എരുമേലി പഞ്ചായത്തിലെ കൂറുമാറ്റം : ഹിയറിങ്ങ് 18ന് : ഹാജരാകാതെ ഒഴിഞ്ഞുമാറി പ്രസിഡന്റ് ; കൂറുമാറ്റം തെളിഞ്ഞാൽ ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചേക്കാം ..
എരുമേലി : കോൺഗ്രസ് അംഗമായിരിക്കെ ഇടതുപക്ഷ പിന്തുണയോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റായ മറിയാമ്മ സണ്ണിക്കെതിരെ കൂറ് മാറ്റത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ് നേതൃത്വം നൽകിയ കേസിൽ എതിർ സത്യവാങ്മൂലം നൽകാൻ മറിയാമ്മ സണ്ണിക്കുള്ള അവസാന അവസരം ഈ മാസം 18 ന്. മുമ്പ് ഇതിനായി നടന്ന ഹിയറിങ്ങുകളിൽ മറിയാമ്മ സണ്ണി ഹാജരായില്ലന്നും ഒടുവിൽ അഭിഭാഷകൻ ഹാജരായെങ്കിലും എതിർ സത്യവാങ്മൂലം നൽകാതെ നടപടികൾ നീട്ടി അധികാരത്തിൽ തുടരാൻ മറിയാമ്മ സണ്ണി ശ്രമിക്കുകയാണെന്നും ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്.
കേസ് പിൻവലിപ്പിക്കാൻ മറിയാമ്മ സണ്ണി നടത്തിയ സമ്മർദ്ദ ശ്രമത്തിന്റെ ഓഡിയോ ക്ലിപ്പ് കമ്മീഷനിൽ തെളിവായി നൽകുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹർജിക്കാരനായ കോൺഗ്രസ് അംഗം മാത്യു ജോസഫ് അറിയിച്ചു. 18 ന് നടക്കുന്ന ഹിയറിങ്ങിൽ മറിയാമ്മ സണ്ണിയോ അഭിഭാഷകനോ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ തുടർന്നുള്ള ഹിയറിങ്ങുകളിൽ നിന്ന് മറിയാമ്മ സണ്ണിയെ ഒഴിവാക്കിയാകും വിചാരണ നടപടികൾ. ഇങ്ങനെയായാൽ തുടർ ഹിയറിങ്ങുകളിൽ തടസവാദങ്ങൾ ഉന്നയിക്കാൻ മറിയാമ്മ സണ്ണിയ്ക്ക് അനുമതിയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയ വരണാധികാരി, പഞ്ചായത്ത് സെക്രട്ടറി എന്നിവരും ഉൾപ്പടെ ഹർജിക്കാരൻ, മറിയാമ്മ സണ്ണിക്ക് പാർട്ടി വിപ്പ് നൽകിയ കോൺഗ്രസ് ഭാരവാഹി, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരുമായുള്ള ഹിയറിങ്ങുകൾ ആണ് ഇനി തുടർന്ന് നടക്കേണ്ടത്. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരുന്നത് ഈ വർഷം ഒടുവിൽ ഡിസംബറിൽ ആണെങ്കിലും ഒരു പക്ഷെ അതിന് മുമ്പേ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇത് മുൻനിർത്തി കൂറുമാറ്റ കേസിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യത്തിലാണ് കോൺഗ്രസ് നേതൃത്വം.
കൂറുമാറ്റം തെളിഞ്ഞാൽ ആറ് വർഷത്തേക്കാണ് അയോഗ്യത കൽപ്പിക്കുക. കഴിഞ്ഞയിടെ പഞ്ചായത്തിലെ രണ്ട് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ ഭരണസമിതി നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് ഭരണം നടത്തിയപ്പോൾ നിയമിക്കപ്പെട്ടവരാണ് രണ്ട് പേരും. ഇവരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് മാത്യു ജോസഫ് ഫോണിൽ മറിയാമ്മ സണ്ണിയുമായി നടത്തിയ സംഭാഷണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്കെതിരെ നൽകിയ കൂറുമാറ്റ കേസ് പിൻവലിച്ചാൽ ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന് മറിയാമ്മ സണ്ണി പറഞ്ഞതെന്ന് ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട മാത്യു ജോസഫ് ആരോപിച്ചിരുന്നു. കേസ് പിൻവലിക്കാൻ സ്വാധീനം ചെലുത്തിയതിന്റെ തെളിവായി ഇത് കമ്മീഷനിൽ തെളിവായി നൽകാനുള്ള ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം.