ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചുപൂട്ടി
കാഞ്ഞിരപ്പള്ളി: ദേശീയപാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും അൽഫാം, ഷവർമ്മ , കുഴിമന്തി എന്നിവ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 18 പേർ ആശുപത്രിയിൽ ചികിൽസ തേടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ചികിത്സയിലായിരുന്നതിനാൽ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തന്റെ മകൾക്ക് തയ്യാറെടുക്കാൻ കഴിഞ്ഞില്ലെന്നും, അവധിക്ക് നാട്ടിൽ വന്ന മകന് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പരാതിക്കാരൻ പറയുന്നു . പാറത്തോട് പഞ്ചായത്ത് ഓഫീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ഹോട്ടലിൽ അടച്ചുപൂട്ടിയിരുന്നു.
സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിൽ പരിശോധന നടത്തി. പൂഞ്ഞാർ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ നിമ്മി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ. തെരേസിലിൻ ലൂയിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഗവൺമെൻറ് അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാൻ കൊണ്ടുപോയി. ഹോട്ടലിനെതിരെ സ്വീകരിക്കേണ്ട അനന്തര നടപടികൾ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദ്ദേശപ്രകാരം എടുക്കുമെന്ന് അറിയുന്നു.കേടായ മയണൈസ് ഉപയോഗിച്ചത് മൂലമാകാം ഭക്ഷ്യവിഷബാധ എന്ന് സൂചന.