ബാംഗ്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി: ബാംഗ്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി എബിൻ ബേബി (28) യെയാണ് കർണാടക ബന്നാർഘട്ട സ്റ്റേഷനിലെ പോലീസുകാർ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ബേബി – മേരിക്കുട്ടി ദമ്പതികളുടെ മകൻ ലിബിൻ ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ 12ന് മരണമടഞ്ഞത്.
ആറു വർഷമായി ലിബിൻ ബംഗളുരുവിലെ ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഒരു മുറിയിൽ മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കൾ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങൾ ബംഗളുരുവിൽ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അറിയുന്നത്.
ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ ലിബിന്‍റെ പരിക്ക് വീഴ്‌ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. അതേ സമയം ലിബിന് ഒപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ ഇവിടെ നിന്നു മുങ്ങിയിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പോലീസ് കാഞ്ഞിരപ്പള്ളിയിലെത്തി എബിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.