പരിസ്ഥിതി ലോല പ്രദേശങ്ങൾ: കരട് വിജ്ഞാപനത്തിൽ ആശങ്ക
മുണ്ടക്കയം : ∙ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം ആശങ്കയ്ക്കും ദുരിതത്തിനും ഇടവരുത്തിയെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. വിഷയം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കസ്തൂരി രംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്നും, ജനനിബിഡ പ്രദേശങ്ങളായ മേഖലകളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിശ്ചയിക്കുന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കേണ്ട 29ന് മുൻപ് വസ്തുതകളുടെയും സ്ഥിതിവിവര കണക്കുകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ ആക്ഷേപം സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മുൻപ് പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയ വില്ലേജുകളെ ഉൾപ്പെടുത്തി ഇപ്പോൾ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിശകാണെന്നു യോഗം വിലയിരുത്തി. എന്നാൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കടസ്ട്രൽ മാപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വില്ലേജുകൾ ഉൾപ്പെട്ടിട്ടില്ല എന്നത് ഈ പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പരിഗണിക്കപ്പെടേണ്ടതില്ല എന്നതിന്റെ സൂചനയായി യോഗം പരിഗണിച്ചു. പഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചുകൂട്ടി വിഷയം ജനങ്ങളുമായി ചർച്ച ചെയ്ത് ജനജീവിതത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അനാവശ്യമായ നിബന്ധനകളും വ്യവസ്ഥകളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ്, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി.അജിത് കുമാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, തീക്കോയി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, പരിസ്ഥിതി ലോല പ്രദേശ നിർണയ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ചാർലി തയ്യിൽ എന്നിവർ പ്രസംഗിച്ചു.