അമ്പരപ്പും ആശങ്കയുമായി പ്രദേശവാസികൾ ; പറത്താനത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് മോക്ക്ഡ്രിൽ നടത്തി
പാറത്തോട് : അപ്രതീക്ഷിതമായി പ്രദേശവാസികൾ വീട് ഒഴിയണമെന്നും അംഗൻവാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗൺസ്‌മെന്റ്, തുടർന്ന് ആംബുലൻസും ഫയർഫോഴ്‌സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേർന്നു രക്ഷാപ്രവർത്തനങ്ങളുടെ തിരക്കിലായി. അപകടത്തിൽപ്പെട്ടവരുമായി ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ഇതൊക്കെക്കണ്ട് പകച്ചു നിന്ന പ്രദേശവാസികൾക്ക് അത് സർക്കാർ നടത്തിയ ഉരുൾപൊട്ടൽ മുന്നറിയിപ്പ് മോക്ക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസമായി .
പറത്താനം പുളിക്കൽ നഗർ ഭാഗത്ത് ഉരുൾപൊട്ടലിനു സാധ്യതയുളളതിനാൽ പ്രദേശവാസികൾ വീട് ഒഴിയണമെന്നും അംഗൻവാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗൺസ്മെന്റിൽ നാട് ആശങ്കയിലായി. കനത്തചൂടിനിടയിൽ ഉരുൾപൊട്ട ൽ ഉണ്ടാവുകയെന്നത് കേട്ടുകേൾവി പോലുമില്ല. എന്നാൽ, വന്നത് പഞ്ചായത്തും ദുരന്ത നിവാരണ അതോറിറ്റിയുമായതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആംബുലൻസും ഫയർഫോഴ്‌സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി വിവിധ ഭാഗങ്ങളിൽ രക്തത്തിൽ കുളിച്ചും അപകടാവസ്ഥയിലുമായി നിരവധിയാളുകൾ കിടക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേർന്നു രക്ഷാ പ്രവർത്തനങ്ങളുടെ തിരക്കിലായി. അപകടത്തിൽപ്പെട്ടവരുമായി ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ദുരന്തഭൂമിയിൽ വിലപിക്കുന്ന പ്രദേശവാസികളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. ഓടിക്കൂടിയവർക്ക് സംഭവം കൗതുകമായെങ്കിലും പലരുടെയും മുഖത്ത് സങ്കടവും ആശങ്കയും നിറഞ്ഞു.
ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ മോക്ക്ഡ്രിൽ ആണ് നാടിനെ കൗതുകത്തിലും ആശങ്കയിലുമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ തയാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡിൽ സംഘടിപ്പിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, മോട്ടോർ വാഹനം, കെഎസ്ഇബി, ജലം, പൊതുവിതരണവിഭാഗം തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ എരുമേലി, കാഞ്ഞിരപ്പളളി, മണിമല, ചിറക്കടവ് പഞ്ചായത്തുകൾക്കായാണ് പരിശീലനം നടത്തിയത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു പൊലീസ്, അഗ്നിരക്ഷ സേന, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വൈദ്യുതി വകുപ്പ്, തഹസിൽദാർമാരായ ജോസുകുട്ടി, തഹസിൽദാർ സുനിൽകുമാർ, വില്ലേജ് ഓഫിസർ സുബൈർ, ജനപ്രതിനിധികളായ ശശികുമാർ, രേഖ ദാസ്, വാർഡ് മെംബർ ഡയസ് കോക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിൽ കാഞ്ഞിരപ്പള്ളി ലാൻഡ് റവന്യു തഹസിൽദാർ പി.എസ്. സുനിൽ കുമാർ, തഹസിൽദാർ കെ.എം. ജോസുകുട്ടി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ടി.ഇ. സിയാദ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്തംഗം ഡയസ് കോക്കാട്ട്, കില ഡിആർഎം വിദഗ്‌ധൻ ഡോ. ആർ. രാജ്‌കുമാർ, ഹസാർഡ് അനലിസ്റ്റ് സൂസി സണ്ണി, ഡിഎം പ്ലാൻ കോ-ഓർഡിനേറ്റു ർ അനി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.