ക്വട്ടേഷൻ സംഘം കോളേജ് വിദ്യാർഥികളെ ആളുമാറി മർദിച്ചു

കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കോളജിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം. ഞായറാഴ്ച രാത്രി ക്വട്ടേഷൻ സംഘം വിദ്യാർഥികളെ ആളുമാറി മർദിച്ചു.

മറ്റൊരു സംഭവത്തിൽ, ഇന്നലെ വൈകിട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിനും മർദനമേറ്റു. തന്നെ ആക്രമിച്ചത് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നു നൈസാം ആരോപിച്ചു.

ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ അലൻ പ്രദീപ്, എസ്.വിശാൽ, ആർ.രാഹുൽ, അനുജിത്ത് രാജേന്ദ്രൻ എന്നിവർക്കാണു മർദനമേറ്റത്.

കോളജിനു പുറത്ത് ഇവർ താമസിക്കുന്ന മുറികളിലെത്തിയാണു ഞായറാഴ്ച രാത്രി ഗുണ്ടാസംഘം ആക്രമിച്ചത്. കെഎസ്‌യു പ്രവർത്തകനായ വിദ്യാർഥിയും പിതാവും ചേർന്നാണു ക്വട്ടേഷൻ നൽകിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ നേതാവിനെ തിരക്കിയെത്തിയ സംഘം ആളുമാറി തങ്ങളെ മർദിക്കുകയായിരുന്നുവെന്നു മർദനത്തിനിരയായ വിദ്യാർഥികളും പറയുന്നു.

ക്വട്ടേഷൻ നൽകിയ വിദ്യാർഥിക്കെതിരെ നടപടി തേടി ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോളജിന്റെ ഗേറ്റ് പുറത്തുനിന്നു പൂട്ടി. ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ 2–ാം വർഷ വിദ്യാർഥി മിറാ‍ജ് സിനാജിനെയും ഗേറ്റ് പൂട്ടിയ സംഭവത്തി‍ൽ 3–ാം വർഷ വിദ്യാർഥികളായ കെ.പി.ദീപു, എബിൻ മാത്യു എന്നിവരെയും കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു.

error: Content is protected !!