റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാൻസലർ ; റവ. ഡോ. കുര്യൻ താമരശ്ശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ ചാൻസലറായി റവ.ഡോ. മാത്യു ശൗര്യാംകുഴിയെയും, രൂപതാ വികാരി ജനറാളും ചാൻസലറുമായിരുന്ന റവ. ഡോ. കുര്യൻ താമരശ്ശേരിയെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയും മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി ആർച്ച് പ്രീസ്റ്റുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിയമിച്ചു.
വികാരി ജനറാളും ചാൻസലറുമായിരുന്ന റവ. ഡോ. കുര്യൻ താമരശ്ശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയായി നിയമിതനായതിനെതുടർന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാൻസലറായി ചുമതലയേൽക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റ്യൂട്ട് നിന്നും സഭാ നിയമത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയെത്തി 2023 മെയ് മാസം മുതൽ രൂപതയുടെ വൈസ് ചാൻസലർ ആയി ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവക ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയായിരുന്ന റവ. ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ ചെങ്ങളം സെന്റ് ആന്റണീസ് പള്ളി വികാരിയായി നിയമിതനായതിനെ തുടർന്നാണ് റവ. ഡോ . കുര്യൻ താമരശ്ശേരി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായി ചുമതലയേൽക്കുന്നത്.റോമിലെ പൊന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാ നിയമത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയെത്തിയ റവ. ഡോ . കുര്യൻ താമരശ്ശേരി 2007 – മുതൽ കാഞ്ഞിരപ്പള്ളി രൂപതാ കൂരിയയിൽ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ സെക്രട്ടറി, വൈസ് ചാൻസലർ, ജുഡീഷ്യൽ വികാർ,രൂപതാ ട്രിബ്യൂണൽ ജഡ്ജ്, ഡിഫൻഡർ ഓഫ് ബോണ്ട് , സീറോ മലബാർ എക്യുമെനിക്കൽ സിനഡൽ കമ്മീഷൻ സെക്രട്ടറി, ചാൻസിലർ, വികാരി ജനറാൾ തുടങ്ങിയ ശുശ്രൂഷകൾ വ്യത്യസ്ത കാലഘട്ടങ്ങളിലായി നിർവഹിച്ചു. പുഞ്ചവയൽ ഇടവകയിൽ താമരശ്ശേരി പരേതരായ കുര്യൻ – ഏലിയാമ്മ ദമ്പതികളുടെ മകനാണ് വ. ഡോ . കുര്യൻ താമരശ്ശേരി.