കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 28/07/2024
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …
ഗിന്നസ് റെക്കോർഡ് ജേതാവ് ജോസുകുട്ടി എൽബിന് സർട്ടിഫിക്കറ്റ് കൈമാറി
കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.
വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന ചടങ്ങിൽ ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്‌ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡന്റ് ഗിന്നസ് ലത.ആർ. പ്രസാദ്, ആഗ്രഹ് കോർഡിനേറ്റർ ഗിന്നസ് ആശ്വിൻ വാഴുവേലിൽ വാഴൂർ NSS സ്കൂൾ HM ശ്രീ കെ. ആർ. ഗോപകുമാർ എന്നിവർ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
2022 സെപ്റ്റംബർ 2ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ റോക്കോ മെർക്കുറിയോ 13.25 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.56 സെക്കൻഡായി തിരുത്തിയത്. പീരുമേട് മരിയഗിരിഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പ്രകടനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. മുൻപ് യു.ആർ.എഫ് ലോക റിക്കാർഡ് നേടിയിട്ടുണ്ട്.
ജോസുകുട്ടി വാഴൂർ എസ്.വി.ആർ. വി എൻ എസ്.എസ് ഹൈസ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിയാണ്. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ, ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ, ജോസഫൈൻ എൽബിൻ ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്. പാറപള്ളിൽ അപ്പച്ചന്റെ കൊച്ചുമകനാണ്. ജോസുകുട്ടി.
അമൽ ജ്യോതി കോളേജിൽ ദേശീയ സമ്മേളനം (ASSET 2024) ആരംഭിച്ചു
(Advances in Sustainability Science Engineering and Technology (ASSET 2024)
കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിങ് കോളേജിലെ കെമികൽ എഞ്ചിനീയറിങ് വിഭാഗം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദേശീയ സമ്മേളനം അസെറ്റ് 2024 – (Advances in Sustainability Science Engineering and Technology(ASSET 2024) ന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം, FACT ടെക്നികൽ ഡയറക്ടർ ഡോ.കെ .ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെമികൽ എൻജിനിയറിങ് വകുപ്പ് മേധാവി ഡോ.ജയശ്രീ പി . കെ , അമൽ ജ്യോതി കോളേജ് ഡീൻ റിസേർച്ച് ഡോ.സോണി സി ജോർജ്ജ് , അസെറ്റ് അധ്യാപക കോ ഓർഡിനേറ്റർ സൂരജ് സി രാജൻ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് കെമികൽ എൻജിനിയറിങ് കൊച്ചി ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തി സുസ്ഥിരവികസനം, ശാസ്ത്രം, എൻജിനിയറിങ് ആന്റ് ടെക്നോളജി എന്നിവയിലെ പ്രേമേയങ്ങൾ അവതരിപ്പിക്കും. ഈ ത്രിദിന ദേശീയ ശാസ്ത്ര സമ്മേളനത്തിൽ IIT, നാഷനൽ കെമികൽ ലബോറട്ടറി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കുചേരും. വിവിധ മേഖലകളിൽ നിന്നുള്ള ബിരുദവിദ്യാർഥികളും, ഗവേഷണ വിദ്യാർഥികളും തങ്ങളുടെ ഗവേഷണ പേപ്പറുകൾ അവതരിപ്പിക്കും.
ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ; പട്ടണത്തിലൂടെ ‘ഒളിമ്പിക്സ് റൺ ‘നടത്തി
കാഞ്ഞിരപ്പള്ളി : പാരിസ് ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ‘ഒളിമ്പിക്സ് റൺ ‘ സംഘടിപ്പിച്ചു . ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്നുകൊണ്ട് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെയും spc യുടെയും ആഭിമുഖ്യത്തിലാണ് ‘ഒളിമ്പിക്സ് റൺ ‘ സംഘടിപ്പിച്ചത് .
കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ നടത്തിയ ഓട്ടം സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിസ മോൾ ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ കായികമേളയിലെ ദേശീയ താരം ശിഖ എം സോബിന് ദീപശിഖ നൽകികൊണ്ട് ആരംഭിച്ച 2 കിലോമീറ്റർ ഓട്ടത്തിൽ കായിക താരങ്ങളും spc കുട്ടികളും ഉൾപ്പെടെ 100 കുട്ടികൾ പങ്കെടുത്തു. കായികധ്യാപിക എബിലി വർഗീസ്, SPC സിപിഒ ജാസ്മിൻ ടോം, എസിപിഒ നിറ്റു മരിയ ആന്റണി എന്നിവർ നേതൃത്വം നൽകി.
