നടപ്പാലം ഒലിച്ചു പോയിട്ട് ഒരു വർഷം : പുനർ നിർമ്മാണ വാഗ്ദാനം മാത്രം ; നടപടിയില്ലെന്ന് നാട്ടുകാർ ..
എരുമേലി : മണിപ്പുഴയ്ക്ക് സമീപത്തെ പത്തായക്കുഴി പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ തകർന്ന് ഒലിച്ചുപോയിട്ട് ഒരു വർഷമായി. പാലം പുനർ നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്ഥലത്ത് എത്തി ഉറപ്പ് നൽകിയതാണ്. എന്നാൽ ഒരു വർഷം ആയിട്ടും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ. മണിപ്പുഴയിൽ നിന്നും മറ്റന്നൂർക്കരയിലേക്കുള്ള എളുപ്പമാർഗമായ പത്തായക്കുഴി പാലത്തെ ആശ്രയിക്കുന്നത് അമ്പതോളം കുടുംബങ്ങളാണ്.
കരിങ്കല്ലുമുഴിയിൽ എത്തി എരുമേലി വലിയതോട്ടിൽ ചേരുന്ന ഈ തോടിന് കുറുകെ മുമ്പ് തടിപ്പാലമായിരുന്നു. വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതിനെ തുടർന്ന് നിർമിച്ച നടപ്പാലത്തിന്റെ ഒരു ഭാഗമാണ് ഒരു വർഷം മുമ്പ് ഒലിച്ചുപോയത്. ഇപ്പോൾ അപകടത്തിലായ നിലയിലുള്ള തടിപ്പാലത്തിലൂടെയാണ് ഭീതിയോടെ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ നാട്ടുകാരു അക്കരെ കടക്കുന്നത്.