കാഞ്ഞിരപ്പള്ളി –മണിമല –കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണ നടപടി വൈകും

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി –മണിമല –കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണ നടപടികൾ വൈകുന്നതിനു കാരണം വിവിധ വകുപ്പുകൾ ആവശ്യപ്പെട്ട വർധിച്ച യൂട്ടിലിറ്റി ഷിഫ്റ്റിങ് തുക. വാട്ടർ അതോറിറ്റിയും. കെഎസ്ഇബിയും നൽകിയ യൂട്ടിലിറ്റി ഷിഫ്റ്റിങ് എസ്റ്റിമേറ്റ് തുക കൂടുതലായതെന്നാണ് ആരോപണം. റോഡ് നിർമാണത്തിനു മുന്നോടിയായി നിർദിഷ്ട റോഡിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു വാട്ടർ അതോറിറ്റി 4 കോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനു കെഎസ്ഇബി 85 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. പദ്ധതിക്ക് ആകെ കിഫ്ബി അനുവദിച്ച 78 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ വാട്ടർ അതോറിറ്റിയും കെഎസ്ഇബിയും മറ്റു വകുപ്പുകളും ആവശ്യപ്പെട്ടതുൾപ്പെടെ എസ്റ്റിമേറ്റ് തുക 87 കോടി രൂപയായി വർധിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ എസ്റ്റിമേറ്റ് തുക പുനഃപരിശോധിച്ചു ആവശ്യമില്ലാത്ത ഘടകങ്ങൾ ഒഴിവാക്കി കുറഞ്ഞ തുകയുടെ എസ്റ്റിമേറ്റ് 31നു മുൻപായി നൽകണമെന്നും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് അറിയിച്ചു.

യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ച ശേഷം സാങ്കേതികാനുമതിക്കായി സമർപ്പിക്കും. തുടർന്നു ടെൻഡർ നടപടികളിലേക്കു കടന്നു ഓഗസ്റ്റ് മാസത്തോടെ പണികൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ.എൻ.ജയരാജ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി– മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗവും, പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗവും മണിമല മുതൽ വെള്ളാവൂർ വടകര വഴി കുളത്തൂർമൂഴി വരെയുള്ള ഭാഗവും ഉൾപ്പെടുന്ന 24കിലോമീറ്റർ ദൂരമാണ് നിർദിഷ്ട ലിങ്ക് റോഡിനുള്ളത്. ഇതിൽ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം ഒഴിച്ചുള്ള 18 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ നവീകരിച്ച് ലിങ്ക് റോഡ് നിർമിക്കുന്നതാണ് പദ്ധതി.

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ ഭാഗമായി മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം മികച്ച നിലവാരത്തിൽ നവീകരിച്ചിട്ടുള്ളതിനാലാണ് ഈഭാഗം പദ്ധതിയിൽ നിന്നും ഒഴിവാക്കിയത്. റോഡ് നവീകരിച്ചാൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തു നിന്നും കുളത്തൂർമൂഴി വഴി പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോകാനുള്ള എളുപ്പമാർഗമാകും.

കാഞ്ഞിരപ്പള്ളി – കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണം തുടങ്ങാൻ വൈകുന്നതിനാൽ അതിനു മുൻപേ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു നവീകരിക്കുന്നതിനു 50 ലക്ഷം രൂപ കിഫ്ബി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഇത്രയും ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ട് അതീവ ശോചനീയാവസ്ഥയിലായതു കൊണ്ടാണ് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചതെന്നും ചീഫ് വിപ്പ് അറിയിച്ചു. കാഞ്ഞിരപ്പള്ളി മുതൽ വാളക്കയം വരെയുള്ള ഭാഗം റീടാർ ചെയ്യാനും ബാക്കിയുള്ള ഭാഗത്തെ കുഴികൾ അടച്ചും റോഡ് സഞ്ചാരയോഗ്യമാക്കാനുമാണ് തുക അനുവദിച്ചത്.

error: Content is protected !!