മരത്തിന് മുകളിൽ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ; കുട്ടപ്പന്റെ രക്ഷകരായി ഫയർ ഫോഴ്സ്
മുക്കൂട്ടുതറ : മരത്തിൽ കയറി ശിഖരം മുറിച്ചു കൊണ്ടിരിക്കെ ശിഖരങ്ങൾക്കിടെ കാൽ കുടുങ്ങി ഒരു മണിക്കൂറോളം അവശ നിലയിലായ കുട്ടപ്പനെ താഴെയിറക്കാൻ നാട്ടുകാർ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സംഘം മരത്തിൽ കയറി ശിഖരങ്ങൾ മുറിച്ചു നീക്കി കുട്ടപ്പനെ പുറത്തെടുക്കുകയായിരുന്നു.
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ കഴിഞ്ഞ ആ ഒരു മണിക്കൂർ ഒരിക്കലും മറക്കാനാകില്ലെന്ന് രക്ഷപെട്ട കുട്ടപ്പൻ പറഞ്ഞു. മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്താണ് സംഭവം. നാട്ടുകാരനായ കല്ലുപുരയ്‌ക്കൽ കുട്ടപ്പൻ (ജോയി -55) ആണ് ചൂരക്കുറ്റി മധുവിന്റെ പുരയിടത്തിലെ കശുമാവ് മരം ഇടമുറിച്ചു നീക്കാനുള്ള ശ്രമത്തിൽ മരത്തിന്റെ മുകളിൽ ശിഖരങ്ങൾക്കിടയിൽ കാൽ കുടുങ്ങി അപകടത്തിലായത്. ശിഖര ഭാഗം മുറിച്ചു കൊണ്ടിരിക്കെ വേർപെട്ട ശിഖര ഭാഗങ്ങൾക്കിടയിൽ കാൽ കുടുങ്ങുകയായിരുന്നു. കുട്ടപ്പനെ രക്ഷിച്ച് പുറത്തിറങ്ങാൻ നാട്ടുകാർ പല ശ്രമങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ കെ എസ് ഓമനക്കുട്ടൻ, അസി. ഓഫിസർ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഏണി ഉപയോഗിച്ച് മരത്തിൽ കയറി. കുട്ടപ്പന്റെ കാൽ കുടുങ്ങിയ ശിഖര ഭാഗങ്ങൾ യന്ത്ര വാൾ ഉപയോഗിച്ച് മുറിച്ചു നീക്കിയ ശേഷം കുട്ടപ്പനെ വലയ്ക്കുള്ളിൽ ഇരുത്തി താഴേക്ക് ഇറക്കി എത്തിക്കുകയായിരുന്നു. തുടർന്ന് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്കുകൾ ഇല്ലാതെ തന്നെ രക്ഷിച്ച ഫയർ ഫോഴ്സ് സംഘത്തിന് കുട്ടപ്പൻ നന്ദി പറഞ്ഞത് കണ്ണീരോടെയായിരുന്നു.
ഗ്രേഡ് ഓഫിസർ സുദർശനൻ, അനൂപ് വിജയൻ, ജോബിൻ മാത്യു, ജിഷ്ണു രാഘവൻ, റിന്റു ജോസഫ്, ആർ രതീഷ്, വിഷ്ണു, അരവിന്ദാക്ഷൻ, റെജിമോൻ, ഷാരോൺ, ഹരി കെ സുകുമാർ എന്നിവർ ഉൾപ്പെട്ട ഫയർ റെസ്ക്യു സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ചിറക്കടവിൽ മുറിച്ചുനിർത്തിയ ആൽമരത്തിന് ഇന്ന് വൃക്ഷായുർവേദ ചികിത്സ ; പുനർജീവനാകുമെന്ന് ശുഭപ്രതീക്ഷ
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനാൽ മുറിച്ചുനിർത്തിയ ആൽമരത്തിന് പുനർജീവനേകാൻ ഞായറാഴ്ച വൃക്ഷായുർവേദ ചികിത്സ നടത്തും. 13 വർഷമായി നിരവധി മരങ്ങൾക്ക് ആയുർവേദ ചികിത്സയിലൂടെ പുനർജീവൻ നൽകിയ പരിസ്ഥിതിപ്രവർത്തകൻ കെ.ബിനുവാണ് ഇതിന് നേതൃത്വം നൽകുന്നത്. പൊൻകുന്നം-പുനലൂർ ഹൈവേയുടെ പുറമ്പോക്കിലെ ആൽമരം ഒടിഞ്ഞുവീഴാൻ സാധ്യതയേറിയതിനാൽ ദേവസ്വം കൂടി മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് മുറിച്ചത്. സോഷ്യൽഫോറസ്ട്രിയുടെയും ജില്ലാട്രീ അതോറിറ്റിയുടെയും അനുമതി വാങ്ങിയാണ് പൊതുമരാമത്ത് വകുപ്പ് ആൽമരം മുറിച്ചത്. കെ.ബിനുവിന്റെ നിർദേശപ്രകാരം 10 അടിയോളം ഉയരത്തിൽ തായ്ത്തടി നിലനിർത്തിയാണ് മുറിച്ചിട്ടത്. പൂർണമായും ഉണങ്ങാത്ത മരമായതിനാൽ വീണ്ടും തളിർക്കാൻ സാധ്യതയേറെയെന്നാണ് കരുതുന്നത്.
ഞായറാഴ്ച രാവിലെ 10-ന് ബിനുവിന്റെ നേതൃത്വത്തിൽ ഔഷധക്കൂട്ടുകൾ മരത്തിൽ പൊതിഞ്ഞ് തുണികൊണ്ട് ചുറ്റിവരിഞ്ഞ് നിർത്തും. മാസങ്ങൾക്കുള്ളിൽ പുതിയ നാമ്പുകൾ ആൽമരത്തിനുണ്ടാവുമെന്നാണ് മുൻ അനുഭവങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളായ വിദ്യാർഥികൾ വൃക്ഷായുർവേദ ചികിത്സ പഠിക്കാൻ എത്തും. വൃക്ഷചികിത്സയുടെ തത്സമയ ചിത്രരചന നടത്താൻ ചിത്രകലാവിദ്യാർഥികളുമെത്തും. സുനിൽ ഡാവിഞ്ചി ഡയറക്ടറായ വാഴൂർ ചിത്രകലാ സ്‌കൂൾ ഓഫ് ആർട്സിലെ വിദ്യാർഥികളാണ് കാൻവാസിൽ ചികിത്സയുടെ വിവിധ ഘട്ടങ്ങൾ വരയ്ക്കുന്നത്.
കാവുങ്കൽ ചിന്നമ്മയുടെ നിര്യാണത്തിൽ നാടിന് നഷ്ടമായത് അശരണർക്ക് ആശ്രയമായിരുന്ന മനുഷ്യസ്നേഹിയെ…
മുക്കൂട്ടുതറ : ഇന്നലെ കാവുങ്കൽ ചിന്നമ്മ വർഗീസ് (82) മരണപ്പെട്ടത് അറിഞ്ഞപ്പോൾ നാട്ടുകാരുടെ മനസിൽ ഓടിയെത്തിയത് 2018 ലെ പ്രളയ ദുരിതത്തിൽ നന്മകൾ പകർന്നതിന്റെ ഓർമകൾ. വാടക വീട് വെള്ളത്തിൽ തകർന്ന അയല്പക്കത്തെ കുടുംബത്തിന്റെ കണ്ണീര് തുടയ്ക്കാൻ നാല് സെന്റ് സ്ഥലം നൽകിയ ചിന്നമ്മ വർഗീസ് കോവിഡ് കാലത്ത് തന്റെ ടി വിയും മൊബൈൽ ഫോണും സംഭാവനയായി നാടിന് നൽകിയത് നാടിന് മറക്കാനാവില്ല. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറികളും വിഭവങ്ങളും ചിന്നമ്മ എത്തിച്ചിരുന്നു.
2018 ലെ പ്രളയത്തിൽ വാടക വീട് നഷ്ടപ്പെട്ട നിർധന കുടുംബത്തിന് സംരക്ഷണം നൽകുന്ന കാര്യം വാർഡ് ഗ്രാമസഭയിൽ ചർച്ചയായത് അറിഞ്ഞ് ഗ്രാമസഭയിൽ എത്തിയ ചിന്നമ്മ തന്റെ സ്ഥലത്ത് നിന്ന് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും പഞ്ചായത്ത് അധികൃതർക്ക് സ്ഥലത്തിന്റെ രേഖ കൈമാറുകയും ചെയ്തു. പരേതനായ കാവുങ്കൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ കുടിയേറ്റ കർഷക കുടുംബാംഗമാണ്. വർഷങ്ങൾക്ക് മുമ്പ് കെടുതികളും ദുരിതങ്ങളും അനുഭവിച്ച കുടിയേറ്റ ജീവിതത്തിന്റെ ഓർമകളാണ് സാമൂഹിക സേവനങ്ങളിൽ ചിന്നമ്മയ്ക്ക് പ്രചോദനമായത്. സിപിഐ നേതാവ് എബി ഉൾപ്പടെ ഏഴ് മക്കളാണ് ചിന്നമ്മയ്ക്ക്. നിര്യാണം അറിഞ്ഞ് നിരവധി പേർ അനുശോചനം അറിയിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം വീട്ടിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാരം നാളെ ഉച്ചക്ക് മുക്കൂട്ടുതറ ഐപിസി എബനേസർ പള്ളി സിമിത്തേരിയിൽ.
മണിമല സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ ദീപശിഖ പ്രയാണം
മണിമല പാരിസ് ഒളിമ്പിക്സ് 2024 നോടനുബന്ധിച്ച് ഈ വർഷം നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് 2024 ന്റെ ഭാഗമായി ദീപശിഖാ പ്രയാണം മണിമല സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണിമല എസ്. എച്ച്. ഒ. ജയചന്ദ്രൻ ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പി.റ്റി.എ പ്രസിഡൻ്റ് സുബാഷ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു . അധ്യാപിക സുമ ബിജു നേതൃത്വം നൽകി.
