കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 19/08/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

ICON CONTACT

സാഹസികത വിനയായി ; ചിറ്റാർപുഴയിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ച യുവാവ് കാൽതെറ്റി പുഴയിൽ വീണ് കാണാതായി . ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെന്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവാണ് സുഹൃത്തുക്കൾക്ക് മുൻപിൽ സാഹസികത കാണിക്കുവാൻ ശ്രമിച്ച് ഒഴുക്കിൽപ്പെട്ട് കാണാതായത് . ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ – (29) ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

നാല് ദിവസം മുമ്പ് ടൈൽ പണിക്കായി എത്തിയ യുവാവ് ഗ്രാമദീപത്തിങ്കൽ താമസിക്കുന്ന സുഹൃത്തിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കുളിക്കുവാൻ എത്തിയത്. യുവാവ് ചെക്ക് ഡാമിന് മുകളിലൂടെ നടക്കുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ഒഴുക്കിൽപ്പെടുകയാണുണ്ടായത്.

കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സും , ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും, പൊന്‍കുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാത്രി വൈകീയതോടെ വെളിച്ചകുറവ് മൂലം തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും.

കണമല ബാങ്കിൽ മിന്നും വിജയത്തോടെ എൽഡിഎഫിന് തുടർഭരണം.

കണമല : തുടർഭരണം നേടി എൽഡിഎഫ് വിജയം. കണമല സർവീസ് സഹകരണ ബാങ്കിന്റെ 11 അംഗ ഡയറക്ടർ ബോർഡ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയിൽ നിന്ന് ഒമ്പത് പേർ വിജയിച്ച് ഭരണം നേടിയത്. യുഡിഎഫിൽ നിന്ന് രണ്ട് പേരും വിജയിച്ചു.

എൽഡിഎഫിൽ നിന്ന് ജോബി ജോസ്, ജോസഫ് മാണി, സിബി കൊറ്റനെല്ലൂർ, സിന്ധു കെ.എൻ, റൂബി ബിനു, സതീഷ് എം.എസ്‌, ജിത്തു ബിനറ്റ്, മറിയാമ്മ ബിനോയ്, ടോം വർഗീസ്‌ എന്നിവരും യുഡിഎഫിൽ നിന്ന് മാത്യു ജോസഫ് മഞ്ഞപ്പള്ളിൽ, ലിൻസ് പി ഡോമിനിക് പുറ്റുമണ്ണിൽ എന്നിവരുമാണ് വിജയിച്ചത്.

ഭൂമിക്കടിയിൽ നിന്ന് പതയുള്ള വെള്ളം: പരിശോധന നടത്തി

കൂട്ടിക്കൽ ∙ ഏന്തയാർ ഭാഗത്ത്‌ കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽ നിന്ന് പതയോടെയുള്ള വെള്ളം പുറത്തേക്കു വന്ന സ്ഥലത്ത് ഭൂജല വകുപ്പിലെ ജിയോ ഹൈഡ്രോളജിസ്റ്റ് പരിശോധന നടത്തി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ കല്ലുപുരയ്ക്കൽ ജീമോൻ എന്നയാൾ വാടകയ്ക്ക് താമസിച്ച വീടിന് സമീപം ആയിരുന്നു സംഭവം. തിട്ടയിൽ ചെറിയ കുഴി രൂപപ്പെടുകയും വെള്ളം പുറത്തേക്ക് പതഞ്ഞൊഴുകുകയും ആയിരുന്നു.

ഇളങ്ങുളം ധർമശാസ്താ ദേവസ്വത്തിന് 1.20 കോടി രൂപയുടെ ബജറ്റ്

ഇളങ്ങുളം ധർമശാസ്താ ദേവസ്വത്തിന്റെ 44-മത് വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ. കെ.വിനോദിന്റെ അധ്യക്ഷതയിൽ നടത്തി. 1.20 കോടി രൂപയുടെ ബജറ്റ് സെക്രട്ടറി ഡി.കെ.സുനിൽകുമാർ അവതരിപ്പിച്ചു. ക്ഷേത്രത്തിലെ നാട്യമണ്ഡപം, നടപ്പന്തൽ എന്നിവ
യുടെ നിർമാണവും ഇളങ്ങുളം രണ്ടാംമൈൽ വെള്ളാങ്കാവ് ക്ഷേത്ര പുനരുദ്ധാരണവും ഉൾപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി നട
പ്പാക്കാൻ തീരുമാനിച്ചു. അഡ്വ. അജി ആർ.കർത്ത, സുരേഷ്കുമാർ കിഴുവള്ളിക്കൽ എന്നിവർ വരണാധികാരികളായി തിരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹികളായി അഡ്വ. കെ.വിനോദ് (പ്രസി.),വി.വി.ഹരികുമാർ, കെ.എസ്.സന്തോഷ്കുമാർ(വൈസ് പ്രസി.), ഡി.കെ.സുനിൽകുമാർ കാ
ഞ്ഞിരമുറ്റം (സെക്ര.), എം.പി.കേശവൻനായർ,ടി.കെ.സാബു തട്ടാൻപറമ്പിൽ (ജോ.സെക്ര.),വി.കെ.ഉണ്ണിക്കൃഷ്ണൻ നായർ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

