പരിസ്ഥിതി ലോല വിഷയത്തിൽ കർഷകർക്കൊപ്പം : ജോസ് കെ മാണി എം. പി.
മുക്കൂട്ടുതറ : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാർഷിക മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കി കർഷകരെ ദ്രോഹിക്കാൻ അനുവദിക്കില്ലന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. കർഷകർക്കൊപ്പം പാർട്ടി അടിയുറച്ചു നിൽക്കും. നിയമപരമായ പോരാട്ടങ്ങൾക്ക് പാർട്ടി നേതൃത്വം നൽകിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മുക്കൂട്ടുതറ വെൺകുറിഞ്ഞിയിൽ നിരാലംബ കുടുംബത്തിന് പാർട്ടി റാന്നി നിയോജക മണ്ഡലം കമ്മറ്റിയും കൊല്ലമുള മണ്ഡലം കമ്മറ്റിയും ചേർന്ന് കാരുണ്യ ഭവനം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
12.5 ലക്ഷം ചെലവിട്ട് മൂന്ന് കുടപ്പുമുറികൾ ഉൾപ്പടെ 725 ച. അടിയിൽ ആണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗൃഹപ്രവേശന ചടങ്ങും സംഘടിപ്പിച്ചിരുന്നു. പ്രമോദ് നാരായണൻ എംഎൽഎ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ്, ബിഷപ്പ് തോമസ് മാവുങ്കൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, ടോമി പാറക്കുളങ്ങര, സിറിയക് തോമസ്, ടോമി വടക്കേമുറി എന്നിവർ പ്രസംഗിച്ചു.