മദ്യപർ തമ്മിലടിച്ചു : ഇടപെട്ട പോലിസിന്റെ നേരെ കൈയേറ്റം : മൂന്ന് പേർ റിമാൻഡിൽ
എരുമേലി : ടൗണിൽ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി . സംഘർഷം അറിഞ്ഞ് ഇടപെട്ട പോലീസിന് നേർക്കും കയ്യേറ്റം നടന്നു . സംഭവത്തിന്റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു .
സംഭവത്തിൽ പിതാവും മകനും ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത പോലിസ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ സ്റ്റേഷനിൽ വെച്ച് പോലിസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതികൾ കോടതിയിൽ മൊഴി നൽകി. രണ്ട് ആഴ്ചത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി അടുത്ത ദിവസം പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കണമെന്നും നിർദേശിച്ചു.
ഇക്കഴിഞ്ഞ ഞായർ ഈസ്റ്റർ ദിനത്തിൽ വൈകിട്ട് എരുമേലി ടൗണിലാണ് സംഭവം. എരുമേലി മറ്റന്നൂർക്കര ലക്ഷം വീട് കോളനി പാടിക്കൽ റഫീഖ് (44), മകൻ അജാസ് (21), സുഹൃത്ത് ഇരുമ്പൂന്നിക്കര പാലയ്ക്കൽ അനന്ദു ബാബു (22) എന്നിവരാണ് അറസ്റ്റിലായി റിമാൻഡ് തടവിലായത്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, എരുമേലി സ്റ്റേഷൻ പോലിസ് സിവിൽ ഓഫിസർ അൻഷുവിനെ നെഞ്ചിൽ പോറൽ ഏൽപ്പിച്ചു, പൊതു സ്ഥലത്ത് അക്രമാസക്തരായി ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആണ് കേസ്.
ലഹരിയിൽ ഒരു പറ്റം പേർ വാഗ്വാദമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലിസ് പറയുന്നു. നാട്ടുകാർ പോലിസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ച് പോലിസ് എത്തിയപ്പോൾ പ്രശ്നം പറഞ്ഞു തീർത്ത് ഇരു സംഘങ്ങളും മടങ്ങുകയായിരുന്നു. ഈ സമയത്ത് എത്തിയ പോലിസുകാരെ കണ്ട് സംഘർഷത്തിൽ ഉൾപ്പെട്ട കുറെ പേർ ഓടിപ്പോയി. അവശേഷിച്ചവരെ പിരിച്ചു വിടാൻ പോലിസ് ശ്രമിക്കുമ്പോൾ സംഘർഷത്തിൽ പെട്ട ഒരു യുവാവിന്റെ പിതാവ് എത്തി പോലിസ് നടപടി ചോദ്യം ചെയ്തത് പോലീസുമായി വാക്കേറ്റമായി മാറുകയായിരുന്നു.. ഇത് കണ്ട് തടസം പിടിക്കാൻ വന്ന മകനെ പോലിസുകാർ ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് വീണ്ടും സംഘർഷമായി മാറി. ജീപ്പിൽ കയറാൻ കൂട്ടാക്കാതെ യുവാവും സുഹൃത്തും പോലീസിനെ ചെറുത്തു. ഇത് പോലീസുകാർക്ക് നേരെ കയ്യേറ്റമായി മാറിയതോടെ കൂടുതൽ പോലിസ് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.