സ്കൂളിൽ നിന്നും അദ്ധ്യാപകരുടെ നേതൃത്വത്തിൽ ടൗണിലെത്തിയ റാലിയ്ക്ക് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അനൂപ് ആശംസാസന്ദേശം നൽകി സ്വീകരിച്ചു. ഉദ്ഘാടകൻ കൊളുത്തിയ ദീപശിഖ സ്കൂൾ സ്പോർട്ട്സ് ലീഡർമാരായ ആഷിക് ജോ സുബാഷ് , സാനിയ സോജി എന്നിവർ ഏറ്റുവാങ്ങി ടൗൺ ചുറ്റി തിരികെ സ്കൂളിൽ എത്തിച്ചു.
കാഞ്ഞിരപ്പള്ളി –മണിമല –കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണ നടപടി വൈകും
കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി –മണിമല –കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണ നടപടികൾ വൈകുന്നതിനു കാരണം വിവിധ വകുപ്പുകൾ ആവശ്യപ്പെട്ട വർധിച്ച യൂട്ടിലിറ്റി ഷിഫ്റ്റിങ് തുക. വാട്ടർ അതോറിറ്റിയും. കെഎസ്ഇബിയും നൽകിയ യൂട്ടിലിറ്റി ഷിഫ്റ്റിങ് എസ്റ്റിമേറ്റ് തുക കൂടുതലായതെന്നാണ് ആരോപണം. റോഡ് നിർമാണത്തിനു മുന്നോടിയായി നിർദിഷ്ട റോഡിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു വാട്ടർ അതോറിറ്റി 4 കോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനു കെഎസ്ഇബി 85 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. പദ്ധതിക്ക് ആകെ കിഫ്ബി അനുവദിച്ച 78 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ വാട്ടർ അതോറിറ്റിയും കെഎസ്ഇബിയും മറ്റു വകുപ്പുകളും ആവശ്യപ്പെട്ടതുൾപ്പെടെ എസ്റ്റിമേറ്റ് തുക 87 കോടി രൂപയായി വർധിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ എസ്റ്റിമേറ്റ് തുക പുനഃപരിശോധിച്ചു ആവശ്യമില്ലാത്ത ഘടകങ്ങൾ ഒഴിവാക്കി കുറഞ്ഞ തുകയുടെ എസ്റ്റിമേറ്റ് 31നു മുൻപായി നൽകണമെന്നും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് അറിയിച്ചു.
യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ച ശേഷം സാങ്കേതികാനുമതിക്കായി സമർപ്പിക്കും. തുടർന്നു ടെൻഡർ നടപടികളിലേക്കു കടന്നു ഓഗസ്റ്റ് മാസത്തോടെ പണികൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ.എൻ.ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി– മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗവും, പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗവും മണിമല മുതൽ വെള്ളാവൂർ വടകര വഴി കുളത്തൂർമൂഴി വരെയുള്ള ഭാഗവും ഉൾപ്പെടുന്ന 24കിലോമീറ്റർ ദൂരമാണ് നിർദിഷ്ട ലിങ്ക് റോഡിനുള്ളത്. ഇതിൽ മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം ഒഴിച്ചുള്ള 18 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ നവീകരിച്ച് ലിങ്ക് റോഡ് നിർമിക്കുന്നതാണ് പദ്ധതി.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ ഭാഗമായി മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം മികച്ച നിലവാരത്തിൽ നവീകരിച്ചിട്ടുള്ളതിനാലാണ് ഈഭാഗം പദ്ധതിയിൽ നിന്നും ഒഴിവാക്കിയത്. റോഡ് നവീകരിച്ചാൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തു നിന്നും കുളത്തൂർമൂഴി വഴി പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോകാനുള്ള എളുപ്പമാർഗമാകും.
കാഞ്ഞിരപ്പള്ളി – കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണം തുടങ്ങാൻ വൈകുന്നതിനാൽ അതിനു മുൻപേ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു നവീകരിക്കുന്നതിനു 50 ലക്ഷം രൂപ കിഫ്ബി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഇത്രയും ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ട് അതീവ ശോചനീയാവസ്ഥയിലായതു കൊണ്ടാണ് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചതെന്നും ചീഫ് വിപ്പ് അറിയിച്ചു. കാഞ്ഞിരപ്പള്ളി മുതൽ വാളക്കയം വരെയുള്ള ഭാഗം റീടാർ ചെയ്യാനും ബാക്കിയുള്ള ഭാഗത്തെ കുഴികൾ അടച്ചും റോഡ് സഞ്ചാരയോഗ്യമാക്കാനുമാണ് തുക അനുവദിച്ചത്.
