ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബി. പി. കൂടി, പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
മുക്കൂട്ടുതറ : പിക്കപ്പ് വാൻ ഡ്രൈവ് ചെയ്തു വരുന്നതിനിടെ ഡ്രൈവർക്ക് പെട്ടന്ന് രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നതോടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞ പ്രതീതിയുണ്ടായി. ഇതോടെ വാഹനം നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . മുക്കൂട്ടുതറ 35 – എലിവാലിക്കര റോഡിൽ കോൺവെന്റ് സ്‌കൂളിന് മുൻപിലാണ് അപകടം സംഭവിച്ചത്.
സ്കൂൾ അവധി ആയതും റോഡിൽ ഈ സമയം ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും ഭാഗ്യമായി. വൈദ്യുതി ലൈനുകളുമായി പോസ്റ്റ് വാഹനത്തിന്റെ മുകളിലേക്ക് വീണെങ്കിലും തത്സമയം തന്നെ വൈദ്യുതി നിലച്ചത് മൂലം വൻ അപകടം ഒഴിവായി.
ഭാഗ്യം തുണച്ച ഈ അപകടം കഴിഞ്ഞ ദിവസം ഉച്ചക്ക് മുക്കൂട്ടുതറ 35 – എലിവാലിക്കര റോഡിൽ കോൺവെന്റ് സ്‌കൂളിന് മുന്നിലായിരുന്നു. പോസ്റ്റിനും വൈദ്യുതി ലൈൻ തകർന്നതിനും നഷ്ടപരിഹാരം ഈടാക്കി ഇവ കെഎസ്ഇബി അധികൃതർ മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചു.
കൂട്ടിക്കൽ സ്വദേശിയായ ഡ്രൈവർ ആണ് അപകടത്തിൽ നിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്. രാവിലെ ഭക്ഷണവും പതിവുള്ള ഗുളികയും കഴിക്കാഞ്ഞതിനാൽ താഴ്ന്ന രക്ത സമ്മർദ്ദമുണ്ടായി പെട്ടന്ന് ബോധക്ഷയം ഉണ്ടായത് മൂലമാണ് നിയന്ത്രണം തെറ്റിയതെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിന് ഭാഗികമായ കേടുപാടുകളുണ്ട്.