കണമല അട്ടിവളവിൽ തീർത്ഥാടക ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
എരുമേലി : സ്ഥിരം അപകട മേഖലയായ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടക ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്ക് പറ്റി . നാലുപേരുടെ നില അതീവ ഗുരുതരമാണ് . കർണാടകത്തിലെ ഹാവേരി, ഹാങ്കൽ സ്വദേശി മാരുതി ഹരിഹരൻ (40) ആണ് അപകടത്തിൽ മരണപ്പെട്ടത് .
അപകടം നടക്കുമോൾ വണ്ടിയിൽ 33 പേർ ഉണ്ടായിരുന്നു.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കർണാടകയിൽ നിന്നുള്ള ബസ്സാണ് അപകടത്തിൽ പെട്ടത് . റോഡിൽ മറിഞ്ഞ ബസ് , ഇരുപത്തഞ്ച് അടിയോളം റോഡിലൂടെ നിരങ്ങിപ്പോയി, റോഡരികിലെ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തുകൊണ്ടാണ് കുഴിയിലേക്ക് മറിഞ്ഞത് . താഴെ നിന്നിരുന്ന റബ്ബർ മരത്തിൽ തടഞ്ഞതുകൊണ്ട് വാഹനം കൊക്കയിലേക്ക് മറിഞ്ഞില്ല. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത് .
അപകടത്തിൽ പെട്ട ബസ്സിന് തകരാർ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാവിലെ അഞ്ചേമുക്കാലോടെ എരുത്വാപുഴ കവലയിൽ കിതച്ചുകിതച്ച് എത്തിയ ബസ്, അവിടെയുണ്ടായിരുന്ന നാട്ടുകാരനോട്, ഡ്രൈവർ വണ്ടിക്ക് തകരാർ ഉണ്ടെന്നും, അടുത്ത് വർക്ക്ഷോപ് ഉണ്ടയോയെന്നും അന്വേഷിച്ചിരുന്നു. ആറുമണിയോടെ അവിടെയുള്ള ഓട്ടോറിക്ഷക്കാർ കവലയിൽ എത്തുമെന്നും, അവരെക്കൊണ്ട് വർക്ക്ഷോപ് മെക്കാനിക്കിനെ എത്തിക്കാമെന്നും പറഞ്ഞെങ്കിലും, അതുവരെ സമയമില്ലന്നും, മുൻപോട്ടു പോവുകയായെന്നും പറഞ്ഞാണ് ഡ്രൈവർ വണ്ടി എടുത്തത് . മിനിറ്റുകൾക്കകം അപകടം സംഭവിക്കുകയും ചെയ്തു.
അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അതുവഴി വന്ന കെ എസ് ആർ ടി സി ബസ്സിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് ആദ്യം അയച്ചത് . പിന്നീട് എത്തിയ പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം ഏറ്റെടുത്തു . മരണപ്പെട്ട യാത്രക്കാരന്റെ ശിരസ്സ് വേർപെട്ട നിലയിൽ റോഡിൽ കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .
സുരക്ഷക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ശരിയായി ഉറപ്പിച്ചിരുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു . അതിനാൽ തന്നെ ബസ് മുട്ടിയ ഉടനെ ക്രാഷ് ബാരിയർ തകർന്ന് പോയിരുന്നു. ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് കൂപ്പുകുത്തിയ ബസ് , അവിടെ നിന്നിരുന്ന മരത്തിൽ തട്ടിയാണ് നിന്നത് . അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വർഷങ്ങൾക്ക് മുൻപ് അതേ സ്ഥലത്ത് ഉണ്ടായ ബസ്സപകടത്തിൽ, കൊക്കയിലേക്ക് മറിഞ്ഞ ബസ്സിൽ ഉണ്ടായിരുന്നവരിൽ 22 പേർ മരണമടഞ്ഞിരുന്നു .