ആഞ്ഞുവീശിയ ചുഴലിക്കാറ്റ് മണിമല മേഖലയിൽ നാശം വിതച്ചു , മരങ്ങൾ കടപുഴകി, ഗതാഗതം സ്തംഭിച്ചു
മണിമല: വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ മണിമല, കടയനിക്കാട്, ഇടയരിക്കപ്പുഴ , വെള്ളാവൂർ മേഖലകളിൽ വലിയ കൃഷിനാശമാണ് ഉണ്ടായത് . മണിമല – കറുകച്ചാൽ റോഡിൽ മൂന്നിടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞുവീണത് . കടയനിക്കാട് റബർ മരവും, കടയനിക്കാടിന് സമീപം ആൽമരവും, ഇടയരിക്കപ്പുഴ കൊന്നക്കൽ ആഞ്ഞിലി മരവും കാറ്റിൽ റോഡിലേക്ക് വീണു . സംഭവ സമയം കാൽനടക്കാരോ, വാഹനങ്ങളോ നിരത്തിലില്ലാത്തതു മൂലം വൻ ദുരന്തം ഒഴിവായി.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമനസേന സീനിയർഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നൗഫലിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മണിമല കടയനിക്കാട്, ഇടയരിക്കപ്പുഴ , വെള്ളാവൂർ മേഖലകളിലെല്ലാം കാറ്റ് അടിച്ചത് മൂലം വലിയ കൃഷിനാശം സംഭവിച്ചു. നിരവധി പുരയിടങ്ങളിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞും വീണ് ഏറെ നാശം സംഭവിച്ചു.