എരുമേലിയിൽ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിച്ചു..
എരുമേലി : ശബരിമല വിമാനത്താവളത്തിന് എരുമേലിയിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് രണ്ടാം തവണയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും 307 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം തീർപ്പാകാതെ സർക്കാരിന് എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാനാകും എന്നതാണ് നിലവിൽ പ്രസക്തമായ വിഷയം.
ആദ്യ വിജ്ഞാപനം ഹൈക്കോടതി ഇടപെടലിൽ റദ്ദാക്കിയിരുന്നു. സ്വതന്ത്ര ഏജൻസി നടത്തേണ്ട സാമൂഹിക ആഘാത പഠനം സർക്കാർ ബന്ധമുള്ള ഏജൻസി നടത്തി എന്നത് ഉൾപ്പടെ പിഴവുകൾ ഉന്നയിച്ച് ചെറുവള്ളി എസ്റ്റേറ്റ് അധികൃതർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദായത്. ഈ പിഴവുകൾ പരിഹരിച്ചാണ് വീണ്ടും പഠനവും വിദഗ്ധ സമിതിയുടെ ശുപാർശയുമായി ഇപ്പോൾ പുതിയ വിജ്ഞാപനമായിരിക്കുന്നത്. എന്നാൽ ഈ വിജ്ഞാപനത്തിലും പിഴവുകൾ ഉന്നയിച്ച് വീണ്ടും നിയമ വ്യവഹാരം നേരിട്ടേക്കാം. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കവും ഭൂമി ഏറ്റെടുക്കലിന് തടസമായി ഉന്നയിക്കപ്പെടാം.
പാലാ സബ് കോടതിയിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ജൂണിൽ അടുത്ത വിസ്താരം ആരംഭിക്കും. ഈ കേസ് തീർപ്പാകാതെ എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയും എന്നത് പ്രധാന നിയമ പ്രശ്നമാണ്.
ഇതിനിടെയാണ് പത്തനംതിട്ട ജില്ലയിൽ വിമാനത്താവള പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ സംസ്ഥാന സർക്കാരിന്റെ ഭരണ വാർഷിക പരിപാടിയിൽ വെച്ചാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ എരുമേലിയിലെ പദ്ധതി ഒഴിവാക്കുമെന്നോ പകരം ആണെന്നോ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. നിലവിൽ പത്തനംതിട്ട ജില്ലയിലെ കൊടുമൺ എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പരിഗണിക്കണമെന്ന നിർദേശം ഹൈക്കോടതിയിൽ നിന്നുയർന്നതുമാണ്.
വിജ്ഞാപന പ്രകാരം തുടർ നടപടികൾ ഇങ്ങനെ.
ഇക്കഴിഞ്ഞ11 നാണ് നിർദ്ദിഷ്ട പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായത്.
റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമായിരുന്നു അനുമതി. റവന്യു നിയമം 11 (1) പ്രകാരമുള്ള നടപടികളുടെ ഭാഗമായി എരുമേലിയിൽ പ്രദേശത്തെ ഭൂവുടമകളിൽനിന്ന് ഏറ്റെടുക്കുന്ന വസ്തുവിന്റെ സർവേ നമ്പർ സഹിതമുള്ള രൂപരേഖ തയ്യാറാക്കണമെന്നാണ് വിജ്ഞാപനത്തിലെ ഒരു നിർദേശം. ഇത് തയ്യാറായാൽ സെക്ഷൻ 12 പ്രകാരം പദ്ധതിപ്രദേശത്തെ സ്കെച്ച് തയ്യാറാക്കണം. അടുത്ത ഘട്ടം പാക്കേജാണ്. പദ്ധതി പ്രദേശത്തെ സാമൂഹിക ആഘാത പഠന പ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര ഭൂമി ഏറ്റെടുക്കൽ ചട്ട പ്രകാരമുള്ള നടപടികൾ ആണ് തുടർന്ന് സ്വീകരിക്കേണ്ടത്. ഈ നടപടികളിൽ ഭൂമി ഉടമകൾക്ക് ആക്ഷേപം അറിയിക്കാൻ 60 ദിവസം സാവകാശമുണ്ട്. ഇതിന് ഹിയറിങ്ങിനും മറ്റും സ്പെഷ്യൽ തഹസിൽദാരെയാണ് ചുമതലപ്പെടുത്തുക.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കലിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം. ഒപ്പം പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. ഇതോടൊപ്പം ഏജൻസി തയാറാക്കുന്ന ഡിപിആർ കേന്ദ്രം അംഗീകരിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തിലേക്ക് കടക്കാം. ഇതിനായി ഡിപിആർ പൂര്‍ത്തിയാക്കി കെഎസ്‌ഐഡിസിക്ക് ഏജൻസി സമര്‍പ്പിക്കുകയും കൂടുതല്‍ അവലോകനത്തിനായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയയ്ക്കുകയും വേണം.