അറ്റകുറ്റപ്പണിക്കായി കോസ് വേ അടച്ചു; മുണ്ടക്കയത്ത് ഗതാഗതക്കുരുക്ക്
മുണ്ടക്കയം കോരുത്തോട് – മുണ്ടക്കയം പാതയിലെ കോസ് വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചതോടെ ദേശീയപാതയിലും ടൗണിലും ഗതാഗ തക്കുരുക്ക് രൂക്ഷമായി.
കോസ് വേ അടച്ചതോടെ കുഴിമാവ്, കോരുത്തോട്, പുഞ്ചവയൽ പ്രദേശങ്ങളിലേക്കുള്ള എല്ലാ വാഹനങ്ങളും ദേശീയപാതയിലെ കല്ലേപ്പാലത്ത് എത്തി മുളംപാലം വഴിയാണ് പോകുന്നത്. വാഹനങ്ങൾ തിരിച്ചും ഇതേ വഴിതന്നെ പോകുന്നതാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്.
കല്ലേപ്പാലം കഴിഞ്ഞ് യുടേൺ തിരിഞ്ഞ് കയറുന്ന ജങ്ഷനിലാണ് കൂടുതൽ ഗതാഗതക്കുരുക്ക്. തിരക്കേറിയ കൊട്ടാരക്കര -ദിണ്ടിക്കൽ പാതയിലൂടെ ബസ് അടക്കമുള്ള വാഹനങ്ങൾകൂടി എത്തുമ്പോഴാണ് തിരക്ക് വർധിക്കുന്നത്. ഇവിടെ ഒരു പോലീസുകാരനെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
കോസ്‌വേയുടെ അറ്റകുറ്റപ്പണി നീളുന്നതിനെതിരേ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കേണ്ട അറ്റകുറ്റപ്പണികളാണ് അനന്തമായി നീളുന്നത്.
ശനിയാഴ്ച രാവിലെ പത്തോടെ കോസ്‌വയിലേക്ക് പോകാനെത്തിയ കെ.എസ്.ആർ.ടി.സി. ബസ് തിരിക്കുന്നതിനിടെ ഗതാ ഗതക്കുരുക്കുണ്ടായി. കുട്ടിക്കാനം ഭാഗത്തുനിന്ന് രോഗിയുമായെത്തിയ ആംബുലൻസ് 15 മി നിറ്റോളം കുരുക്കിൽപ്പെട്ടു. ഇതിനുശേഷം ഗ്യാസ് സിലിൻഡറു കൾ കയറ്റിവന്ന ലോറി മുളംപാലത്തിന് സമീപം കേടായത് വീണ്ടും കുറെ സമയത്തേക്ക് ഗതാഗത കുരുക്കിനിടയാക്കി.
മുണ്ടക്കയം പഞ്ചായത്തിനെതിരേയുള്ള സമരം രാഷ്ട്രീയപ്രേരിതമെന്ന് ഭരണസമിതി..
മുണ്ടക്കയം: പഞ്ചായത്തിനെതി രേ കോൺഗ്രസ് നടത്തുന്ന സമ രം തികച്ചും രാഷ്ട്രീയപ്രേരിത മാണെന്ന് മുണ്ടക്കയം പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
മാലിന്യ പ്രശ്‌നങ്ങൾ ഊർജിതമായി പരിഹരിച്ചു വരുന്നതായും 46 ഹരിത കർമസേനാംഗങ്ങളും ആറ് ശുചീകരണ തൊഴിലാളികളും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നതായും മാസംതോറും 2500 കിലോ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരു കോടി 40 ലക്ഷം രൂപയുടെ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ലൈഫ് ഭവന പദ്ധതിയിൽ 419 വീടു കൾ അനുവദിച്ചിട്ടുണ്ട്. യുഡിഎ ഫ് ഭരണത്തിൽ തുടങ്ങിവച്ച ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സ് കൃത്യമായി രേഖകൾ സമർപ്പി ക്കാതിരുന്നതിനാൽ കോടതി നടപടികളിലാണ്. അത്തരം പ്രശ്‌നങ്ങളും പരിഹരിച്ചു വരുന്നു.
173 കോടി രൂപ ചെലവിട്ടുള്ള ജ ൽ ജീവൻ പദ്ധതി, അഞ്ചുകോടി രൂപയുടെ തിലകൻ സ്മാരക സാംസ്‌കാരിക നിലയവും ടൗൺഹാളും നിർമാണം ആരംഭിച്ചു കഴിഞ്ഞു. ബൈപാസിൽ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. ഒരുകോടി രൂപയുടെ പുത്തൻചന്ത സ്റ്റേഡിയം, മിനി സിവിൽ സ്റ്റേഷൻ എന്നിവ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഫണ്ട് ചെലവഴിച്ചു വരുന്ന മുണ്ടക്കയം പഞ്ചായത്ത് ഭരണ സമിതിക്കെതിരേ രാഷ്ട്രീയപ്രേരിതമായ കോൺഗ്രസ് സമരം ജനങ്ങൾ തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അറിയിച്ചു.
വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, ദിലീഷ് ദിവാകരൻ, സി.വി. അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, പ്രസന്ന ഷിബു, കെ.ടി. റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.
ബാങ്ക് തെരഞ്ഞെടുപ്പ് കാമറ നിരീക്ഷണത്തിലാക്കാൻ കോടതി ഉത്തരവ്
കാഞ്ഞിരപ്പള്ളി: സെൻട്രൽ സർവീസ് സഹകരണ ബാങ്കിൽ ഇന്നു നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും കാമറ നിരീക്ഷണത്തിലാക്കി പോലീസ് സംരക്ഷണം ഉറപ്പ് വരുത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടതായി ഭരണസമിതി അംഗം പി.എ. ഷെമീർ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവായത്. വ്യാജ വോട്ടുകൾ തടയുന്നതിന് അംഗങ്ങൾക്ക് ബാങ്കിൽനിന്ന് നൽകിയ തിരിച്ചറിയൽ കാർഡ് കൂടാതെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച മറ്റൊരു അംഗീകൃത തിരിച്ചറിയൽരേഖ കൂടി ഹാജരാക്കിയാൽ മാത്രമേ വോട്ട് ചെയ്യുവാൻ കഴിയുകയുള്ളൂ. ഇക്കാര്യം വരണാധികാരി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര ബജറ്റിനെതിരെ സിപിഎം പ്രകടനം
മുണ്ടക്കയം ∙ കേന്ദ്രബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു സിപിഎം പ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.വി.അനിൽ കുമാർ, പി.എസ്.സുരേന്ദ്രൻ, റെജീന റഫീഖ്, എം.ജി.രാജു, പി.കെ.പ്രദീപ്, അജിത രതീഷ്, രേഖ ദാസ്, റിനോഷ് രാജേഷ് എന്നിവർ പ്രസംഗിച്ചു.
ഡൊമിനിക് ജോബ് ചെമ്പകത്തുങ്കൽ പ്രസിഡന്റ്
എരുമേലി ∙ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി ഡൊമിനിക് ജോബ് ചെമ്പകത്തുങ്കലിനെ തിരഞ്ഞെടുത്തു. കരീം ചക്കാലക്കൽ ആണ് വൈസ് പ്രസിഡന്റ്. സുശീൽ കുമാർ പുതുപറമ്പിൽ. അബ്ദുൽ റസാഖ് പ്ലാമ്മൂട്ടിൽ. ബെന്നി ജോസഫ് നെടുംതകിടി. റെജി ജോൺ, അന്ന എൽസി ആന്റണി നാഗത്തുങ്കൽ. ത്രേസ്യാമ്മ മങ്കന്താനം. പി. സുരേന്ദ്രൻ, അനീഷ അജു മലയിൽ. ഗൗതം അനിൽ മറ്റത്തിൽ (ഡയറക്ടർ ബോർഡ് അംഗങ്ങൾ ). നിലവിലെ പ്രസിഡന്റ് സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസർ ജിൻസി. കെ. ചെറിയാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
പൊൻകുന്നം ∙ ഓൾ സെയിന്റ്സ് സിഎസ്ഐ ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ സിഎംഎസ് എൽപി സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. വാസൻ ഐ കെയറിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും.
യുഡിഎഫ് മണ്ഡലം നേതൃയോഗം
പെരുവന്താനം ∙ യുഡിഎഫ് മണ്ഡലം നേതൃയോഗം നടന്നു. ചെയർമാൻ സാജു പൗവത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഷിനാജ് ജേക്കബ്, സെയ്ത് മുഹമ്മദ്, അബിനാസ്, ടി.എൻ.മധുസൂദനൻ, വി.സി.ജോസഫ്, ഷാജഹാൻ മഠത്തിൽ, ജോൺ.പി.തോമസ്, സി.ടി.മാത്യു, നിജിനി ഷംസുദീൻ, കെ.ജെ ജോസുകുട്ടി, കെ.എൻ.രാമദാസ്, ടി.ആർ.ബൈജു, കെ.ആർ.വിജയൻ, എബിൻ കുഴിവേലി, മേരിക്കുട്ടി ബിനോയി, ഡോമിന സജി, മിനി ഗംഗാധരൻ, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ്, മൈമുന, ഷാബിത് എന്നിവർ പ്രസംഗിച്ചു.
