പമ്പാവാലിയും, എയ്ഞ്ചൽ വാലിയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാകുന്നു ; പൂഞ്ഞാർ എംഎൽഎ.യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം
കണമല : പമ്പാവാലിയും, എയ്ഞ്ചൽ വാലിയും പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാകുന്നുവെന്ന വാർത്ത, പ്രദേശവാസികൾക്കൊപ്പം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. ഈ വിഷയത്തിൽ, രാഷ്ട്രീയപരമായി പലരും എംഎൽഎയ്ക്ക് എതിരായി നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും , അതിലൊന്നും ചെവികൊടുക്കാതെ, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിശ്ചയദാർഢ്യത്തോടെ ഒരു ജനപ്രതിനിധിയുടെ കടമ ഭംഗിയായി നിറവേറ്റിയപ്പോൾ, അത് പ്രതീക്ഷയറ്റ ഒരു നാടിന്റെ രക്ഷയായി. അന്ന് തെറ്റിദ്ധരിക്കപ്പെട്ട് എംഎൽഎയെ വിമർശിച്ച പലരും, കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടുകണ്ട് ക്ഷമാപണം നടത്തിയപ്പോൾ, അവരെ എംഎൽഎ ആശ്വസിപ്പിച്ച് ചേർത്തുപിടിക്കുന്ന കാഴ്‌ചയാണ് കാണുന്നത് .
1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച കാലം മുതൽ പെരിയാർ ടൈഗർ റിസർവ്വിൽ ഉൾപ്പെട്ടിരുന്ന സ്ഥലങ്ങളാണ് എയ്ഞ്ചൽവാലിയും, പമ്പാവാലിയും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയതിനു ശേഷം മാത്രമാണ് ഈ പിശക് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത് . 2023 ജനുവരി നാലാം തീയതി എംഎൽഎ മുഖ്യമന്ത്രിയെയും, വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ച് നിവേദനം നൽകിയതിനെ തുടർന്നാണ് ജനുവരി 19-)o തീയതി സംസ്ഥാന വനം -വന്യജീവി ബോർഡിന്റെ യോഗത്തിൽ പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും പമ്പാവാലിയെയും, എയ്ഞ്ചൽവാലിയെയും ഒഴിവാക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഈ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം- വന്യജീവി ബോർഡിന്റെ അംഗീകാരം ആവശ്യമുള്ളതിനാൽ ഒഴിവാക്കേണ്ട പ്രദേശങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളുടെയും വസ്തുതാപരമായ വിവരശേഖരണം നടത്തി പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് കേന്ദ്ര-വനം വന്യജീവി ബോർഡിന് സമർപ്പിക്കുകയുണ്ടായി.
എന്നാൽ ചില സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേന്ദ്രത്തിൽ നിന്നും പ്രസ്തുത പ്രൊപ്പോസൽ തിരികെ അയക്കുകയാണ് ഉണ്ടായത്. ഇതേ
തുടർന്ന് വീണ്ടും സംസ്ഥാന വനം -വന്യജീവി ബോർഡിന്റെ യോഗം വിളിച്ചുചേർത്ത് കേന്ദ്രത്തിൽ നിന്നും ആവശ്യപ്പെട്ട പ്രകാരമുള്ള തിരുത്തലുകൾ വരുത്തി പ്രൊപ്പോസൽ പുനസമർപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യമന്ത്രിയെയും, .വനം വകുപ്പ് മന്ത്രിയെയും കണ്ട് ചർച്ച നടത്തിയതിന്റെ വെളിച്ചത്തിൽ സംസ്ഥാന വനം-വന്യജീവി ബോർഡ് 05.10.2024 ശനിയാഴ്ച അടിയന്തരമായി ഓൺലൈനായി യോഗം ചേരുകയും, പ്രസ്തുത യോഗത്തിൽ കേന്ദ്ര വനം- വന്യജീവി ബോർഡ് ആവശ്യപ്പെട്ട പ്രകാരമുള്ള ശുപാർശകൾ കൂടി നൽകി പമ്പാവാലിയെയും, എയ്ഞ്ചൽവാലിയെയും പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കുകയും, പുതുക്കിയ പ്രൊപ്പോസൽ 09.10.2024 ൽ ചേരുന്ന കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുകയും, ഇത് ഏകോപിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് നെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിലേക്ക് അയച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും 09.10.2024 ൽ ചേർന്ന കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ മീറ്റിംഗിൽ അഡീഷണൽ അജണ്ടയായി സംസ്ഥാനം പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും ഒഴിവാക്കാൻ തീരുമാനമെടുത്ത പമ്പാവാലി എയ്ഞ്ചൽ വാലി, പ്രദേശങ്ങളുടെ വിഷയങ്ങൾ കേന്ദ്ര വനം- വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് വരികയും, സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനങ്ങൾക്ക് കേന്ദ്രം In-Principle Approval നൽകുകയും ചെയ്തു.
ഇനി അവശേഷിക്കുന്നത് തീരുമാനത്തോടൊപ്പം സമർപ്പിച്ച വസ്തുതകളും, സ്ഥിതി വിവരങ്ങളും കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ പ്രതിനിധികൾ പരിശോധിക്കുകയും തുടർന്ന് അടുത്ത കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ യോഗത്തിന് ശേഷം ജനവാസ മേഖലകളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.
വനമേഖലയിലും, മലയോര മേഖലയിലും ഉള്ള ജനങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനും, അവരുടെ സുരക്ഷിതത്വവും, ക്ഷേമവും, വികസനവും ഉറപ്പുവരുത്താൻ ആത്മാർത്ഥമായ പരിശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന എംഎൽഎയ്ക്ക് പൂർണ പിന്തുണയുമായി നിരവധിപേരാണ് ഒപ്പമുള്ളത് . ബഫർസോൺ വിഷയം , പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം, വന്യജീവി ആക്രമണം, കൈവശം ഭൂമിക്ക് പട്ടയം നൽകൽ, പട്ടയ ഭൂമിയിലെ മരം മുറിക്കൽ തുടങ്ങിയ മലയോരമേഖലയിലെ എല്ലാ വിഷയങ്ങളിലും അതിശക്തമായ കർഷകാനുകൂല നിലപാടുകളും, ഇടപെടലുകളും നടത്തിയിട്ടുള്ള പൂഞ്ഞാർ എംഎൽഎ അടവ് സെബാസ്റ്റ്യൻ കുളത്തുങ്കൽ , ഒട്ടുവളരെ കാര്യങ്ങളിൽ കർഷകർക്ക് അനുകൂലമായ നടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ട് .
പമ്പാവാലിയും, എയ്ഞ്ചൽ വാലിയും പെരിയാർ ടൈഗർ റിസർവിൽ നിന്നും പൂർണമായും ഒഴിവാകുന്നത്തോടെ അദ്ദേഹത്തിന്റെ കിരീടത്തിലെ ഒരു പൊൻ തൂവലായി അത് മാറുകയാണ് .