കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നക്കൂട് പദ്ധതിക്ക് തുടക്കമായി , 274 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 7 പഞ്ചായത്തുകളിലായി പിഎംഎ വൈ (ജി) പട്ടികയിൽ ഉൾപ്പെട്ട 274 കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകാൻ സ്വപ്നക്കൂട് പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡു വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സിറിൾ തോമസ്, കെ.കെ.ശശികുമാർ, വൈസ് പ്രസിഡന്റ് റോസമ്മ ജോൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ.മോഹനൻ, അംഗങ്ങളായ സാജൻ കുന്നത്ത്, ജോഷി മംഗലം, പി.കെ.പ്രദീപ്, രത്നമ്മ രവീന്ദ്രൻ, ടി.എസ്.കൃഷ്ണകുമാർ, അനു ഷിജു, ഡാനി ജോസ്, ജോയിന്റ് ബിഡിഒ ടി.ഇ.സിയാദ്, അനന്തു മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ശിൽപശാലയിൽ ബി ഡിഒ എസ്.ഫൈസൽ, വിഇഒ ചി.ജി.പത്മകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എരുമേലി, പാറത്തോട്, മുണ്ടക്കയം, മണിമല, കൂട്ടിക്കൽ, കോരുത്തോട്, കാഞ്ഞിരപ്പളളി പഞ്ചായത്തുകളിലായി ആകെ 274 കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകുന്നതാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1,12,000 രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 98,000 : രൂപയും, ഗ്രാമപ്പഞ്ചായത്ത് വിഹിതമായ 70,000 രൂപയും കേന്ദ്ര വിഹിതമായ 72000 രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായ 48000 രൂപയും ഉൾപ്പെടെ 4 ലക്ഷം രൂപയാണ് ഒരു വീടിന് നൽകുന്നത്. ഒരു വർഷം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഗ്രാമസേവകരും സംസ്ഥാനതലത്തിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘവും പരിശോധിച്ച് അർഹതയുള്ളവരെ കണ്ടെത്തിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പ്രധാനപ്പെട്ട പദ്ധതിയാണ് ഭവന നിർമാണമെന്നും ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉൾപ്പെടെ ബജറ്റിൽ അഞ്ചര കോടി രൂപ വകയിരുത്തിയതായും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.