പരാതി ഉന്നയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി ; വീടിന്റെ ഗെയിറ്റിൽ അജ്ഞാതൻ കുരിശും റീത്തും വച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് , തന്നെ വൈസ് പ്രസിഡന്റ് കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതി ഉന്നയിച്ച വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനംഗം ഡാനി ജോസ് കുന്നത്തിനാണ് വധഭീക്ഷണി ഉണ്ടായിരിക്കുന്നത് .
ഇന്നലെ രാവിലെ 11 മണിയോടുകൂടി ആനക്കല്ലിലുള്ള വീടിന് സമീപത്തുകൂടി അജ്ഞാതനായ ഒരാൾ കടന്നുവന്ന് വീടിന്റെ ഗെയിറ്റിനിട്ട് അടിക്കുകയും, ഗേറ്റ് അടച്ചു പൂട്ടുകയും, ഗെയിറ്റിൽ കുരിശും റീത്തും സമർപ്പിച്ചതായാണ് ഡാനി ജോസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പ്രായമായ മാതാവിനൊപ്പം രോഗിയായ ഭർത്താവും ഏക മകളും ആണ് ഈ വീട്ടിൽ ഡാനിയോടൊപ്പം താമസം. സമീപത്തുള്ള സി.സി.ടി.വി പരിശോധിച്ച്, ആളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം പരാതിയിൽ ആവശ്യപ്പെട്ടു.