പൊലീസ് സംരക്ഷണം ഉറപ്പാക്കും
കാഞ്ഞിരപ്പള്ളി ∙ ഇന്ന് നടക്കുന്ന സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കി പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടതായി ഭരണസമിതി അംഗം പി.എ ഷെമീർ അറിയിച്ചു.
ശാലോം മധ്യസ്ഥ പ്രാർഥന
കാഞ്ഞിരപ്പള്ളി ∙ ശാലോം മധ്യസ്ഥ പ്രാർഥന നാളെ രാവിലെ 10 സിഎംസി മഠം ചാപ്പലിൽ നടത്തും. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥന എന്നിവയ്ക്കു ഫാ.ജോസഫ് പുലവേലിൽ നേതൃത്വം നൽകും.
കേന്ദ്രബജറ്റിൽ അവഗണന ; അങ്കണവാടി ജീവനക്കാർ ധർണ നടത്തി
മുണ്ടക്കയം ∙ കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചെന്നാരോപിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി അഡീഷനൽ പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫിസ് പടിക്കൽ ധർണ നടത്തി.
സംസ്ഥാന സെക്രട്ടറി മിനി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ബി.ലീലാമ്മ, കെ.എ.റംലത്ത്, അൽഫോൻസ് ജേക്കബ്, സി.സി.ശാന്തമ്മ, ടി.കെ.രാജമ്മ, ജയമോൾ, നൂർജഹാൻ, ഷാന്റി, ഷിജി മോൾ, ഷംസാദ്, ജിനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
എരുമേലിയിൽ നിന്നും കൂടുതൽ കെഎസ്ആർടി സർവീസുകൾ ആരംഭിക്കണം
എരുമേലി ∙ തീർഥാടകർക്കും യാത്രക്കാർക്കും പ്രയോജനപ്രദമാകും വിധം കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. 125 ൽ പരം ജീവനക്കാരും നൂറു കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടവും ബസ് സ്റ്റാൻഡും പ്രളയത്തെ തുടർന്ന് തകർന്ന അവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷനിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബി ഡേവിഡ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. ബാബു അധ്യക്ഷത വഹിച്ചു. കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ആർ. ഹരിദാസ്, ജില്ലാ സെക്രട്ടറി എം.കെ. ആശേഷ്, അനൂപ് അയ്യപ്പൻ, പി.എൻ മോഹനൻ, ടി.എസ് ജയകുമാർ, എം.എം ജെസ്‌ന മോൾ എന്നിവർ പ്രസംഗിച്ചു.
ഓർമയായത് മുക്കൂട്ടുതറയിലെ ആദ്യകാല വ്യാപാരി
എരുമേലി ∙ ആദ്യകാല കുടിയേറ്റ കർഷകനും മുക്കൂട്ടുതറ മർച്ചന്റ് അസോസിയേഷന്റെ സ്ഥാപകനുമായ ക ൊല്ലമുള 70 ഏക്കർ കുളപ്രത്താഴെ ജോസഫ് ജോൺ (89) ഓർമയായി. 1960 കളിൽ കർഷകനായി എത്തി മുക്കൂട്ടുതറയുടെ സമസ്ത മേഖലകളിലും വികസനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോസഫ് ജോൺ ഇന്നലെയാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് 11.30 ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും.
70 കളുടെ മധ്യത്തിൽ മുക്കൂട്ടുതറ ട്രേഡേഴ്സ് എന്ന പേരിൽ ജോസഫ് ജോൺ വ്യാപാരം ആരംഭിച്ചു.1982 ൽ മുക്കൂട്ടുതറ മർച്ചന്റ് അസോസിയേഷൻ എന്ന സ്വതന്ത്ര വ്യാപാര സംഘടനയ്ക്ക് രൂപം നൽകി. സ്ഥാപക പ്രസിഡന്റായും കാൽ നൂറ്റാണ്ടോളം സംഘടനയുടെ അമരക്കാരനായും പ്രവർത്തിച്ചു. നിലവിൽ രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു. വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ബോർഡ് അംഗവും, റബർ ഡീലേഴ്സ് മുൻ ജില്ലാ വൈസ് പ്രസിഡന്റും ആയിരുന്നു. ജോസഫ് ജോൺ കുളപ്രത്താഴെയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു, പ്രസിഡന്റ് സി.ജെ. അജിമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.സി. ജോബി, വൈസ് പ്രസിഡന്റ് ബെന്നി മങ്കന്താനം, ട്രഷറ ർ എസ്. സാബു, സെക്രട്ടറി ലിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ മോഷണം: പ്രതി അറസ്റ്റിൽ
പൊൻകുന്നം ∙ മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ മോഷണക്കേസിൽ തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിറിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 27ന് രാത്രി പൊൻകുന്നം മുസ്‌ലിം പള്ളിയിൽ അതിക്രമിച്ചുകയറി ഇമാം താമസിക്കുന്ന മുറിയുടെ ജനൽ തുറന്നു മേശയിൽ വച്ചിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതി ചേർത്തലയിൽ നിന്നാണു പിടിയിലായത്.
