വിവിധ പ്രായത്തിലുള്ള മൂന്ന് സഹോദരിമാർക്ക് ഒരേ ദിനം ജന്മദിനം .. അപൂർവങ്ങളിൽ അപൂർവം ..
കാഞ്ഞിരപ്പള്ളി :ഒരേ വീട്ടിൽ ഒരേ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന വിവിധ പ്രായത്തിലുള്ള മൂന്ന് സഹോദരിമാർ . അപൂർവങ്ങളിൽ അപൂർവമായ ഈ പ്രത്യേകത കപ്പാട് തുമ്പമട പുല്ലാട്ടുപറമ്പ് വീട്ടിൽ പി ആർ രവി – അജിതാ രവി ദമ്പതികളുടെ മൂന്ന് പെൺമക്കൾക്കാണ് . മൂന്നുപേരുടെയും ജന്മദിനം ഒരേ ദിവസം – മാർച്ച് 28.
മൂത്ത മകളായ അഞ്ജലി 2005 മാർച്ച് 28 നും , രണ്ടാമത്തെ മകൾ അശ്വതി 2009 മാർച്ച് 28നുo , മൂന്നാമത്തെ മകൾ ആര്യാമോൾ 2012 മാർച്ച് 28 നുമാണ് ജനിച്ചത്. മൂവരുടേയും ജന്മദിനം ഒരേ ദിവസമായതിനാൽ ഒരുമിച്ച് കേക്ക് മുറിച്ച് ജന്മദിനാഘോഷം ലളിതമായി നടത്തും.
അഞ്ജലി ബികോം അവസാന വർഷം മുരിക്കുംവയൽ ശ്രീ ശബരിശാ കോളേജിലും അശ്വതി പ്ലസ് ടു വിന് കാളകെട്ടി അച്ചാമ്മ സ്മാരക ഹയർ സെക്കണ്ടറി സ്കുളിലും ആര്യമോൾ എട്ടാം ക്ലാസിൽ കപ്പാട് ഗവ.ഹൈസ്കുളിലും പഠിക്കുന്നു. ആകെ സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്തുള്ള വീട്ടിൽ താമസിക്കുന്ന ഇവരുടെ പിതാവ് പി ആർ രവിക്ക് കൂലിവേലയാണ്. മാതാവ് അജിത അസുഖബാധിതയുമാണ്.
പഠനം പൂർത്തീകരിച്ചു എങ്ങനെയെങ്കിലും ജോലി സമ്പാദിക്കുവാനുള്ള പ്രയത്നത്തിലാണ് മൂവരും. മൂത്തയാളെ പ്രസവിച്ചത് കാഞ്ഞിരപള്ളി കടമപ്പുഴ ആശുപത്രിയിലും രണ്ടും, മൂന്നും കുട്ടികളെ പ്രസവിച്ചത് യഥാക്രമം കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിലെ ജനറൽ ആശുപത്രികളിലുമാണെന്ന് പിതാവ് പി. ആർ രവി പറഞ്ഞു.ഇവർ മുവരും ഒരേ ദിനത്തിൽ ജനിച്ചവർ ആയതിനാൽ ഒരേ സ്വഭാവഗുണവും, പരസ്പര സ്നേഹവും ഉള്ളവരാണെന്ന് മാതാപിതാക്കൾ പറയുന്നു