എലിക്കുളത്ത് ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു ; മാണി.സി. കാപ്പൻ എം.എൽ.എ. വിത്തുവിതയ്ക്കലിന്റെഉദ്ഘാടനം നിർവഹിച്ചു .
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽക്കൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരത്തു ഔഷധഗുണമുള്ള നെല്ലിന്റെ കൃഷി ആരംഭിച്ചു. കാൽനൂറ്റാണ്ട് തരിശായി കിടന്ന മല്ലികശ്ശേരിയിലെ നാലേക്കർ കോക്കാട്ട്- ഇടയ്ക്കാട്ട് പാടശേഖരത്താണു പുതിയ കൃഷി തുടങ്ങിയത്. ഔഷധ ഗുണമുള്ള രക്തശാലി ഇനം നെൽവിത്തുകളാണു വിതച്ചത്. ഇതു കൂടാതെ നേരത്തെ മുതൽ പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലെ 30 ഏക്കറോളം സ്ഥലത്തു നെൽക്കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ കാപ്പുകയം പാടശേഖര സമിതിയാണു കൃഷി നടപ്പാക്കുന്നത്.
എലിക്കുളം പഞ്ചായത്തിൽ ആദ്യമായാണ് ഏറെ ഔഷധ ഗുണമുള്ള ഇത്തരം നെൽ വിത്ത് വിതയ്ക്കുന്നത്. പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ വിതച്ചിരുന്ന അപൂർവ്വ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമാണിത്. വിത്തുവിതയ്ക്കലിന്റെ
ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം കൃഷി ഓഫിസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, അഖിൽ അപ്പുക്കുട്ടൻ, ജയിംസ് ജീരകത്ത്, യമുന പ്രസാദ്, പാടശേഖര ഉടമകളായ മാത്യു കോക്കാട്ട്, ജോജോ ഇടയ്ക്കാട്ട്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.