കാഞ്ഞിരപ്പള്ളി പഴയപള്ളി സംയുക്ത തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കാഞ്ഞിരപ്പള്ളി: പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നടന്ന ചരിത്രപ്രസി ദ്ധമായ ടൗൺ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിനു വിശ്വാസികളാണ് പ്രാർഥനകളോടെ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. പ്രദക്ഷിണം കടന്നുപോയ വഴികളിൽ തിരുസ്വരൂപങ്ങൾ ദർശിക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഭക്ത്യാദരപൂർവം കാത്തുനിന്നത്. പ്രദക്ഷിണ വഴികളിലെ കടകളും സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു. പുത്തനങ്ങാടി, കുരിശുങ്കൽ ജംഗ്ഷൻ, ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിൽ തയാറാക്കിയ പന്തലുകളിൽ പ്രത്യേക പ്രാർഥനയും നടന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് രൂപതയിലെ നവവൈദികരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം 6. 15ഓടെ പഴയപള്ളിയിൽനിന്നു പ്രദക്ഷിണം ആരംഭിച്ചു. തുടർന്ന് കത്തീഡ്രൽ റോഡുവഴി കുരിശുങ്കൽ ജംഗ്ഷനിലെത്തി ടൗൺ ചുറ്റി പള്ളിയിൽ സമാപിച്ചു.