കൂട്ടം ഇളകി ചുറ്റുമുള്ളവരെ കുത്തും. വർഷങ്ങളായി സർക്കാർ ഓഫിസുകൾ ഉൾപ്പടെ പലയിടത്തും നിരവധി തവണ തേനീച്ചകളെ തുരത്തി പരിചയസമ്പന്നനാണ് ജോഷി കേരള കോൺഗ്രസ്‌ എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കൂടിയാണ്.

error: Content is protected !!