എന്നെന്നും ഓർമ്മിക്കുവാൻ കുട്ടികൾക്ക് വ്യത്യസ്ത ഓണസമ്മാനവുമായി നാട്ടുകാർ..

കണമല : വയനാടിന്റെ ദുഃഖത്തോട്  ചേർന്ന് നിന്ന് ആഘോഷങ്ങൾ പരമാവധി കുറച്ച് പമ്പാവാലി കിസുമത്തെ സർക്കാർ സ്കൂളിൽ  നടത്തിയ ഓണാഘോഷം വ്യത്യസ്ത മാതൃകയായി. ഏഴു കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ഓണസമ്മാനമായി നാട്ടുകാർ സ്കൂളിൽ ആട്ടിൻകുട്ടികളെ  നൽകിയപ്പോൾ കുട്ടികൾ തങ്ങൾ എന്നും കാണുന്ന താൽക്കാലിക ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ഓണക്കോടി നൽകി ആഘോഷം പങ്കിട്ടു.

ചടങ്ങിൽ ആശംസകൾ നേർന്ന് വിവിധ മത പുരോഹിതരും ജനപ്രതിനിധികളും സാമൂഹിക നേതാക്കളും  പങ്കെടുത്തു. ആട്ടിൻകുട്ടികൾക്ക് അപകടമോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാരത്തുക ലഭിയ്ക്കുന്നതിന് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. അടുത്ത ഓണത്തിന് കുട്ടികൾ ഒരാട്ടിൻകുട്ടിയെ തിരികെ സ്കൂളിന് നൽകണമെന്നും നിർദ്ദേശമുണ്ട്.

ബിജു കെ.ടോം കാലാപറമ്പിൽ, സിബിൻ മാത്യു, യാമിനി നായർ, ജോസ് സ്കറിയ, വാസുദേവൻ പിള്ള, ബിബിൻ തങ്കച്ചൻ, വലിയാനവട്ടം താവളം സാപ് ഇഡിസി ഫ്രണ്ട്സ് സംഘം മൂലക്കയം എന്നിവരാണ് ആടിനെ സ്പോൺസർ ചെയ്തത്. കുട്ടികൾ സ്കൂളിലെ താൽക്കാലിക അനധ്യാപക ജീവനക്കാർക്കും സ്ഥിരം വരുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാർക്കും സ്കൂളിനോട് ചേർന്ന് കട നടത്തുന്ന തോമസിനും ഓണക്കോടി വാങ്ങി നൽകി. ലളിതമായി നടത്തിയ ചടങ്ങിൽ  പിടിഎ പ്രസിഡൻ്റ് ടി.കെ രാജൻ അധ്യക്ഷത വഹിച്ചു. വാർഡംഗം റിൻസി ബൈജു ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു ജോസഫ് പരുമൂട്ടിൽ, ആസിഫ് മൗലവി അൽ കാഷിഫീ, തോമസ് കുന്നത്ത്, രാജീവ് വർഗീസ് , വി വി  വിപിൻ, ലിയോ ജോസ്, എസ് ഷാജികുമാർ  തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!