ഗുരുദേവജയന്തി ആഘോഷങ്ങൾക്കു ഒരുക്കം

എരുമേലി : ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾക്കു ഗുരുദേവ ക്ഷേത്രങ്ങളും എസ്എൻഡിപിയോഗം ശാഖകളും ഒരുങ്ങി. ഇത്തവണ പൊതുപരിപാടിയില്ല. പകരം ശാഖകൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ.

എസ്എൻഡിപിയോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ 24 ശാഖകളാണുള്ളത്. എല്ലാ ശാഖകളിലും ഗുരുദേവ കീർത്തനാലാപനം, പ്രാർഥന, ഗുരുദേവപൂജ, ഘോഷയാത്ര എന്നിവ നടക്കും.

ആഘോഷങ്ങൾ നടക്കുന്ന ശാഖകൾ: കുളത്തൂർ (51), ചേനപ്പാടി (53), വെൺകുറിഞ്ഞി (286), കൊരട്ടി (680), ആലപ്ര (681), ചെറുവള്ളി (993), എരുമേലി (1136), ഇടകടത്തി (1215), പരുവ(1298), നാറാണംതോട് (1355), പാണപ്പിലാവ് (1534), മുക്കൂട്ടുതറ (1528), കരിങ്കല്ലുമ്മൂഴി (1695), ഇരുമ്പൂന്നിക്കര (1727), മൂക്കൻപെട്ടി (1743), കൂരംതൂക്ക് (1772), എലിവാലിക്കര (2296), കാഞ്ഞിരപ്പള്ളി ഈസ്റ്റ് (2430), മുക്കട (2455), വെച്ചൂച്ചിറ (3242), മറ്റന്നൂർക്കര (4313), ആറാട്ടുകടവ് (3534), ചാത്തൻതറ (5697), മണ്ണടിശാല (6265).

∙ എരുമേലി യൂണിയന്റെ കീഴിലുള്ള കുളപ്പുറം കാഞ്ഞിരപ്പള്ളി ഈസ്റ്റ് ബ്രാഞ്ച് ശാഖയുടെ ചതയം തിരുനാൾ ഉത്സവം വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കും. നാളെ 2.30നു പട്ടിമറ്റം ഗുരുമന്ദിരത്തിൽ ഗുരുപൂജ നടക്കും. 3.30നു മഹാഘോഷയാത്ര പട്ടിമറ്റം ഗുരുമണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഒന്നാം മൈൽ ചുറ്റി കുളപ്പുറം കുരിശുപള്ളി ചുറ്റി കുളപ്പുറം ശ്രീനാരായണ നഗറിലെത്തും. 5നു നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ അധ്യക്ഷത വഹിക്കും. എസ്എൻഡിപി യൂണിയൻ കൺവീനർ പി.എസ്.ബ്രഷ്നേവ് ചതയദിനസന്ദേശം നൽകും. 6.30 മുതൽ നൃത്തകലാസന്ധ്യ.

∙ എസ്എൻഡിപിയോഗം വെൺകുറിഞ്ഞി 286–ാം ശാഖയുടെ നേതൃത്വത്തിൽ രാവിലെ 6നു ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7.25നു പതാക ഉയർത്തൽ, 7.30നു ചതയദിന പ്രാർഥന, 9നു ഘോഷയാത്ര. വൈകിട്ട് 6.50നു പ്രസാദവിതരണം എന്നിവയാണു പരിപാടികൾ.

കോരുത്തോട് ∙ എസ്എൻഡിപി 1493–ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം നാളെ നടക്കും. രാവിലെ 10 മുതൽ വിശേഷാൽ പൂജകൾ, 8.30നു പതാക ഉയർത്ത – ശാഖ പ്രസിഡന്റ് എ.എൻ.സാബു ആനിമൂട്ടിൽ. 9 മുതൽ സമൂഹപ്രാർഥന, ഒന്നിന് ജയന്തി ആഘോഷം നടക്കും.

വീടിനു മുന്നിലെ കിണർ ഇടിഞ്ഞുതാഴ്ന്നു

കാ‍ഞ്ഞിരപ്പള്ളി ∙ പട്ടിമറ്റം കറിപ്ലാവിനു സമീപം പാറയ്ക്കൽ പി.കെ.തങ്കപ്പന്റെ വീടിനു മുൻവശത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാവിലെ പത്തോടെ വലിയ ശബ്ദത്തോടെയാണു കിണർ ഇടിഞ്ഞുതാഴ്ന്നത്.