ഇയാൾ പള്ളികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ആളാണെന്നും 2023 മാർച്ചിൽ പുനലൂരിൽ മുസ്‌ലിം പള്ളിയിൽ നിന്നു ലാപ്ടോപ്പും മൊബൈൽ ഫോണും ഹാർഡ് ഡിസ്കും പെൻഡ്രൈവും മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു. എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ ഹരിഹര കുമാർ, കെ.ജി.മനോജ്, സിപിഒമാരായ ആർ.സതീഷ്, വി.ആർ.പ്രദീപ്, വിനീത് ആർ.നായർ എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണം
പൊൻകുന്നം: പൊൻകുന്നം പോസ്റ്റ്ഓഫീസ് വഴി ടൗണിൽ എത്തുന്ന എ.കെ.പാച്ചുപിള്ള റോഡിലെ വഴിവിളക്കുകൾ തെളിക്കാൻ ചിറക്കടവ് പഞ്ചായത്ത് നടപടിയെടുക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അറിയിച്ചു. റോഡിന്റെ ഇരുവശവും ധാരാളം വീടുകളുള്ളതിനാൽ വഴിയാത്രക്കാർ ഏറെയുണ്ട്. സന്ധ്യയായാൽ വെളിച്ചമില്ല. ഈ റോഡിലുള്ള തെരുവിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തരനടപടി എടുത്തില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് സേവ്യർ മൂലകുന്ന് അറിയിച്ചു.
ഇന്നത്തെ പരിപാടി
∙ പൊൻകുന്നം സിഎംഎസ് എൽ പി സ്കൂൾ : ഓൾ സെയിന്റ്സ് സിഎസ്ഐ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് -10.00
എയ്ഞ്ചൽവാലി ∙ എരുമേലി പഞ്ചായത്ത് 11–ാം വാർഡ് ഗ്രാമസഭ ഇന്ന് 2 ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടക്കും.
മുട്ടപ്പള്ളി ∙ എരുമേലി പഞ്ചായത്ത് 17–ാം വാർഡ് ഗ്രാമസഭ ഇന്ന് 2 ന് ഗവ. വെൽഫെയർ എൽപിഎസിൽ നടക്കും.
ഇളങ്ങുളം എസ്.എൻ.ഡി.പി.ഓഡിറ്റോറിയം: കേരള ശാസ്ത്രസാഹിത്യപരിഷത് ഗ്രന്ഥശാലകളുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക വിജ്ഞാനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഡോ.ടി.എം.തോമസ് ഐസക് 3.30
പൊൻകുന്നം സി.എം.എസ്.എൽ.പി.സ്കൂൾ: ഓൾ സെയ്ന്റ്‌സ് ഇടവകയിലെ യുവജനപ്രസ്ഥാനം വാസൻ ഐ കെയറുമായി ചേർന്നുനടത്തുന്ന നേത്ര ചികിത്സാക്യാമ്പ് 10.00
ചങ്ങനാശേരി ∙ വനിത ഐടിഐയി ൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിലേക്കുള്ള അഡ്മിഷൻ 29 ന് രാവിലെ 10.30നു നടത്തും. വിവരങ്ങൾക്ക് : 9946096303
കാവുങ്കൽ ചിന്നമ്മ വർഗീസ് (82) .
മുക്കൂട്ടുതറ: കാവുങ്കൽ പരേതനായ കെ സി വർഗീസിന്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ വർഗീസ് (82) നിര്യാതയായി. മൃതദേഹം ഞായർ വൈകിട്ട് 5.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് കെ. ഒ റ്റി റോഡിലെ ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.
മക്കൾ : സാലി, എബിച്ചൻ, മിനി, പൊന്നുമോൻ(ഖത്തർ), മജോ,(ഖത്തർ), മനോജ്(ഖത്തർ), അമ്പിളി(സിംഗപ്പൂർ).
മരുമക്കൾ : ജോസഫ് നല്ലെപറമ്പിൽ ആയൂർ, രാജു മരങ്ങാട്ട് ഇടമുറി, അനീഷ് പാറേപുരയ്ക്കൽ വണ്ണപ്പുറം, ജൂലി മറ്റംമാരിയിൽ മണിയാർ, ജിജി വൈദ്യൻപറമ്പിൽ ഉപ്പുതറ, സിബി കഞ്ഞിക്കുഴിയിൽ കീക്കോഴൂർ, ബിനു പുതുപറമ്പിൽ ഇടമുറി.
മേക്കരയിൽ നടരാജൻ (78)
മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി ,മൃത സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ: രാജമ്മ ,
മക്കൾ: പ്രമീള ,ബിജു ,ബിനു ,അജിത്ത് ,
മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു