മരത്തിന് മുകളിൽ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ; കുട്ടപ്പന്റെ രക്ഷകരായി ഫയർ ഫോഴ്സ്

മുക്കൂട്ടുതറ : മരത്തിൽ കയറി ശിഖരം മുറിച്ചു കൊണ്ടിരിക്കെ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ഒരു മണിക്കൂറോളം അവശ നിലയിലായ കുട്ടപ്പനെ താഴെയിറക്കാൻ നാട്ടുകാർ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സംഘം മരത്തിൽ കയറി ശിഖരങ്ങൾ മുറിച്ചു നീക്കി കുട്ടപ്പനെ പുറത്തെടുക്കുകയായിരുന്നു.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ കഴിഞ്ഞ ആ ഒരു മണിക്കൂർ ഒരിക്കലും മറക്കാനാകില്ലെന്ന് രക്ഷപെട്ട കുട്ടപ്പൻ പറഞ്ഞു. മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്താണ് സംഭവം. നാട്ടുകാരനായ കല്ലുപുരയ്‌ക്കൽ കുട്ടപ്പൻ (ജോയി -55) ആണ് ചൂരക്കുറ്റി മധുവിന്റെ പുരയിടത്തിലെ കശുമാവ് മരം ഇടമുറിച്ചു നീക്കാനുള്ള ശ്രമത്തിൽ മരത്തിന്റെ മുകളിൽ ശിഖരങ്ങൾക്കിടയിൽ കാൽ കുടുങ്ങി അപകടത്തിലായത്. ശിഖര ഭാഗം മുറിച്ചു കൊണ്ടിരിക്കെ വേർപെട്ട ശിഖര ഭാഗങ്ങൾക്കിടയിൽ കാൽ കുടുങ്ങുകയായിരുന്നു. കുട്ടപ്പനെ രക്ഷിച്ച് പുറത്തിറങ്ങാൻ നാട്ടുകാർ പല ശ്രമങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫിസർ കെ എസ് ഓമനക്കുട്ടൻ, അസി. ഓഫിസർ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഏണി ഉപയോഗിച്ച് മരത്തിൽ കയറി. കുട്ടപ്പന്റെ കാൽ കുടുങ്ങിയ ശിഖര ഭാഗങ്ങൾ യന്ത്ര വാൾ ഉപയോഗിച്ച് മുറിച്ചു നീക്കിയ ശേഷം കുട്ടപ്പനെ വലയ്ക്കുള്ളിൽ ഇരുത്തി താഴേക്ക് ഇറക്കി എത്തിക്കുകയായിരുന്നു. തുടർന്ന് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്കുകൾ ഇല്ലാതെ തന്നെ രക്ഷിച്ച ഫയർ ഫോഴ്സ് സംഘത്തിന് കുട്ടപ്പൻ നന്ദി പറഞ്ഞത് കണ്ണീരോടെയായിരുന്നു.

ഗ്രേഡ് ഓഫിസർ സുദർശനൻ, അനൂപ് വിജയൻ, ജോബിൻ മാത്യു, ജിഷ്ണു രാഘവൻ, റിന്റു ജോസഫ്, ആർ രതീഷ്, വിഷ്ണു, അരവിന്ദാക്ഷൻ, റെജിമോൻ, ഷാരോൺ, ഹരി കെ സുകുമാർ എന്നിവർ ഉൾപ്പെട്ട ഫയർ റെസ്ക്യു സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

error: Content is protected !!