കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന പദ്മനാഭൻ 95 ആം വയസ്സിൽ യാത്രയായി; കാത്തിരിപ്പ് നീണ്ടത് 25 വർഷങ്ങൾ ..
എരുമേലി : 70 വയസായപ്പോൾ വീടിനോട് ചേര്‍ന്ന് കുഴിമാടം ഉണ്ടാക്കി മരണത്തിനായി കാത്തിരുന്ന എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പദ്മനാഭനെ മരണം കൂട്ടിക്കൊണ്ടുപോയത് 25വർഷം പിന്നിട്ട് 95 വയസായപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു മരണം. എന്നാൽ സ്വന്തമായുണ്ടാക്കിയ കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളണമെന്ന പദ്മനാഭന്റെ ആഗ്രഹം മാത്രം സഫലമായില്ല. ഏതാനും വർഷം മുമ്പ് കുഴിമാടം ഉൾപ്പടുന്ന വീടും സ്ഥലവും വിറ്റ് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. സംസ്കാരം കഴിഞ്ഞ ദിവസം തൊടുപുഴയിലുള്ള പൊതു ശ്മശാനത്തില്‍ നടന്നു.
ഇരുമ്പൂന്നിക്കര ആശാന്‍ കോളനി ഭാഗത്ത് താമസിച്ചിരുന്ന രണ്ടാംകളത്തില്‍ പദ്മനാഭൻ (95) ആണ് കാല്‍നൂറ്റാണ്ട് മുമ്പ് മരണ ശേഷമുള്ള തന്റെ സംസ്‌ക്കാരത്തിനായി സ്വന്തമായി കുഴിമാടം നിർമിച്ചത്. താന്‍ മരിച്ചാല്‍ ഈ കല്ലറയില്‍ അടക്കം ചെയ്യണമെന്ന് പദ്മനാഭൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ആറടി നീളത്തിലും വീതിയിലും കുഴിയെടുത്തു സ്വന്തമായി ഒരുക്കിയ കുഴിമാടത്തില്‍ ചെന്ന് മരണത്തെ കാത്തിരുന്ന സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു. ജീവിച്ചിരിക്കെ സ്വന്തം കുഴിമാടം നിർമിച്ച പദ്മനാഭനെ കാണാൻ നിരവധി പേരാണ് അക്കാലത്ത് എത്തിയത്. വരുന്നവരോട് ഒരു മടിയുമില്ലാതെ തന്റെ മരണശേഷമുള്ള സംസ്കാരത്തെ കുറിച്ച് പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഭാര്യ രാജമ്മ മരിച്ചത്.
ഇരുമ്പൂന്നിക്കര എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു പദ്മനാഭൻ. ഇരുമ്പൂന്നിക്കരയില്‍ നിന്നും ശാഖാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തൊടുപുഴയിലെത്തി പദ്മനാഭന്റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അര്‍പ്പിച്ചു.