കാവുങ്കൽ ചിന്നമ്മയുടെ നിര്യാണത്തിൽ നാടിന് നഷ്ടമായത് അശരണർക്ക് ആശ്രയമായിരുന്ന മനുഷ്യസ്നേഹിയെ…
മുക്കൂട്ടുതറ : ഇന്നലെ കാവുങ്കൽ ചിന്നമ്മ വർഗീസ് (82) മരണപ്പെട്ടത് അറിഞ്ഞപ്പോൾ നാട്ടുകാരുടെ മനസിൽ ഓടിയെത്തിയത് 2018 ലെ പ്രളയ ദുരിതത്തിൽ നന്മകൾ പകർന്നതിന്റെ ഓർമകൾ. വാടക വീട് വെള്ളത്തിൽ തകർന്ന അയല്പക്കത്തെ കുടുംബത്തിന്റെ കണ്ണീര് തുടയ്ക്കാൻ നാല് സെന്റ് സ്ഥലം നൽകിയ ചിന്നമ്മ വർഗീസ് കോവിഡ് കാലത്ത് തന്റെ ടി വിയും മൊബൈൽ ഫോണും സംഭാവനയായി നാടിന് നൽകിയത് നാടിന് മറക്കാനാവില്ല. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറികളും വിഭവങ്ങളും ചിന്നമ്മ എത്തിച്ചിരുന്നു.
2018 ലെ പ്രളയത്തിൽ വാടക വീട് നഷ്ടപ്പെട്ട നിർധന കുടുംബത്തിന് സംരക്ഷണം നൽകുന്ന കാര്യം വാർഡ് ഗ്രാമസഭയിൽ ചർച്ചയായത് അറിഞ്ഞ് ഗ്രാമസഭയിൽ എത്തിയ ചിന്നമ്മ തന്റെ സ്ഥലത്ത് നിന്ന് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും പഞ്ചായത്ത് അധികൃതർക്ക് സ്ഥലത്തിന്റെ രേഖ കൈമാറുകയും ചെയ്തു. പരേതനായ കാവുങ്കൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ കുടിയേറ്റ കർഷക കുടുംബാംഗമാണ്. വർഷങ്ങൾക്ക് മുമ്പ് കെടുതികളും ദുരിതങ്ങളും അനുഭവിച്ച കുടിയേറ്റ ജീവിതത്തിന്റെ ഓർമകളാണ് സാമൂഹിക സേവനങ്ങളിൽ ചിന്നമ്മയ്ക്ക് പ്രചോദനമായത്. സിപിഐ നേതാവ് എബി ഉൾപ്പടെ ഏഴ് മക്കളാണ് ചിന്നമ്മയ്ക്ക്. നിര്യാണം അറിഞ്ഞ് നിരവധി പേർ അനുശോചനം അറിയിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം വീട്ടിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാരം നാളെ ഉച്ചക്ക് മുക്കൂട്ടുതറ ഐപിസി എബനേസർ പള്ളി സിമിത്തേരിയിൽ.