‘നവകിരണം’ വനവൽക്കരണ പദ്ധതിക്കെതിരെ സമരസമിതി ധർണ നടത്തി ; ഇരുമ്പൂന്നിക്കരയിൽ വനവൽക്കരണം അനുവദിക്കില്ലന്ന് ആന്റോ ആന്റണി എം. പി.

എരുമേലി ∙ ഇരുമ്പൂന്നിക്കര ജനവാസ മേഖലയിലെ വനവൽക്കരണ പദ്ധതിയായ ‘നവകിരണം’ വീണ്ടും നടപ്പിലാക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ ഇരുമ്പൂന്നിക്കര ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ റേഞ്ച് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു.

ഇരുമ്പൂന്നിക്കരയിൽ നാട്ടുകാരുടെ ഭൂമി വിലയ്ക്ക് വാങ്ങി വനമാക്കി ആദിവാസികളെ ഒറ്റപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നവ കിരണം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു . പട്ടയം ഉള്ളവരിൽ നിന്നും 15 ലക്ഷം രൂപക്ക് സ്ഥലം ഏറ്റെടുത്ത് ഇടവനം സൃഷ്ടിക്കുമ്പോൾ ഇവിടെ തന്നെയുള്ള ആദിവാസികൾ പൂർണമായും വനത്തിനുള്ളിൽ ആയിപ്പോകും. റോഡുകൾ, വഴിവിളക്കുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള സ്ഥലങ്ങളാണ് വനമാക്കാൻ പോകുന്നത്. ഇത് ജനദ്രോഹമാണ്. ഒരുകാരണവശാലും ഇതനുവദിക്കില്ലന്ന് അദ്ദേഹം പറഞ്ഞു

ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ, കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനു മറ്റക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, മഹല്ലാ ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, വാർഡ് അംഗങ്ങളായ പ്രകാശ് പള്ളിക്കൂടം, മാത്യു ജോസഫ്, മലയരയ മഹാസഭ ശാഖാ പ്രസിഡന്റ് പ്രസന്നൻ പറപ്പള്ളി, പട്ടിക വർഗ ഊരുക്കൂട്ടം ഹിന്ദു ഫെഡറേഷൻ ജില്ലാ സെക്രട്ടറി അശോകൻ പതാലിൽ, ഹനീഫ വടക്കേതിൽ എന്നിവർ പ്രസംഗിച്ചു.

വനത്തിനു സമീപമുള്ള മേഖലകളിൽ പട്ടയം ഉള്ളവരും ആദിവാസികൾ അല്ലാത്തവരുമായ നാട്ടുകാർ സന്നദ്ധരാകുന്ന പക്ഷം നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്ത് ഈ സ്ഥലത്ത് വനവൽക്കരണം നടത്തുന്നതാണ് വനംവകുപ്പിന്റെ നവ കിരണം പദ്ധതി. വന്യജീവി ശല്യം രൂക്ഷമാകുമെന്നും ഇടവനം നിർമിക്കുന്നതോടെ ആദിവാസി ജനസമൂഹം അടക്കമുള്ളവർ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരുമെന്നും ആരോപിച്ചാണ് സംയുക്ത സമരസമിതി സമരം നടത്തിയത്.

error: Content is protected !!