പൊലീസ് കസ്റ്റഡിയിലെടുത്തതിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യാ ഭീഷണിനടത്തിയ യുവാവിനെ താഴെയിറക്കി
കാഞ്ഞിരപ്പള്ളി ∙ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ വാർഡ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഫയർ ഫോഴ്സ് എത്തി താഴെ ഇറക്കി. അയൽവാസികളായ 2 സ്ത്രീകളെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കത്തലാങ്കൽപ്പടി ഇഞ്ചക്കാട് ജ്യോതിഷ് കുമാറാണ് (43) ഇന്നലെ രാത്രി എട്ടരയോടെ ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം കാട്ടിയത്. സ്ത്രീകളെ മർദിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ മർദിച്ചതിന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി ഏൽപിക്കുകയായിരുന്നു .
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: സ്ത്രീകളെ മർദിച്ചെന്ന് ആരോപിച്ചു നാട്ടുകാർ ചേർന്നു ഇയാളെ പിടികൂടിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കു ശേഷം തിരികെ സ്റ്റേഷനിലെത്തി. മൊഴിയെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി ഇയാൾ അറിയിച്ചു. ഇതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചു. ഈ സമയം പൊലീസിനെ കബളിപ്പിച്ച് ഇയാൾ കെട്ടിടത്തിൽ ചാരി വച്ചിരുന്ന ഗോവണി വഴി മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും കള്ളക്കേസെടുക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ജ്യോതിഷിന്റെ ആക്ഷേപം. ഫയർഫോഴ്സും പൊലീസും കൂടി നിന്നവരും പല തവണ ഇറങ്ങി വരാൻ വിളിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
പിന്നീട് ഏണി വഴി പകുതി ദൂരം താഴേക്കിറങ്ങിയ ശേഷം ഫോൺ വിളിക്കാൻ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാമെന്നു പറഞ്ഞു ഏണി വഴി കയറിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി താഴെയിറക്കി പൊലീസിനെ എൽപിച്ചു. നാട്ടുകാർ ചേർന്നാണ് ഇയാളെ പിടികൂടി ഏൽപിച്ചതെന്നും, സ്ത്രീകളുടെ മൊഴി പ്രകാരം ജ്യോതിഷിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു