കാഞ്ഞിരപ്പള്ളി രൂപതയുടെ ക്രൈസ്തവ വചനപഠന മത്സരമായ ” നല്ലനിലം ” പ്രോഗ്രാം രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: യേശുവിന്റെ മനുഷ്യാവതാരത്തിന്റെ 2025-ാം ജൂബിലി വർഷത്തോട് ചേർന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വർഷത്തിന് ഒരുക്കമായും രൂപതയിൽ മാതൃവേദി, പിതൃവേദി സംഘടന സ്ഥാപിതമായതിന്റെ ജൂബിലി വർഷത്തോട് ചേർന്നും രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ കുടുംബകൂട്ടായ്മ, ഇടവക ഫൊറോന, രൂപതാതലങ്ങളിൽ വചനം പഠിക്കുക വചനത്തിൽ ആഴപ്പെടുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന വചനപഠന മത്സരമായ ” നല്ലനിലം ” പ്രോഗ്രാം രൂപതാദ്ധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വചനം വിതയ്‌ക്കേണ്ടതും വളരേണ്ടതും ഫലം പുറപ്പെടുവിക്കേണ്ടതുമായ നല്ല നിലങ്ങളാകണം നമ്മുടെ ഹൃദയങ്ങളെന്ന് ഉദ്ഘാടനസമ്മേളനത്തില്‍ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
സഭയില്‍ അനേകം വിശുദ്ധരെ വളര്‍ത്തിയതും രൂപീകരിച്ചതും വിശുദ്ധ വചനമാണ്. നമ്മെയും നമ്മുടെ വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും വചനത്താല്‍ രൂപപ്പെടുത്താനും രൂപാന്തരപ്പെടുത്താനും ഈ മത്സരം ഉപകരിക്കട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ ഉത്‌ബോധിപ്പിച്ചു.
കുടുംബകൂട്ടായ്മ, ഇടവക, ഫൊറോന, രൂപതാ തലങ്ങളിലായി ഈ മത്സരം നടത്തപ്പെടുന്നു. ഒരു കുടുംബത്തില്‍ നിന്നുള്ള 3 പേരില്‍ കൂടാതെയുള്ള ടീമിനാണ് മത്സരത്തില്‍ സംബന്ധിക്കാവുന്നത്. കൂട്ടായ്മ തലത്തില്‍ 25 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയ എല്ലാ ടീമും ഇടവകതല മത്സരത്തിന് യോഗ്യരാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൂട്ടായ്മതല മത്സരങ്ങള്‍ നടത്തപ്പെടും.
ഇടവക തലത്തിലുള്ള മത്സരം മെയ് 4-ാം തീയതി ഓരോ ഇടവകകളിലും നടത്തപ്പെടും. 200 ഉം അതില്‍ കൂടുതലും മാര്‍ക്ക് വാങ്ങിയ എല്ലാ ടീമിനും നല്ലനിലം മെഗാസമ്മാനങ്ങള്‍ ഉണ്ടാകും. ഇടവകതലത്തില്‍ 200 മാര്‍ക്കില്‍ കൂടുതല്‍ നേടിയ 1,2,3 സ്ഥാനം ലഭിച്ചവര്‍ക്ക് ഫൊറോനാ തലത്തില്‍ മത്സരിക്കാം. ഫൊറോന തല മത്സരം ജൂലൈ 6നും, മേഖലാതല മത്സരം സെപ്റ്റംബര്‍ 13നും, ഗ്രാന്റ് ഫിനാലെ നവംബര്‍ 15നും നടത്തപ്പെടും.
വിവധ തലങ്ങളില്‍ നടത്തപ്പെടുന്ന നല്ലനിലം മത്സരത്തിന്റെ കൂട്ടായ്മതല ഉദ്ഘാടനം പാലമ്പ്ര ഗത്സമേന്‍ ഇടവകയില്‍ സെന്റ് ജോസഫ് കൂട്ടായ്മയില്‍ നീറുവേലില്‍ ടോമിയുടെ ഭവനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. ഇടവകയില്‍ ഏക വലിയ കുടുംബമായ (5 മക്കളുള്ള) ഡെന്നീസ് കുരിശുങ്കലിനും കുടുംബാംഗങ്ങള്‍ക്കും കത്തിച്ച തിരി നല്‍കി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഇടവകവികാരി ഫാ.ജിയോ കണ്ണംകുളം സ്വാഗതം ആശംസിച്ചു. രൂപതാ അസി.ഡയറക്ടര്‍ ഫാ.തോമസ് പാലൂകുന്നേല്‍ പ്രാര്‍ത്ഥനാശുശ്രൂ ഷകള്‍ക്ക് നേതൃത്വം നല്‍കി. രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ നല്ലനിലം വചനപഠന മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. പിതൃവേദി ഇടവക പ്രസിഡന്റ് ടോമി വടക്കേകാരിക്കാട്ടില്‍ നന്ദി പറഞ്ഞു. രൂപതാ ആനിമേറ്റര്‍ സി.ജ്യോതി മരിയ സിഎസ്എന്‍, റീജന്റ് ബ്രദര്‍ റ്റോംസ് ചീരംകുന്നേല്‍, ഇടവകയിലെ വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റേഴ്‌സ്, ഇടവക, ഫൊറോന, രുപതാ മാതൃവേദി, പിതൃവേദി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ , കുടുംബകൂട്ടായ്മ ലിഡേഴ്‌സ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.