രാവിലെ കിണറിനുള്ളിൽ നിന്നു വെള്ളം ഓളം തട്ടുന്ന ശബ്ദം കേട്ടു വീട്ടുകാർ നോക്കിയിരുന്നു. കിണറിനു സമീപത്തു നിന്നു തങ്കപ്പൻ മാറിയ ഉടനെയാണു സംരക്ഷണഭിത്തിയുൾപ്പെടെ ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു ശക്തമായ മഴയായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ മുകൾ ഭാഗത്തു നിന്നു ശക്തമായ തോതിൽ വെള്ളത്തിന്റെ ഒഴുക്കും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.

കിണറിൽ ഇറക്കിയിരിക്കുന്ന റിങ് താഴ്ന്നതാണു പെട്ടെന്ന് ഇടിഞ്ഞുവീഴാൻ കാരണം. കിണറിലെ മണ്ണ് ഇടിയുന്നതു മൂലം കിണറിനോടു ചേർന്നുള്ള വീടിനും അപകടസാധ്യതയുണ്ടെന്നും സുരക്ഷിതസ്ഥാനത്തേക്കു മാറണമെന്നും അഗ്നിരക്ഷാസേന നിർദേശിച്ചിട്ടുണ്ട്.

കർഷകദിനാചരണം നടത്തി

മുണ്ടക്കയം ∙ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷകദിനാചരണങ്ങൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 3 പഞ്ചായത്ത് മേഖലകളിലും മികച്ച കർഷകരെ ആദരിച്ചു. സെമിനാറുകളും നടന്നു.

മുണ്ടക്കയം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൃഷി ഓഫിസർ സാന്ദ്ര സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ.അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, ഷിജി ഷാജി, സി.വി.അനിൽകുമാർ, സുലോചന സുരേഷ്, ജോഷി മംഗലം, പി.കെ.പ്രദീപ്, അസിസ്റ്റന്റ് കൃഷി ഓഫിസർ സെബാസ്റ്റ്യൻ മാത്യു എന്നിവർ പ്രസംഗിച്ചു.

കൂട്ടിക്കൽ പഞ്ചായത്തിൽ പ്രസിഡന്റ് ബിജോയി ജോസ് അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ മാമ്മൻ പദ്ധതി വിശദീകരിച്ചു. ജോസ് പനച്ചിക്കൽ സെമിനാർ നയിച്ചു.

കോരുത്തോട് പഞ്ചായത്തിൽ ആക്ടിങ് പ്രസിഡന്റ് പി.ഡി.പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ എന്നിവർ മികച്ച കർഷകരെ ആദരിച്ചു. കൃഷി ഓഫിസർ പി.ആർ.രേഖ, രത്നമ്മ രവീന്ദ്രൻ, നിഷ മാമ്മൻ, സന്ധ്യ വിനോദ്, ഗിരിജ സുശീലൻ, ജാൻസി സാബു, രവീന്ദ്രൻ വൈദ്യർ, സജി ജോർജ് കൊട്ടാരം, കെ.ബി.രാജൻ, കെ.പി.അജയകുമാർ, തോമസ് മാണി, അനീഷ ഷാജി, ടി.ഡി.രജനി മോൾ, പി.ആർ.വേണുഗോപാൽ, ജോസഫ് ജയിംസ് എന്നിവർ പ്രസംഗിച്ചു.

ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയ ആറ് വർഷങ്ങൾക്ക് മുൻപ് മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്ന് മുൻ ജീവനക്കാരി.. ; കെട്ടിച്ചമച്ച കഥയെന്ന് ലോഡ്ജ് ഉടമ ..

മുണ്ടക്കയം ∙ മുക്കൂട്ടുതറ കൊല്ലമുളയിൽ നിന്നു കാണാതായ, കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനോടു സാമ്യമുള്ള പെൺകുട്ടിയെ 2018ൽ ലോഡ്ജിൽ കണ്ടിരുന്നതായി മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. എന്നാൽ മുൻ വൈരാഗ്യത്തെത്തുടർന്നു കെട്ടിച്ചമച്ച കഥയാണിതെന്നു ലോഡ്ജ് ഉടമ. സ്ത്രീയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ജെസ്നയുടെ പിതാവ്.

ജെസ്നയെപ്പോലെയുള്ള പെൺകുട്ടിയെ 2018ൽ ആൺസുഹൃത്തിനൊപ്പം ലോഡ്ജിൽ കണ്ടതായാണ് ലോഡ്ജിലെ മുൻ താൽക്കാലിക ജീവനക്കാരി വെളിപ്പെടുത്തിയത്. 25 വയസ്സ് തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ ആൺസുഹൃത്തിനെയും കണ്ടിരുന്നു. ഇവർ 102–ാം നമ്പർ മുറിയിലാണ് എത്തിയത്. പല്ലുകളിൽ കമ്പി ഇട്ടിരുന്ന ആ പെൺകുട്ടിയുമായി അന്ന് സംസാരിച്ചിരുന്നു. ജെസ്നയെ കാണാതായതിനു ശേഷം പത്രങ്ങളിൽ ഫോട്ടോ കണ്ടപ്പോഴാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞതെന്നും സ്ത്രീ പറയുന്നു. ലോഡ്ജ് ഉടമയുടെ ഭീഷണിയെത്തുടർന്നാണ് ഇതു പുറത്തു പറയാതിരുന്നതെന്നും ഇവർ പറയുന്നു.

