മലയോരജനതയുടെ അവകാശ സംരക്ഷണത്തിനായി കേരള കോൺഗ്രസ് (എം) ജനകീയ യാത്ര നടത്തി
പിണ്ണാക്കനാട് : മലയോരജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) എംഎൽഎമാർ 27-ന് ഡൽഹി യിൽ നടത്തുന്ന ധർണയുടെ മുന്നോടിയായി രണ്ടു ദിവസങ്ങളിലായി നടത്തുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പങ്കിടുന്ന മേഖലകളിൽ വന്യജീവി ആക്രമണം മൂലം ജനജീവിതം അസാധ്യമായിരിക്കുന്നു. മലയോര കർഷകരുടെ മരണവാറന്റായിട്ടാണ് വന്യജീവി സംരക്ഷണനിയമം പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു.
ജാഥാ ക്യാപ്റ്റനായ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന് ജോസ് കെ.മാണി പതാക കൈമാറി. അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
പിണ്ണാക്കനാടുനിന്ന് ആരംഭിച്ച ആദ്യദിന പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ടാംദിന പര്യടനം ശനിയാഴ്ച ഒൻപതിന് കൂട്ടിക്കലിൽ ചീഫ് വിപ്പ് എൻ. ജയരാ ജ് ഉദ്ഘാടനം ചെയ്തു . വൈകീട്ട് ആറിന് മടുക്കയിൽ ചേർന്ന സമാപന സമ്മേളനം പ്രമോദ് നാ രായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.