‘നന്മയുടെ പൊതിചോർ’ എട്ടാം വർഷത്തിലേയ്ക്ക്

കാഞ്ഞിരപ്പള്ളി :എല്ലാ രണ്ടാം ശനിയാഴ്ചകളിലും കാഞ്ഞിരപ്പള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് അന്നം വിളമ്പുന്ന ഷാജി – അൻഷാദ് കൂട്ടുകെട്ടിന്റെ അന്നദാന വിതരണം എട്ടാം വർഷത്തിലേക്ക്.

കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അനാഥരാരും വിശന്നിരിക്കരുത് എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇവർ ഇത് ആരംഭിച്ചത്.
.യാദൃശ്ചികമായി യാത്രയിൽ കണ്ട ഒരു യാചകൻ ,വിശപ്പു സഹിക്കാൻ ആവാതെ നിലത്തു നിന്നും മണ്ണുവാരി തിന്നുന്ന കാഴ്ചയാണ് ഇവരെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ സ്വന്തം വീടുകളിൽ നിന്നും പത്തു പൊതിച്ചോറുകൾ വീതം എടുത്ത് 2017-ൽ തുടങ്ങിയതാണ് ഈ പദ്ധതി. വഴിയരുകിലെ യാചകരുടെ വിശപ്പടക്കുവാൻ അന്ന് തുടങ്ങിയ പദ്ധതി, ഇന്ന് അവരോടൊപ്പം നാല് ഓർഫനേജുകളിലെ അന്തേവാസികളായ എഴുന്നൂന്നൂറോളം ആളുകളുടെ വിശപ്പടക്കുവാൻ സാധിക്കുന്നുണ്ട്.

ഇവരുടെ പ്രവർത്തി കണ്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരും ഈ പദ്ധതിയെ വളർത്തി വലുതാക്കി.കാഞ്ഞിരപ്പള്ളി പേട്ട റോഡിൽ എസ് ആൻഡ് എസ് ഓട്ടോമൊബൈത്സ് എന്ന സ്പെയർ പാർട്ട്സ് സ്ഥാപനം നടത്തുകയാണ് ഷാജി വലിയകുന്നത്ത്.
ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോ-ഓഡിനേറ്റർ ആണ് അൻഷാദ് ഇസ്മായിൽ . സുഹൃത്തുക്കളായ റോണി ടോം, ജയൻ ജോസഫ് എന്നിവരുടെ സഹകരണം കൂടുതൽ ആളുകളിലേക്ക് ഭക്ഷണം എത്തിക്കുവാൻ സാഹചര്യം ഒരുക്കി.

ഈ കാലയളവിൽ ആരുടെയും സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റാതെയാണ് ഈ പദ്ധതി തുടർന്ന് പോകുന്നത്.നല്ലവരായ കൂട്ടുകാരും നാട്ടുകാരും നൽകുന്ന ഭക്ഷണ പൊതികൾ എല്ലാമാസവും രണ്ടാം ശനിയാഴ്ച, ശേഖരിച്ച് അർഹരിലേയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇതിനോടൊപ്പം തന്നെ മാസത്തിലെ ഒന്നാം ഞായറാഴ്ച സഹപാഠികളുടെ സഹകരണത്തോടെയും ഭക്ഷണം നൽകി വരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ പിന്തുണ എപ്പോഴും ഒപ്പമുണ്ട്.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഇവർ ചോറുംപൊതിയുമായി എത്തുന്ന വാഹനത്തിന്റെ ശബ്ദം കേൾക്കുന്നതോടെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾ ഭക്ഷണം കഴിക്കുന്നതിന്നായി ഇരിപ്പിടങ്ങളിലായി സന്തോഷത്തോടെയുള്ള ഇരുപ്പ് കാണേണ്ട കാഴ്ച തന്നെ. ഷാജിയും അൻഷാദും ഇവർക്ക് ഇത് നൽകും. മിച്ചം വരുന്ന ചോറിൻ പൊതികൾ വഴിയോരങ്ങളിൽ ഇരിക്കുന്ന അഗതികൾക്കായി വിതരണം ചെയ്യുകയാണ് പതിവ് .

error: Content is protected !!