തിരുവോണം ദിനത്തിൽ എംഎൽഎയുടെ വീടിനു മുൻപിൽ പഴങ്കഞ്ഞി കുടിച്ച് സമരം ചെയ്യും
മുണ്ടക്കയം : കരിനിലം – പശ്ചിമ – കൊട്ടാരംകട – കുഴിമാവ് റോഡ് നിർമാണം വൈകുന്നതിനെതിരെ രണ്ടാം ഘട്ട സമരവുമായി സമര സമിതി, തിരുവോണം ദിനത്തിൽ എംഎൽഎയുടെ വീടിനു മുൻപിൽ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധ സമരം നടത്തുമെന്ന് സമിതി ചെയർപഴ്സൻ സിനിമോൾ തടത്തിൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, വൈസ് ചെയർമാൻ സുധൻ മുകളേൽ എന്നിവർ അറിയിച്ചു. നാല് വർഷത്തിലേറെയായി തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡിൽ നാളികേരം ഉടച്ച് ആദ്യ ഘട്ട സമരം നടത്തിയിരുന്നു. നിർമാണത്തിനായി ഉടൻ പരിഹാരം കാണുമെന്ന് എംഎൽഎ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎയുടെ പാർട്ടി പ്രതിനിധികൾ വാർത്താക്കുറിപ്പ് നൽകി സമരത്തെ അടിച്ചമർത്താനാണു നോക്കുന്നത്.
ഈ റോഡിൽ ദുരിത യാത്ര നടത്തുന്ന ആളുകൾ ആരും രാഷ്ട്രീയം നോക്കാതെയാണ് സമരസമിതിയോട് ചേർന്ന് പ്രവർത്തിക്കുന്നത്. ഇതുവഴി സഞ്ചരിച്ച് പരിതാപകരമായ അവസ്ഥ മനസ്സിലാക്കാൻ പോലും തയാറാകാതെയാണു ചിലർ സമരസമിതിക്ക് എതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഇവർ പറഞ്ഞു.