ജീവനക്കാരിയെ ലോഡ്ജിലെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തിൽ കെട്ടിച്ചമച്ച കഥയാണിതെന്ന് ലോഡ്ജ് ഉടമ ബിജു സേവ്യർ പറഞ്ഞു. സ്ത്രീയെ ലോഡ്ജിലെ ജോലിയിൽ നിന്നു കുറച്ചു നാളുകൾക്കു മുൻപ് മാറ്റിയിരുന്നു. തുടർന്ന് ഇവർ തനിക്കെതിരെ വ്യാജ പരാതികളുമായി നടന്നു. ജാതിപ്പേര് വിളിച്ചു എന്ന പരാതി നൽകുകയും കേസ് ഒതുക്കിത്തീർക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു.

ലോഡ്ജുകളിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിനു മുൻപിൽ അന്ന് കൃത്യമായ കാര്യങ്ങൾ പറഞ്ഞിരുന്നതാണ്. വർഷങ്ങൾക്കു ശേഷം ഇത്തരം ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ മുൻവൈരാഗ്യം മാത്രമാണെന്ന് ലോഡ്ജ് ഉടമ ആരോപിക്കുന്നു.

ജെസ്‌നയെ കണ്ടെന്ന വെളിപ്പെടുത്തൽ ജെസ്നയുടെ പിതാവ് ജയിംസ് ജോസഫും നിഷേധിച്ചു. വിവരം വെളിപ്പെടുത്തിയ സ്ത്രീയോ സ്ത്രീയുടെ സുഹൃത്തോ ആയ ഒരാൾ ശനിയാഴ്ച വിളിച്ചിരുന്നു. ഇവർ പറഞ്ഞ കാര്യങ്ങൾ വച്ച് തന്റെ സുഹൃത്ത് അന്വേഷിച്ചു. എന്നാൽ അതു തെറ്റാണെന്നു തെളിഞ്ഞതായി ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയം സ്വദേശിനിയുടെ ആരോപണം അന്വേഷണം വഴിതെറ്റിക്കാനുള്ള പരാമർശമാണെന്നും ജെസ്ന തിരോധാനം സിബിഐ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കയം ടൗണിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽ ജെസ്നയുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണം നടത്തിയ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഇവിടെ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

മുണ്ടക്കയം ടൗണിലെ എല്ലാ ലോഡ്ജുകളും കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇപ്പോൾ അന്വേഷണം നടത്തുന്ന സിബിഐയും സംഭവം പരിശോധിച്ചു വരികയാണ്.

അറ്റകുറ്റപ്പണിയില്ല; നശിക്കുന്നു മിന്നൽരക്ഷാ ചാലകങ്ങൾ

എരുമേലി ∙ പഞ്ചായത്ത് 19–ാം വാർഡ് ആയ കൊടിത്തോട്ടത്തിൽ സ്ഥാപിച്ച മിന്നൽരക്ഷാചാലകങ്ങൾ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നതായി പരാതി.

10 വർഷം മുൻപ് ഈ പ്രദേശത്ത് ഇടിമിന്നൽ രൂക്ഷമാകുകയും ഇടിമിന്നലേറ്റ് പ്രദേശവാസി മരിക്കുകയും ചെയ്തതോടെയാണ് ഇവിടെ വിവിധ ഭാഗങ്ങളിലായി പഞ്ചായത്ത് 5 മിന്നൽരക്ഷാചാലകങ്ങൾ സ്ഥാപിച്ചത്.

എന്നാൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്താതെ ഇവ തകരാറിലായതായിട്ടാണു നാട്ടുകാർ പറയുന്നത്. ഇതുമൂലം പ്രദേശത്ത് വീണ്ടും ഇടിമിന്നൽ രൂക്ഷമാകുന്നുണ്ട്.

പഞ്ചായത്തിലെ ഏറ്റവും വലിയ പാറമട പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഈ മേഖലയിൽ മലകളും പാറക്കെട്ടുകളും ആയതിനാൽ ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് മിന്നൽരക്ഷാചാലകങ്ങളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പോസ്റ്റ്മോർട്ടം കം മോർച്ചറി കോംപ്ലക്‌സ് ഉടൻ പൂർത്തിയാക്കും : ഡോ. എൻ. ജയരാജ് എം എൽ എ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പോസ്റ്റ്മോർട്ടം കം മോർച്ചറി കോംപ്ലക്സിന്റെ പണികൾ ഉടൻ പൂർത്തിയാകുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. പണി പുരോഗതി കൈവരിച്ചതായി എം.എൽ.എ. പറ ഞ്ഞു. പൊതുമരാമത്തു വകു പ്പിനാണ് നിർമാണ ചുമതല.

