കനത്ത മഴ : മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ജാഗ്രത നിർദേശം നൽകി ; കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മുണ്ടക്കയം : ഇന്നലെ മുണ്ടക്കയം കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പുല്ലകയാർ, മണിമലയാർ, അഴുതയാർ എന്നി വിടങ്ങളിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. വൈകുന്നേരം നാലോടെ ആരംഭിച്ച മഴ തുടർച്ചയായി മൂന്നു മണിക്കൂറോളം പെയ്തു. വൈകീട്ട് മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും രാത്രി എട്ടുമുതൽ പ്രദേശങ്ങളിൽ മഴ തുടരുകയായിരുന്നു.
പൂഞ്ഞാർ, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പെയ്‌തത്. ചിലയിടങ്ങളിൽ വെള്ളം കയറി. മുണ്ടക്കയം കോസ് വേയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് വർധിച്ചു. പൂഞ്ഞാർ മേഖലയിൽ മഴ നിർത്താതെ പെയ്‌തത് മീനച്ചിലാറ്റിൽ ജലനിരപ്പുയർത്തി. തെക്കേക്കര പഞ്ചായത്തിൽ മലയിഞ്ചിപ്പാറ-ചോലത്തടം റൂട്ടിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മണിമല ആറ്റിൽ (പുല്ലകയാർ സ്റ്റേഷൻ) ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ ഇന്നലെ വൈകിട്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർ ന്നതിനെ തുടർന്ന് മണിമലയാറ്റിലും നീരൊഴുക്ക് വർധിച്ചു
കനത്ത മഴയിൽ വീടിനു സമീപത്തേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കൂട്ടിക്കൽ വല്ലീറ്റ കാക്കല്ലിൽ ജോപ്പന്റെ കുടുംബത്തെ മാറ്റിപ്പാർ പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് എട്ടു വരെ കാവലയിൽ 20.6 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ പൂഞ്ഞാർ തെക്കേക്കര, കൂ ട്ടിക്കൽ പഞ്ചായത്തുകളിൽ ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.