മനുഷ്യമഹത്വം തിരിച്ചറിഞ്ഞുള്ള തിരികെവരവാണ് നോമ്പ് : മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി : ദൈവമക്കളെന്ന മഹത്വം തിരിച്ചറിഞ്ഞ് തിരികെ വരുവാനുള്ള ആഹ്വാനമാണ് നോമ്പെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രലിൽ വലിയനോമ്പാരംഭ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ പരിഗണിക്കാതെ സ്വന്തം ഇഷ്ടം മാത്രം നടപ്പിലാകണമെന്നുള്ള പ്രലോഭനങ്ങൾ ഉണ്ടാവാം. അവയ്ക്കുമേൽ വിജയം വരിക്കുന്നതിന് നമുക്കാവുമ്പോഴാണ് മാനസാന്തരം സാധ്യമാകുന്നത്. യഥാർത്ഥ ശിഷ്യത്വത്തിലേക്കുള്ള മടങ്ങിവരവിൽ വ്യക്തി എന്ന നിലയിലും സമൂഹാംഗമെന്ന നിലയിലും ഫലം ചൂടുന്നതിന് നമുക്കാവണം. സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നതകളും തർക്കങ്ങളും അരക്ഷിതാവസ്ഥയും ലഹരിയുമൊക്കെ ഉൽഭവിക്കുന്ന സ്വാർത്ഥമായ ഇടങ്ങളിൽ നിന്ന് മാറിനിൽക്കുവാനും അവയെ പ്രതിരോധിക്കുവാനും നമുക്ക് കടമയുണ്ടെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട നോമ്പാരംഭ തിരുക്കർമ്മങ്ങളിൽ കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ താമരശ്ശേരി, വൈദികർ, സന്യാസിനികൾ എന്നിവരുൾപ്പെടെയുള്ള വിശ്വാസി ഗണം പങ്കുചേർന്നു.