വർഷങ്ങൾ പഴക്കമുള്ള പോസ്റ്റ്മോർട്ടം മുറി ആശുപ ത്രി ക്യാന്റീനിന് സമീപമാണ് പ്രവർത്തിക്കുന്നത്. ഇതിൽ വ്യാപക പരാതിയും ഉയർന്നിരുന്നു.പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ. പറഞ്ഞു.

ഒരേസമയം രണ്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. കാത്തിരിപ്പുമുറി, ഇൻക്വസ്റ്റ് മുറി എന്നിവയും ഇതോടൊപ്പമുണ്ട്. പഴയ മോർച്ചറിയിൽ നാല് മൃതദേഹമാണ് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത്. പുതുതായി നിർമിക്കുന്ന മോർച്ചറിയിൽ എട്ട് മൃതദേഹം സൂക്ഷിക്കാം.

ഉരുൾപൊട്ടൽ ജനവാസ മേഖലയിലും നാശം വിതച്ചു

കാഞ്ഞിരപ്പള്ളി : ∙ പാറത്തോട് പഞ്ചായത്തിലെ ചിറ്റടി മാങ്ങാപ്പാറ മലയിൽ പുളിക്കൽ ഭാഗത്തെ ആൾത്താമസമില്ലാത്ത റബർത്തോട്ടത്തിൽ കഴിഞ്ഞ ദിവസം പൊട്ടിയ ഉരുൾ 2 കിലോമീറ്ററോളം അകലെ ചിറ്റടിയിൽ ജനവാസ മേഖലയിലെ 16 വീടുകളിലേക്കാണ് ഇരച്ചെത്തിയത്.

കുഴിപ്പറമ്പിൽ കെ.പി.വിപിൻ, പുത്തൻപുരയ്ക്കൽ പി.കെ.സുരേഷ്, വട്ടയ്ക്കാട്ട് സിറിയക് മാത്യു, പല്ലാട്ട് അനീഷ് ബി.നായർ, കല്ലുവാതുക്കൽ അഭിലാഷ്, പാറയിൽ പി.കെ.സോമൻ, തോട്ടത്തിൽ അബ്ദുൽ ഖാദർ, പുതുപ്പറമ്പിൽ സെയ്തു മുഹമ്മദ്, പുതുപ്പറമ്പിൽ പി.എ.സിദ്ദിഖ്, ചിറ്റടി തോട്ടംചിറ രാഘവൻ, ചോറ്റി കുളങ്ങര തങ്കച്ചൻ, നടയ്ക്കൽ സിനു തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചത്.

കല്ലുവാതുക്കൽ അഭിലാഷിന്റെ വീടു നിർമാണത്തിന് ഇറക്കിയ 10ചാക്കു സിമന്റും ഒരു ലോഡ് മണലും ഒഴുകിപ്പോയി.

വെള്ളം മുറ്റത്തു കയറിത്തുടങ്ങിയതോടെ കുഴിപ്പറമ്പിൽ കെ.പി.വിപിൻ നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മ വിജയകുമാരിയെയും എൽകെജിയിലും അഞ്ചിലും പഠിക്കുന്ന 2 കുട്ടികളെയും വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്കു മാറ്റി. വെള്ളം വീട്ടിലേക്കു ഇരച്ചു കയറാൻ തുടങ്ങിയതോടെ കയ്യിൽ കിട്ടിയ തുണികൾ വാരി പുരപ്പുറത്തേക്ക് എറിഞ്ഞു. വിപിന്റെ വീട്ടിൽ ഇതു രണ്ടാം തവണയാണു വെള്ളം കയറി നാശമുണ്ടാകുന്നത്.

വിപിൻ, ഭാര്യ ധന്യ, എൽകെജിയിലും അഞ്ചിലും പഠിക്കുന്ന 2 മക്കൾ, ധന്യയുടെ അച്ഛൻ പി.വി.ശ്രീധരൻ, അമ്മ വിജയകുമാരി എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.

2021ലെ പ്രളയത്തിൽ വെള്ളം കയറി വീട്ടിലുണ്ടായിരുന്ന സർവതും നഷ്ടപ്പെട്ടിരുന്നു. പിന്നീട് തവണ വ്യവസ്ഥയിൽ വാങ്ങിയ ഗൃഹോപകരണങ്ങളാണ് ഇന്നലെ വെള്ളം നശിപ്പിച്ചത്. ഇതുവരെ തവണകൾ അടച്ചു തീർന്നിട്ടില്ല.

വീടിന്റെ അരികിൽ വച്ചിരുന്ന വാഷിങ് മെഷീൻ ഒഴുകിപ്പോയി. ഫ്രിജ് അടക്കമുളള എല്ലാ വൈദ്യുതോപകരണങ്ങളും വെള്ളം കയറി നശിച്ചു. ജനാലയ്ക്കൊപ്പം ഉയരത്തിൽ വെള്ളം കയറിയ വീടിനുള്ളിലെ കട്ടിൽ, മെത്ത, സോഫ, അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ തുടങ്ങി സർവതും നശിച്ചു.

അടുക്കളയിൽ ഇരുന്ന പാചകവാതക സിലിണ്ടറുകൾ ഒഴുകി അടുത്ത മുറിയിലെ പുറത്തോട്ടുള്ള വാതിലിൽ തട്ടി നിന്നു. കതകിന്റെ കുറ്റി ഇളകിയെങ്കിലും തുറന്നു പോകാതിരുന്നതിനാൽ ഒഴുകിപ്പോയില്ല.

നേരം പുലർന്നപ്പോൾ വീടിനുള്ളിൽ ഒരടിയോളം ഉയരത്തിൽ ചെളി നിറഞ്ഞ നിലയിലായിരുന്നു. ഇനി വീണ്ടും ഒന്നിൽ നിന്നു തുടങ്ങണമെന്നു വിപിൻ പറയുന്നു.

തുളുവൻപാറ തോടും പെരുംചിറ തോടും സംഗമിക്കുന്നതിന് ഏറ്റവും അടുത്താണ് പുത്തൻപുരയ്ക്കൽ സുരേഷിന്റെ വീട്. വീടിന്റെ പകുതിയോളം വെള്ളം കയറി.

വെള്ളം മുറ്റത്തു കയറിയപ്പോഴേ ഭാര്യയും കുട്ടികളെയും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കു മാറ്റി. തിരിച്ചെത്തിയപ്പോഴേക്കും വീടു നിറയെ വെള്ളവും ചെളിയും നിറഞ്ഞു. വീടിന്റെ ചാർത്തിൽ സൂക്ഷിച്ചിരുന്ന 2 കട്ടിൽ, ഒരു സെറ്റി, വാട്ടർ ടാങ്ക് എന്നിവ ഒഴുകിപ്പോയി.

വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ഫ്രിജ്, വാഷിങ് മെഷീൻ, സെറ്റി, കട്ടിൽ, മെത്തകൾ, തുടങ്ങി ഗൃഹോപകരണങ്ങൾ മുഴുവനും നശിച്ചു.

2021ലെ പ്രളയത്തിൽ സുരേഷിന്റെ വീട്ടിൽ കട്ടിളപ്പൊക്കത്തിൽ വെള്ളം കയറി എല്ലാം നശിച്ചിരുന്നു. ഇനി വീട്ടിലേക്കു ആവശ്യമായ ഉപ്പു തൊട്ടുള്ള എല്ലാ ഉപകരണങ്ങളും പുതിയതായി വാങ്ങണം.

ആനിത്തോട്ടം മേഖലയിൽ വൻനാശനാഷ്ടം

കാഞ്ഞിരപ്പള്ളി ∙ വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്തമഴ ആനിത്തോട്ടം മേഖലയിൽ വൻനാശമുണ്ടാക്കി.

പള്ളിവീട്ടിൽ എം.എം. റസാഖിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയും ശുചിമുറിയും തോട്ടിലേക്ക് ഇടിഞ്ഞു വീണു. കരിമലക്കുഴിയിൽ മുഹൈസ് മുസ്തഫ റാവുത്തരുടെ മുറ്റത്തിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തോട്ടിലേക്ക് ഇടിഞ്ഞ് വീണു. ബാക്കി ഭാഗം ഏതു സമയവും വീഴാവുന്ന നിലയിലാണ്.

ചിറ്റാർപുഴയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു വീടിന്റെയും സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു.മറ്റു 3 വീടുകളുടെ സംരക്ഷണ ഭിത്തി ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. തൈപ്പറമ്പിൽ ടി.ഐ.സക്കീർ, കിഴക്കെയിൽ നാസറുദ്ദീൻ, ഇല്ലത്തുപറമ്പിൽ മുഹമ്മദ് ബഷീർ എന്നിവരുടെ മുറ്റത്തിന്റെ ചുറ്റുമതിലും അപകടാവസ്ഥയിലാണ്.

അഞ്ചിലിപ്പയിൽ മൂന്നു വീടുകളിലും ഒരു കടയിലും വെള്ളം കയറി. തോന്നക്കര പാപ്പച്ചൻ, പടിഞ്ഞാറേവീട്ടിൽ അപ്പച്ചൻ, വടക്കെയിൽ കുര്യാച്ചൻ എന്നിവരുടെ വീടുകളിലും അഞ്ചിലിപ്പ ഓമനക്കുട്ടന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തയ്യൽ കടയിലുമാണു വെള്ളം കയറിയത്. ഗവ.ചീഫ് വിപ്പ് എൻ ജയരാജ് സ്ഥലം സന്ദർശിച്ചു.

ണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണം – ഗരുഡ ധ്വജാനന്ദ തീർത്ഥ പാദസ്വാമികൾ

പൊൻകുന്നം :- ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണമെന്നും പൊൻകുന്നം ഗണേശോത്സവം സൃഷ്ടിക്കുന്ന മാതൃക മഹത്തരമാണെന്നും വാഴൂർ തീർത്ഥ പാദാശ്രമം മുഖ്യകാര്യദർശി തീർത്ഥപാദസ്വാമികൾ പറഞ്ഞു.

ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഭക്തർ വിശ്വാസത്തോടെ വിളിക്കാറുള്ളത് ഗണപതി ഭഗവാനെയാണ്. അദ്ദേഹത്തെ മനസ്സിൽ ധ്യാനിച്ച് തുടങ്ങുന്ന പ്രവർത്തികൾ തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും എന്നാണ് വിശ്വാസം. തടസങ്ങൾ അഥവാ വിഘ്നങ്ങൾ അകറ്റുന്നതിനാലാണ് അദ്ദേഹത്തെ നാം വിഘ്നേശ്വരൻ എന്ന് കൂടി വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനേഴാം പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശോത്സവ സമിതി ചെയർമാൻ കെ ജി കണ്ണൻ, സ്വാഗതസംഘം ചെയർമാൻ ടിജി സത്യപാൽ,ജനറൽ കൺവീനർ ജി.ഹരിലാൽ,പുതിയകാവ് ദേവസ്വം സെക്രട്ടറി രാധാകൃഷ്ണ കൈമൾ, ട്രഷറർ എ എസ് റജികുമാർ, രക്ഷാധികാരി വി ആർ സോമൻ, കെ വി നാരായണൻ,സാബു എലവനപ്പാറ,പി എസ് സനൽകുമാർ,സ്വപ്ന ശ്രീരാജ്, ജയ ബാലചന്ദ്രൻ, സിന്ധു ദേവി ടീച്ചർ, ഉഷ കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.

ഇൻഫാം അവാർഡ്

പൊൻകുന്നം ∙ ഇൻഫാം പൊൻകുന്നം താലൂക്ക് സമിതി വീർ കിസാൻ ഭൂമിപുത്ര അവാർഡ് വിതരണം, കർഷകദിനാചരണം, വിപണനകേന്ദ്രം ഉദ്ഘാടനം എന്നിവ നടത്തി. കാർഷിക ജില്ലാ ജോയിന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ ഉദ്ഘാടനം ചെയ്തു.

താലൂക്ക് രക്ഷാധികാരി ഫാ. ജോണി ചെരിപുറം അധ്യക്ഷത വഹിച്ചു. താലൂക്ക് ഡയറക്ടർ ഫാ.മാത്യു പനച്ചിക്കൽ, ഇൻഫാം സംസ്ഥാന ട്രഷറർ തോമസ് മാത്യു തുപ്പലഞ്ഞിയിൽ, കാർഷിക ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ, താലൂക്ക് സമിതി പ്രസിഡന്റ് മാത്തുക്കുട്ടി തൊമ്മിത്താഴെ എന്നിവർ പ്രസംഗിച്ചു

കൊൽക്കത്ത കൊലപാതകം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി

കാഞ്ഞിരപ്പള്ളി ∙ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി.

ആശുപത്രിയിൽ ശനിയാഴ്ച ഒപി പ്രവർത്തിച്ചില്ല. അത്യാഹിത വിഭാഗം മാത്രമാണു രാവിലെ മുതൽ പ്രവർത്തിച്ചത്.

രോഗികളുടെ തിരക്ക് ഒഴിവാക്കാനായി നാല് ഡോക്ടർമാരുടെ അധിക സേവനം അത്യാഹിത വിഭാഗത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇരുപതോളം ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു.

കെ.പി.ഷൗക്കത്തിനെ അനുസ്മരിച്ചു

കാഞ്ഞിരപ്പള്ളി ∙ നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ.പി.ഷൗക്കത്തെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ.പി.ഷൗക്കത്തിന്റെ പതിനാലാം അനുസ്മരണ ദിനവും സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡികെടിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് ഫസിലി കോട്ടവാതുക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി കെ.ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ്, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ‍ സലാം പാറയ്ക്കൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സുനിൽ തേനംമാക്കൽ, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, പഞ്ചായത്തംഗം രാജു തേക്കുംതോട്ടം, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.ഷിനാസ്, ഡിസിസി അംഗം രഞ്ജു തോമസ്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.പി.ഇസ്മായിൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ.എം.ഷാജി, അബ്ദുൽ ഫത്താഹ്, അജ്മൽ പാറയ്ക്കൽ, ബിനു കുന്നുംപുറം, സിബു ദേവസ്യ, ദിലീപ് ചന്ദ്രൻ, നെസീമ ഹാരിസ്, ഡാനി ജോസ്, ബ്ലെസി ബിനോയി, അൻവർഷ കോനാട്ടുപറമ്പിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽഫാസ് റഷീദ്, അസീബ് ഈട്ടിക്കൽ, ഷാജി ആനിത്തോട്ടം, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ,സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ, സഫറുല്ല ഖാൻ, സക്കീർ കല്ലുങ്കൽ, എന്നിവർ പ്രസംഗിച്ചു.

പകൽവീട് ഉദ്ഘാടനത്തിന് തയാറാകുന്നു.

എരുമേലി ∙ പഞ്ചായത്ത് 19–ാം വാർഡ് കൊടിത്തോട്ടത്തിൽ നിർമിക്കുന്ന പകൽവീട് ഉദ്ഘാടനത്തിന് തയാറാകുന്നു. 19 ലക്ഷം രൂപ ചെലവഴിച്ചാണു ബ്ലോക്ക് പഞ്ചായത്ത് പകൽവീട് നിർമിച്ചത്. വരാന്ത, ഹാൾ, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉണ്ട്. മുറ്റത്തു തറയോടു പാകി. ചുറ്റുമതിലും നിർമിച്ചു. പഞ്ചായത്തിനാണു നടത്തിപ്പു ചുമതല. ആവശ്യമായ ഫർണിച്ചർ പഞ്ചായത്ത് നൽകണം.

2019–20ൽ നിർമാണം ആരംഭിച്ച പദ്ധതി അടിത്തറ നിർമിച്ചു വർഷങ്ങളോളം തടസ്സപ്പെട്ടു. 5 ലക്ഷം രൂപയുടെ നിർമാണമാണു കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു നടന്നത്. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ് സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തി അധികമായി 5 ലക്ഷം രൂപ കൂടി അനുവദിച്ചാണു കെട്ടിടം പൂർത്തിയാക്കുന്നത്. ഒരു ദിവസത്തെ ഇലക്ട്രിക്കൽ ജോലി കൂടി മാത്രമാണു ബാക്കിയുള്ളത്. ഇത് എത്രയും വേഗം പൂർത്തിയാക്കി ഉദ്ഘാടനം നടത്തി കൈമാറുമെന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം അറിയിച്ചു.

icon

സ്പോട് അഡ്മിഷൻ

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ (ഓട്ടമൊബീൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്) കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. ഫോൺ: 9447460142, 9645084883‌.

നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പുതിയ തിയേറ്ററിലേക്ക് സി.എസ്. എസ്.ഡി. വിഭാഗത്തിൽ കരാർ അടിസ്ഥാന ത്തിൽ നഴ്സിങ് അസിസ്റ്റന്റ് നിയ മനത്തിന് അപേക്ഷ ക്ഷ ണിച്ചു.

സൂപ്രണ്ട്, ജനറൽ ആശു പത്രി കാഞ്ഞിരപ്പള്ളി, കു ന്നുംഭാഗം പി.ഒ. എന്ന വി ലാസത്തിൽ 24-ന് വൈകീ ട്ട് അഞ്ചിന് മുമ്പായി അപേ ക്ഷ നൽകണം.

വിവരങ്ങൾക്ക് ഫോൺ:04828-203492, 202292.

സീറ്റൊഴിവ്

കോട്ടയം പട്ടികജാതി വികസന വകുപ്പിന്റെ എരുമേലി നെടും കാവ്‌വയലിലെ ഗവ. ഐ.ടി .ഐ.യിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ പട്ടി കജാതി/വർഗ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി രക്ഷിതാവിനൊപ്പം എത്തണം. വിവരങ്ങൾക്ക്: 9539112803, 04828212844.

വൈദ്യുതി മുടങ്ങും
ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്ന്,പൊൻപാറ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ നാല് വരെ പൂർണമായും പ്ലാവോലിക്കവല, കളമ്പുകാട്ടുകവല, പേരൂർക ഇരുപതാംമൈൽ, ഇടത്തംപറമ്പ് പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുത്തൻ വീട്ടിൽ മൈമൂൺ ബീവി (83)

എരുമേലി : സിപിഎം എരുമേലി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ വി. ഐ. അജിയുടെ മാതാവും പരേതനായ പുത്തൻ വീട്ടിൽ ഇബ്രാഹിം റാവുത്തറിന്റെ ഭാര്യയുമായ മൈമൂൺ ബീവി (83) നിര്യാതയായി . ഖബറടക്കം തിങ്കൾ രാവിലെ പത്തിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മറ്റ് മക്കൾ ബഷീർ, നെസീമ, സലീന, അൻസാരി. മരുമക്കൾ – ഷക്കീല, ബഷീർ, ഉമ്മർ, അനീഷ, റസീന.

error: Content is protected !!