സാഹസികത വിനയായി ; ചിറ്റാർപുഴയിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ച യുവാവ് കാൽതെറ്റി പുഴയിൽ വീണ് കാണാതായി . ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെന്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവാണ് സുഹൃത്തുക്കൾക്ക് മുൻപിൽ സാഹസികത കാണിക്കുവാൻ ശ്രമിച്ച് ഒഴുക്കിൽപ്പെട്ട് കാണാതായത് . ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ – (29) ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

നാല് ദിവസം മുമ്പ് ടൈൽ പണിക്കായി എത്തിയ യുവാവ് ഗ്രാമദീപത്തിങ്കൽ താമസിക്കുന്ന സുഹൃത്തിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കുളിക്കുവാൻ എത്തിയത്. യുവാവ് ചെക്ക് ഡാമിന് മുകളിലൂടെ നടക്കുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ഒഴുക്കിൽപ്പെടുകയാണുണ്ടായത്.

കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സും , ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും, പൊന്‍കുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാത്രി വൈകീയതോടെ വെളിച്ചകുറവ് മൂലം തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും.

error: Content is protected !!