മകളുടെ പ്രണയ വാശിക്കും, അമ്മയുടെ കടുത്ത എതിർപ്പിനും ഇടയിൽ ദാരുണമായി ജീവൻ നഷ്ട്ടപ്പെട്ട മൂവർക്ക് നാടിന്റെ കണ്ണീർ യാത്രാമൊഴി
എരുമേലി : മകളുടെ കടുത്ത പ്രണയത്തെ എതിർത്ത് ആത്മഹത്യാ ശ്രമം നടത്തിയ അമ്മയെ രക്ഷിക്കുവാൻ നടത്തിയ ശ്രമത്തിനിടയിൽ പൊള്ളലേറ്റ് ദാരുണമായി മരണപ്പെട്ട സത്യപാലനും സീതമ്മയ്ക്കും അഞ്ജലിയ്ക്കും നാടിന്റെ അന്ത്യാഞ്ജലി.
അച്ഛനും അമ്മയും സഹോദരിയും കണ്മുമ്പിൽ തീപിടിച്ചു മരണത്തിലേക്ക് പോയതിന്റെ നടുക്കുന്ന കാഴ്ച മറക്കാനാകുന്നില്ല അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്. പ്രിയപ്പെട്ടവരെ ഒന്നിച്ച് നഷ്ടപ്പെട്ട അവനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ല.
എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ -50), മകൾ അഞ്ജലി (26) എന്നിവരുടെ സംസ്കാരം ശനിയാഴ്ച കുടുംബ വീടിന്റെ വളപ്പിൽ മൂന്നരയോടെ നടന്നു . വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
വെള്ളിയാഴ്ച ഉച്ചക്ക് ആണ് വീട്ടിൽ തീ പിടിച്ച് മൂന്ന് പേരും മരണപ്പെട്ടത്. സീതമ്മ വീട്ടിൽ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരിക്കുകളോടെ രക്ഷപ്പെട്ട സത്യപാലന്റെ മകൻ അഖിലേഷ് ശനിയാഴ്ച മൂവരുടെയും മൃതദേഹങ്ങൾക്കൊപ്പമാണ് ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം സത്യപാലന്റെ കുടുംബവീട്ടിൽ എത്തിച്ചത്.പൊതു ദർശനത്തിന് വെച്ച മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മൂവരുടെയും ഫോട്ടോകളും വെച്ചിരുന്നു. പൊള്ളലേറ്റ അഖിലേഷിനെയും വീട്ടിൽ എത്തിച്ചിരുന്നെങ്കിലും കർമ്മങ്ങൾ ചെയ്യാനാവുമായിരുന്നില്ല. സത്യപാലന്റെ അനിയൻ സന്തോഷ്, മക്കൾ, സഹോദരിയുടെ മക്കൾ എന്നിവരാണ് അന്ത്യ കർമ്മങ്ങൾ നടത്തിയത്. നാലുമണിയോടെ മൃതദേഹങ്ങൾ കുടുംബ വീട്ടുവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ ചിതകളിലേക്ക് എടുത്തു. സത്യപാലന്റെ മാതാവിന്റെ ഓരോത്തുരുടെയും പേരെടുത്തു വിളിച്ചുള്ള വിലാപം ഏവരുടെയും കണ്ണുകൾ ഈറനണി യിക്കുന്നതായിരുന്നു.
അഞ്ജലിയ്ക്ക് പിതാവിന്റെ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന നാട്ടിലെ യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെ തുടർന്ന് വിവാഹം നടത്തുന്നതിനെ ചൊല്ലി വീട്ടിൽ ഉണ്ടായ എതിർപ്പ് ആണ് തീപിടുത്തത്തിൽ കലാശിച്ചത്. വിദേശത്ത് നഴ്‌സായിരുന്ന അഞ്ജലി കഴിഞ്ഞയിടെ നാട്ടിൽ എത്തിയ ശേഷം കഴിഞ്ഞ ദിവസം യുവാവ് വിവാഹ ആവശ്യം ഉന്നയിച്ച് അഞ്ജലിയുടെ വീട്ടിൽ എത്തുകയും വീട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. മകൾ യുവാവിനൊപ്പം ഇറങ്ങിപോകുവാൻ തയ്യാറായെങ്കിലും, മാതാപിതാക്കൾ ബലമായി പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഉച്ചക്ക് വീട്ടിൽ ഇതേചൊല്ലി വഴക്കുണ്ടാവുകയും മകൾ യുവാവിനൊപ്പം പോകാതിരിക്കാൻ കതക് പൂട്ടിയ അമ്മ, മുറിക്കുള്ളിൽ പെട്രോൾ സ്വന്തം ദേഹത്ത് ഒഴിച്ച് നടത്തിയ ആത്മഹത്യ ശ്രമത്തിലാണ് കുടുംബാംഗങ്ങളിലേക്ക് തീ പടർന്നതെന്ന് പോലിസ് പറയുന്നു.
സംഭവ സമയത്ത് മകൻ അഖിലേഷ് ബാത്‌റൂമിൽ ആയിരുന്നതിനാൽ കാര്യമായി പൊള്ളലേറ്റില്ല. വീടും വീട്ടിലെ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. വീട് പോലിസ് സീൽ ചെയ്തിരിക്കുകയാണ്. ഫോറൻസിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൂവരുടെയും മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സത്യപാലന്റെ സഹോദരൻ സന്തോഷ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു .